റെഡ്‌മി നോട്ട് 15 5ജി, റെഡ്‌മി പാഡ് 2 പ്രോ എന്നിവ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഇവയുടെ ക്യാമറ, ബാറ്ററി, ചിപ്പ്, ഡിസ്‌പ്ലെ മുതലായ സവിശേഷതകളും വിലയും വിശദമായി നല്‍കുന്നു.
ദില്ലി: ചൈനീസ് സ്‌മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ റെഡ്‌മി അവരുടെ റെഡ്‌മി നോട്ട് 15 5ജി (Redmi Note 15 5G), റെഡ്‌മി പാഡ് 2 പ്രോ (Redmi Pad 2 Pro) എന്നിവ ഇന്ത്യയില്‍ പുറത്തിറക്കി. 5,520 എംഎഎച്ച് ബാറ്ററി കപ്പാസിറ്റിയും 108-മെഗാപിക്‌സല്‍ റിയര്‍ ക്യാമറയും സഹിതമാണ് റെഡ്‌മി നോട്ട് 15 5ജി സ്‌മാര്‍ട്ട്ഫോണ്‍ ഇന്ത്യന്‍ വിപണിയിലെത്തിയത്. അതേസമയം, റെഡ്‌മി പാഡ് 2 പ്രോ 5ജി 12,000 എംഎഎച്ചിന്‍റെ കരുത്തുറ്റ ബാറ്ററി, സ്‌നാപ്‌ഡ്രാഗണ്‍ 7എസ് ജെന്‍ 4 സോക് എന്നിവ സഹിതമുള്ളതാണ്. ഇരു ഡിവൈസുകളുടെയും സവിശേഷതകളും വിലയും വിശദമായി അറിയാം.
റെഡ്‌മി നോട്ട് 15 5ജി സവിശേഷതകള്‍
റെഡ്‌മി നോട്ട് 15 5ജി സ്‌മാര്‍ട്ട്‌ഫോണ്‍ വൃത്താകൃതിയിലുള്ള ക്യാമറ മൊഡ്യൂള്‍ സഹിതമുള്ളതാണ്. 7.35 എംഎം മാത്രം കനമുള്ള ഈ ഫോണിന് സുരക്ഷയ്‌ക്ക് ഐപി66 റേറ്റിംഗാണ് ലഭിച്ചിരിക്കുന്നത്. 3,200 നിറ്റ്‌സും 120 ഹെര്‍ട്‌സും സവിശേഷതകളുള്ള 6.77 ഇഞ്ച് കര്‍വ്‌ഡ് അമോലെഡ് ഡിസ്‌പ്ലെ, ഇന്‍-ഡിസ്‌പ്ലെ ഫിംഗര്‍പ്രിന്‍റ് സെന്‍സര്‍, ക്വാല്‍കോമിന്‍റെ സ്‌നാപ്‌ഡ്രാഗണ്‍ 6 ജെന്‍ 3 ചിപ്പ്‌സെറ്റ്, യുഎഫ്‌എസ് 2.2 സ്റ്റോറേജ്, 108-മെഗാപിക്‌സല്‍ പ്രധാന ക്യാമറ, 8എംപി അള്‍ട്രാവൈഡ് ക്യാമറ, 30 ഫ്രെയിം പെര്‍ സെക്കന്‍ഡില്‍ 4കെ റെക്കോര്‍ഡിംഗ്, ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍, സെല്‍ഫിക്കും വീഡിയോ കോളിംഗിനുമായി 20-മെഗാപിക്‌സല്‍ സെന്‍സര്‍, 5,520 എംഎഎച്ച് ബാറ്ററി, 45വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗ് എന്നിവയാണ് റെഡ്‌മി നോട്ട് 15 5ജിയുടെ പ്രധാന ഫീച്ചറുകള്‍. ജനുവരി 9ന് റെഡ്‌മി നോട്ട് 15 5ജിയുടെ വില്‍പന തുടങ്ങും. റെഡ്‌മി നോട്ട് 15ന്‍റെ 8 ജിബി/128 ജിബി വേരിയിന്‍റിന് 22,999 രൂപയും 8 ജിബി/256 ജിബി ബേസ് മോഡലിന് 24,999 രൂപയുമാണ് വില. 3,000 രൂപയുടെ ബാങ്ക് ഓഫര്‍ ലഭിക്കുമെന്നും ഷവോമി അറിയിച്ചു.
റെഡ്‌മി പാഡ് 2 പ്രോ സവിശേഷതകളും വിലയും
610 ഗ്രാം ഭാരവും 7.5 എംഎം കട്ടിയുമുള്ള റെഡ്‌മി പാഡ് 2 പ്രോ ചതുരാകൃതിയിലുള്ളതാണ്. 12,000 എംഎഎച്ചിന്‍റെ കരുത്തുറ്റ ബാറ്ററി ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഈ ബാറ്ററിക്കൊപ്പം 33 വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗാണ് റെഡ്‌മി നല്‍കുന്നത്. 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റിലുള്ള 12.1 ക്യുഎച്ച്‌ഡി+ ഡിസ്‌പ്ലെ അടങ്ങിയിരിക്കുന്ന റെഡ്‌മി പാഡ് 2 പ്രോയില്‍ ഡോള്‍ബി അറ്റ്‌മോസ് പിന്തുണയും ക്വാഡ്-സ്‌പീക്കര്‍ സംവിധാനവുമുണ്ട്. സ്‌നാപ്‌ഡ്രാഗണ്‍ 7എസ് ജെന്‍ 4 സോക് 5ജി പിന്തുണയിലാണ് റെഡ്‌മി പാഡ് 2 പ്രോ ഒരുക്കിയിരിക്കുന്നത്. റെഡ്‌മി പാഡ് 2 പ്രോയുടെ വൈ-ഫൈ പിന്തുണയുള്ള 8 ജിബി + 128 ജിബി അടിസ്ഥാന വേരിയന്‍റിന് 24,999 രൂപയും ഇതേ സവിശേഷതകളുള്ള 5ജി കണക്റ്റിവിറ്റി പാഡിന് 27,999 രൂപയുമാണ് വില. 5ജി നെറ്റ്‌വര്‍ക്ക് പിന്തുണയ്‌ക്കുന്ന 8 ജിബി + 256 ജിബി മുന്തിയ മോഡലിന് 29,999 രൂപയാകും. ജനുവരി 12 മുതല്‍ റെഡ്‌മി പാഡ് 2 പ്രോ ഇന്ത്യയില്‍ ലഭ്യമാകും. 2,000 രൂപയുടെ ബാങ്ക് ഓഫര്‍ റെഡ്‌മി പ്രഖ്യാപിച്ചിട്ടുണ്ട്.



