ചക്ക പ്രമേഹരോഗം തടയുമോ?; സത്യം ഇതാണ്

By Web DeskFirst Published Mar 29, 2018, 11:00 PM IST
Highlights
  • കേരളത്തിന്‍റെ ഔദ്യോഗിക ഫലമാണ് ഇപ്പോള്‍ ചക്ക
  • ചക്കയുടെ അധികം ചര്‍ച്ചയാകാത്ത ആരോഗ്യ ഗുണം

കേരളത്തിന്‍റെ ഔദ്യോഗിക ഫലമാണ് ഇപ്പോള്‍ ചക്ക. ചക്കയുടെ പ്രധാന ആരോഗ്യഗുണങ്ങളില്‍ ഒന്നായി പറയുന്നതാണ് ചക്ക പ്രമേഹത്തിന് നല്ലതാണെന്ന്. ശരിയാണോ ഈ അനുമാനം. എന്നാല്‍ 2016 ല്‍ ഈ കാര്യത്തില്‍ സിഡ്നി സര്‍വകലാശാലയില്‍ നടന്ന പഠനങ്ങള്‍ ചില വസ്തുതകള്‍ നിരത്തുന്നുണ്ട്. 

പ്രമേഹം കുറയ്ക്കാന്‍ ചക്കയ്ക്ക് കഴിവുണ്ട്. എന്നാല്‍ ഇത് പഴുത്ത ചക്കയെ അല്ല ഉദ്ദേശിക്കുന്നത് എന്ന് വ്യക്തം. പച്ചച്ചക്കയോ, അത്  പുഴുക്കാക്കിയോ, മറ്റേതെങ്കിലും വിഭവമായോ കഴിച്ചാല്‍ പ്രമേഹം കുറയും. ധാന്യങ്ങളെക്കാള്‍ ഇതില്‍ അന്നജം 40% കുറവാണ് ചക്കയില്‍.കാലറിയും ഏതാണ്ട് 3540% കുറവ്. പ്രമേഹം കുറയ്ക്കുന്ന മറ്റൊരു ഘടകവും പച്ചച്ചക്കയിലുണ്ട് നാരുകള്‍. നാരുകളാവട്ടെ (ഡയറ്ററി ഫൈബര്‍) ധാന്യങ്ങളിലേതിന്റെ മൂന്നിരട്ടിയാണുതാനും. ഈ നാരുകള്‍ ഭക്ഷണത്തിലെ ഗ്ലൂക്കോസിന്റെ അമിതാഗിരണത്തെ തടയും. പച്ചച്ചക്കയില്‍ ഗ്ലൈസീമിക് ഇന്‍ഡക്‌സ് കുറവാണ്. അതുകൊണ്ട് ഇടിച്ചക്ക, പച്ചച്ചക്കയുടെ പുഴുക്ക് എന്നിവ പ്രമേഹ രോഗികള്‍ക്ക് കഴിക്കാം. 

നാരുകള്‍മൂലം വയറു നിറയുന്നതിനാല്‍ കൂടുതല്‍ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാം. പ്രമേഹ സങ്കീര്‍ണതകളായ ന്യൂറോപ്പതി, റെറ്റിനോപ്പതി, നെഫ്രോപ്പതി തുടങ്ങിയ അനുബന്ധ രോഗങ്ങളെ ചക്കയിലെ ആന്റി ഓക്‌സിഡന്റുകള്‍ തടയും

അതേ സമയം തന്നെ പ്രമേഹ രോഗികള്‍ പഴുത്ത ചക്ക കഴിക്കുന്നത് ഒഴിവാക്കണം. പഴുത്ത ചക്കയില്‍ ഫ്രെക്ടോസ്, സുക്രോസ് എന്നിവ കൂടുതലായിരിക്കും. ഇതുമൂലം രക്തത്തിലെ പഞ്ചസാരയുടെ അളവു കൂടുകയും പ്രമേഹം കൂടുകയും ചെയ്യും. പച്ചച്ചക്കയെ അപേക്ഷിച്ച് പഴുത്ത ചക്കയില്‍ പഞ്ചസാരയുടെ അളവ് പതിന്‍മടങ്ങാണ്. 

click me!