സംശയാസ്‌പദമായതെല്ലാം ബ്ലോക്ക് ചെയ്യും; ഉപയോക്താക്കൾക്കായി ആന്‍റി-സ്‍പാം സുരക്ഷ അവതരിപ്പിച്ച് ബി‌എസ്‌എൻ‌എൽ

Published : Aug 15, 2025, 09:09 AM IST
BSNL

Synopsis

രാജ്യവ്യാപകമായി നെറ്റ്‌വർക്ക്-സൈഡ് ആന്‍റി-സ്‌പാം, ആന്‍റി-സ്‌മിഷിംഗ് പരിരക്ഷ വിന്യസിക്കാന്‍ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റ‍ഡ്

ദില്ലി: പൊതുമേഖലാ ടെലികോം കമ്പനിയായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ) തങ്ങളുടെ ഒമ്പത് കോടിയിലധികം വരുന്ന മൊബൈൽ വരിക്കാർക്കായി നെറ്റ്‌വർക്ക് അധിഷ്ഠിത ആന്‍റി-സ്‌പാം, ആന്‍റി-സ്‍മിഷിംഗ് പരിരക്ഷകൾ പുറത്തിറക്കി. രാജ്യവ്യാപകമായി നെറ്റ്‌വർക്ക്-സൈഡ് ആന്‍റി-സ്‌പാം, ആന്‍റി-സ്‌മിഷിംഗ് പരിരക്ഷ നടപ്പിലാക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു. ഒരുതരം സൈബർ ആക്രമണമാണ് സ്‌മിഷിംഗ്. സാമ്പത്തിക നഷ്‌ടത്തിലേക്കോ ഐഡന്‍റിറ്റി മോഷണത്തിലേക്കോ നയിച്ചേക്കാവുന്ന സെൻസിറ്റീവ് വിവരങ്ങൾ വെളിപ്പെടുത്താൻ ടെക്സ്റ്റ് സന്ദേശങ്ങൾ ഉപയോഗിച്ച് ഉപയോക്താക്കളെ വശീകരിക്കാൻ സ്‍കാമർമാർ ഈ രീതി ഉപയോഗപ്പെടുത്തുന്നു.

ഹൈദരാബാദ് ആസ്ഥാനമായുള്ള ടാൻല പ്ലാറ്റ്‌ഫോമുകൾ വികസിപ്പിച്ചെടുത്ത ഈ ആന്‍റി-സ്‌പാം, ആന്‍റി-സ്‌മിഷിംഗ് പരിരക്ഷകൾ നെറ്റ്‌വർക്കിൽ സ്ഥിരമായി സജീവമാക്കിയിരിക്കുന്നു. ഇതിനായി പ്രത്യേക മൊബൈൽ ആപ്ലിക്കേഷനോ സെറ്റിംഗ്‍സുകളിൽ മാറ്റമോ ആവശ്യമില്ല. എസ്എംഎസിലെ സംശയാസ്‍പദവും ഫിഷിംഗ് യുആർഎല്ലുകളും ഉടൻ കണ്ടെത്തുകയും നെറ്റ്‌വർക്ക് എഡ്‍ജിൽ ബ്ലോക്ക് ചെയ്യുകയും ചെയ്യുന്നു. അതിനാൽ വ്യാജ ലിങ്കുകൾ ബി‌എസ്‌എൻ‌എൽ ഉപയോക്താക്കളിലേക്ക് എത്തുന്നത് തടയുന്നു. അതേസമയം ടെലികോം അതോറിറ്റിയായ ട്രായിയുടെ ഡി‌എൽ‌ടി/യു‌സി‌സി ചട്ടക്കൂടിന് കീഴിൽ നിയമാനുസൃതമായ ഒ‌ടി‌പികൾ, ബാങ്കിംഗ് അലേർട്ടുകൾ, സർക്കാർ സന്ദേശങ്ങൾ എന്നിവ തുടർന്നും ലഭിക്കുന്നു.

2024ലെ ഇന്ത്യ മൊബൈൽ കോൺഗ്രസിൽ ഈ ആന്‍റി സ്‍പാം പ്രൊട്ടക്ഷൻ പ്രിവ്യു ചെയ്‍തിരുന്നു. ഇപ്പോൾ ബി‌എസ്‌എൻ‌എൽ സർക്കിളുകളിൽ ഉടനീളം ഇത് വ്യാപിപ്പിക്കുകയാണ്. നേരത്തെ സ്വകാര്യ ടെലികോം കമ്പനികളായ ഭാരതി എയർടെല്ലും വോഡഫോൺ ഐഡിയയും അവരുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) അധിഷ്ഠിത ആന്‍റി-സ്‌പാം പരിഹാരങ്ങൾ പുറത്തിറക്കിയിരുന്നു.

ഇന്ത്യ ആസ്ഥാനമായുള്ള ഒരു പ്രമുഖ ക്ലൗഡ് കമ്മ്യൂണിക്കേഷൻസ് പ്ലാറ്റ്‌ഫോമായ ടാൻലയുമായി ചേർന്ന് നിർമ്മിച്ച ഈ സിസ്റ്റം, AI/ML, NLP, റെപ്യൂട്ടേഷൻ ഇന്‍റിലിജൻസ്, ലിങ്ക് എക്സ്റ്റൻഷൻ എന്നിവ സംയോജിപ്പിച്ച് സന്ദേശങ്ങൾ ലൈൻ-റേറ്റിൽ സ്കോർ ചെയ്യുന്നു. കൂടാതെ അനാവശ്യ വാണിജ്യ ആശയവിനിമയങ്ങൾ തടയുന്നതിന് ഇൻഡസ്ട്രി ബ്ലോക്ക്‌ചെയിൻ ഡിഎൽടി സ്റ്റാക്കുമായി സംയോജിച്ച് പ്രവർത്തിക്കുന്നു. ഈ സാങ്കേതികവിദ്യ സ്‍മിഷിംഗിനെതിരെ 99 ശതമാനത്തിലധികം ഫലപ്രാപ്‍തിക്ക് പേരുകേട്ടതാണ്. സ്‍പാം സന്ദേശങ്ങളും കോളുകളും നിയന്ത്രിക്കുന്നതിനായി ഈ വർഷം ഫെബ്രുവരിയിൽ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ടെലികോം കൊമേഴ്‌സ്യൽ കമ്മ്യൂണിക്കേഷൻസ് കസ്റ്റമർ പ്രിഫറൻസ് റെഗുലേഷൻസ് (TCCCPR), 2018 ഭേദഗതി ചെയ്‌തിരുന്നു.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'സീറോ ഡേ' ആക്രമണം തുടങ്ങി, ഫോൺ അപ്‍ഡേറ്റ് ചെയ്തില്ലെങ്കിൽ കാത്തിരിക്കുന്നത് മുട്ടൻ പണി, മുന്നറിയിപ്പുമായി കമ്പനികൾ
കുറ്റക്കാർ 'ആപ്പിളെ'ന്ന് കോടതി, ആശ്വാസത്തിൽ ആപ്പിൾ, വഴി തെളിയുന്നത് വൻ കമ്മീഷന്