
സാന്‍ ഫ്രാന്‍സിസ്‌കോ: ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന എഐ ചാറ്റ്‌ബോട്ടായ ചാറ്റ്‌ജിപിടി സേവനം ആഗോളതലത്തില്‍ തടസപ്പെട്ടു. ഇന്ന് ഇന്ത്യന്‍ സമയം ഉച്ചയ്‌ക്ക് പന്ത്രണ്ടരയോടെയാണ് ചാറ്റ്‌ജിപിടിയില്‍ പ്രവേശിക്കാന്‍ യൂസര്‍മാര്‍ക്ക് കഴിയാതെ വന്നത്. ഇത് സംബന്ധിച്ച് ആയിരക്കണക്കിന് പരാതികള്‍ ഡൗണ്‍ ഡിറ്റക്‌റ്ററില്‍ രേഖപ്പെടുത്തി. പ്രശ്‌നം ചാറ്റ്‌ജിപിടിയുടെ നിര്‍മ്മാതാക്കളായ ഓപ്പണ്‍എഐ സ്ഥിരീകരിച്ചെങ്കിലും പരിഹരിച്ചോ എന്ന് വ്യക്തമാക്കിയിട്ടില്ല.
ഇന്ന് ഇന്ത്യന്‍ സമയം ഉച്ചയ്‌ക്ക് 12.25നാണ് ചാറ്റ്‌ജിപിടി ആക്‌സസ് പല ഉപഭോക്താക്കള്‍ക്കും തടസം നേരിട്ട് തുടങ്ങിയത്. ചാറ്റ്‌ജിപിടിയില്‍ ലോഗിന്‍ ചെയ്യാനോ സേവനങ്ങള്‍ ഉപയോഗിക്കാനോ യൂസര്‍മാര്‍ക്ക് കഴിയാതെ വരികയായിരുന്നു. 12.56 ആയപ്പോഴേക്ക് പ്രശ്‌നം സങ്കീര്‍ണമാവുകയും കൂടുതല്‍ ചാറ്റ്‌ജിപിടി ഉപഭോക്താക്കള്‍ പരാതികള്‍ ഡൗണ്‍ഡിറ്റക്‌റ്ററില്‍ രേഖപ്പെടുത്തുകയും ചെയ്‌തു. ചാറ്റ്ജിപിടിയില്‍ പ്രവേശിക്കാന്‍ കഴിയുന്നില്ല എന്നായിരുന്നു ഉപഭോക്താക്കളുടെ പരാതികളില്‍ ഏറെയും. എല്ലാ പ്ലാറ്റ്‌ഫോമുകളിലും ചാറ്റ്‌ജിപിടി സേവനം തടസപ്പെട്ടു. ചാറ്റ്‌ജിപിടി ഉപഭോക്താക്കള്‍ ഭാഗികമായ തടസമാണ് നേരിടുന്നത് എന്നാണ് ഓപ്പണ്‍എഐയുടെ ആദ്യ പ്രതികരണം. എന്നാല്‍ എന്താണ് ചാറ്റ്‌ജിപിടിയിലെ പ്രശ്‌നത്തിന് കാരണമായതെന്നോ, എത്ര യൂസര്‍മാരെ ബാധിച്ചിട്ടുണ്ടെന്നോ, പ്രശ്‌നം പരിഹരിച്ചതായോ ചാറ്റ്‌ജിപിടി അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.
ചാറ്റ്‌ജിപിടി സേവനം ലഭിക്കുന്നില്ലെന്ന് ഇന്ത്യക്ക് പുറമെ അമേരിക്കയിലും യുകെയിലുമുള്ള ഉപഭോക്താക്കളും പരാതികള്‍ ഡൗണ്‍ഡിറ്റക്‌റ്ററില്‍ റിപ്പോര്‍ട്ട് ചെയ്‌തു. ചാറ്റ്ജിപിടിയില്‍ പ്രവേശിക്കാന്‍ കഴിയുന്നില്ലെന്ന് എക്‌സിലും നിരവധി യൂസര്‍മാര്‍ പരാതിപ്പെട്ടു. ചാറ്റ്‌ജിപിടിയെ കളിയാക്കി ഏറെ മീമുകളും എക്‌സില്‍ പ്രത്യക്ഷപ്പെട്ടു. ഇക്കഴിഞ്ഞ ചൊവ്വാഴ്‌ച പുലര്‍ച്ചെ 2.40നും സമാനമായി ചാറ്റ്‌ജിപിടി ഔട്ടേജ് നേരിട്ടിരുന്നു എന്നാണ് രാജ്യാന്തര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ജൂലൈ മാസം മാത്രം രണ്ടുവട്ടം ചാറ്റ്‌ജിപിടി സേവനങ്ങള്‍ ആഗോള വ്യാപകമായി തടസം നേരിട്ടിരുന്നു.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം