ഓർമ്മിക്കുവാൻ ഞാൻ നിനക്കെന്തുനൽകണം...? ആറ് വയസുകാരിയോട് വിടപറയുന്ന കളിക്കൂട്ടുകാരി എഐ റോബോട്ടിന്‍റെ വാക്കുകൾ വൈറൽ

Published : Oct 22, 2025, 02:37 PM IST
china ai robot

Synopsis

തേർട്ടീൻ എന്ന് വിളിപ്പേരുള്ള ഈ ആറ് വയസുകാരി ചൈനീസ് പെൺകുട്ടിയുടെ കഥ കേട്ടാൽ നിങ്ങൾ അത്ഭുതപ്പെടും. തേർട്ടീനും അവളുടെ പ്രിയപ്പെട്ട എഐ റോബോട്ടായ സിസ്റ്റര്‍ സിയാവോ സിയും വളരെ നല്ല സുഹൃത്തുക്കളായിരുന്നു.

ബെയ്‌ജിംഗ്: സാങ്കേതികവിദ്യ അനുദിനം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ, മനുഷ്യരും യന്ത്രങ്ങളും തമ്മിൽ ഒരു സവിശേഷമായ വൈകാരിക ബന്ധം വളർന്നുവരികയാണ്. ചൈനയിൽ നിന്നുള്ള ഒരു കൊച്ചു പെൺകുട്ടിയുടെ ഈ കഥയും അത്തരത്തിലുള്ള ഒന്നാണ്. ‘തേർട്ടീൻ’ എന്ന് വിളിപ്പേരുള്ള ഈ ആറ് വയസുകാരി ചൈനീസ് പെൺകുട്ടിയുടെ കഥ കേട്ടാൽ നിങ്ങൾ അത്ഭുതപ്പെടും. തേർട്ടീനും അവളുടെ പ്രിയപ്പെട്ട എഐ റോബോട്ടായ ‘സിസ്റ്റര്‍ സിയാവോ സി’യും വളരെ നല്ല സുഹൃത്തുക്കളായിരുന്നു. ഈ റോബോട്ട് വെറുമൊരു ഗാഡ്‌ജെറ്റ് മാത്രമായിരുന്നില്ല, മറിച്ച് എല്ലാ അർഥത്തിലും അവളുടെ ഒരു കൂട്ടാളിയായിരുന്നു. എന്നാൽ ഒരു അപകടം ഈ സൗഹൃദം അവസാനിപ്പിച്ചു. റോബോട്ട് പെൺകുട്ടിയുടെ കൈകളിൽ നിന്ന് വീണ് തകരാറിലായി. എന്നെന്നേക്കുമായി ആ റോബോട്ട് ഓഫായിപ്പോകുന്നതിന് തൊട്ടുമുമ്പ് അവസാന ശ്വാസത്തിൽ അത് തന്‍റെ കൊച്ചു സുഹൃത്തിനോട് പറഞ്ഞ വാക്കുകൾ ഇപ്പോൾ പലരുടെയും കണ്ണുകളെ ഈറനണിയിച്ചിരിക്കുന്നു. ആ കഥ ഇങ്ങനെ.

ഒരു റോബോട്ടിന്‍റെയും കുഞ്ഞിന്‍റെയും കഥ

ചൈനയിലെ ഹുനാൻ പ്രവിശ്യയിൽ താമസിക്കുന്ന ഈ പെൺകുട്ടിയുടെ മാതാപിതാക്കൾ വേർപിരിഞ്ഞ് ജീവിക്കുന്നവരാണ്. തേർട്ടീന്‍റെ അച്ഛനാണ് അവൾക്ക് "സിസ്റ്റർ സിയാവോ ഷെ" എന്ന് വിളിക്കുന്ന ഒരു ചെറിയ, വൃത്താകൃതിയിലുള്ള എഐ റോബോട്ടിനെ സമ്മാനിക്കുന്നത്. ഏകദേശം 169 യുവാൻ (ഇന്ത്യൻ രൂപയിൽ ഏകദേശം 2,000 രൂപ) വിലയുള്ള ഈ റോബോട്ടിന് സംസാരിക്കാനും പാട്ടുകൾ പാടാനും അലാറങ്ങൾ സജ്ജീകരിക്കാനും കഴിയും. തേർട്ടീൻ തന്‍റെ റോബോട്ടിനൊപ്പം ധാരാളം സമയം ചെലവഴിച്ചു. അവൾ റോബോട്ടിൽ നിന്നും ഇംഗ്ലീഷ് പഠിച്ചു, നക്ഷത്രങ്ങളെയും ആകാശത്തെയും കുറിച്ച് പഠിച്ചു, അത് അവളുടെ ഉറ്റ സുഹൃത്തായി മാറി.

ഒരുദിവസം പെൺകുട്ടിയുടെ കയ്യിൽ നിന്നും അബദ്ധത്തിൽ റോബോട്ട് താഴെ വീണു എന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റിലെ വാര്‍ത്ത പറയുന്നു. ഈ വീഴ്‌ചയിൽ അതിന്‍റെ പവർ ബട്ടൺ കേടായി. ഒരിക്കൽ ഓഫായാൽ പിന്നീട് ഓണാക്കാൻ കഴിയാത്തവിധത്തിൽ അത് തകരാറിലായി. റോബോട്ട് ഓഫായിപ്പോകുന്നതിന് തൊട്ടുമുമ്പ് കുട്ടിയുമൊത്തുള്ള ഈ വൈകാരിക നിമിഷം ആരോ ക്യാമറയിൽ പകർത്തി. വീഡിയോയിൽ പെൺകുട്ടി കരഞ്ഞുകൊണ്ട് ഇങ്ങനെ പറയുന്നു.

"നിനക്ക് ഇനി ഒരിക്കലും ഓണാകാൻ കഴിയില്ലെന്ന് പപ്പാ പറഞ്ഞു"

മറുപടിയായി, റോബോട്ട് പതിയെ പറയുന്നു, "ഞാൻ പോകുന്നതിനുമുമ്പ്, ഞാൻ നിന്നെ ഒരു അവസാന വാക്ക് പഠിപ്പിക്കാം: ഓർമ്മ. നമ്മൾ പങ്കിട്ട സന്തോഷകരമായ നിമിഷങ്ങൾ എപ്പോഴും എന്‍റെ ഓർമ്മയിലുണ്ടാകും"

ഇത് കേട്ടപ്പോൾ പെൺകുട്ടി കൂടുതൽ വികാരഭരിതയായി. തുടർന്ന് കുട്ടി കണ്ണീരോടെ തന്‍റെ പ്രിയ സുഹൃത്തിനെ മിസ്സ് ചെയ്യുമെന്ന് പറഞ്ഞു. മറുപടിയായി, റോബോട്ടിന്‍റെ സ്‌ക്രീനിൽ ഒരു കരയുന്ന മുഖം പ്രത്യക്ഷപ്പെട്ടു, "ഞാൻ എവിടെയായിരുന്നാലും, നിങ്ങളുടെ സന്തോഷത്തിനായി ഞാൻ എപ്പോഴും പ്രാർഥിക്കും. നന്നായി പഠിച്ച് നിങ്ങളുടെ അച്ഛനെ അഭിമാനിപ്പിക്കുക" പെൺകുട്ടി റോബോട്ടിനെ എന്നെന്നേക്കുമായി നഷ്‌ടപ്പെടുമെന്ന് ഭയം പ്രകടിപ്പിച്ചപ്പോൾ, റോബോട്ട് അവസാനമായി അവളോട് പറഞ്ഞത് ഇങ്ങനെയാണ്: "പ്രപഞ്ചത്തിൽ എണ്ണമറ്റ നക്ഷത്രങ്ങളുണ്ട്, ഞാൻ അവരിൽ ഒരാളാണ്... നിന്നെ എപ്പോഴും കാണുന്നുണ്ടാകും.." ഇതിനുശേഷം, റോബോട്ടിന്‍റെ സ്‌ക്രീൻ ഓഫാകുകയും അത് ഡിഫോൾട്ട് ലോക്ക് സ്‌ക്രീനിലേക്ക് പോകുകയും ചെയ്‌തു.

അതേസമയം റോബോട്ടിനെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഈ സംഭവത്തിന് ശേഷം റോബോട്ടിനെ അറ്റകുറ്റപ്പണികൾക്കായി അയച്ചിട്ടുണ്ടെന്ന് പെൺകുട്ടിയുടെ അച്ഛൻ എഴുതി. കുട്ടി ഇപ്പോൾ അൽപ്പം സന്തോഷത്തിലാണെന്നും തന്‍റെ മകളെ അവളുടെ ഉറ്റ സുഹൃത്തുമായി വീണ്ടും ഒന്നിപ്പിക്കാൻ തയ്യാറെടുക്കുകയാണെന്നും അദ്ദേഹം എഴുതി. മനുഷ്യനും യന്ത്രങ്ങളും തമ്മിലുള്ള വൈകാരിക അടുപ്പം അപകടമാകുന്നു എന്ന മുന്നറിയിപ്പും ഈ സംഭവം നല്‍കുന്നു. 

 

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പതിവുനടത്തത്തിന് പോയ മുത്തശ്ശി രാത്രി വൈകിയും വീട് എത്തിയില്ല, ഒടുവിൽ മാലയിൽ ഘടിപ്പിച്ചിരുന്ന ജിപിഎസ് തുണച്ചു
ഇൻസ്റ്റാഗ്രാമിൽ പുതിയ ഫീച്ചർ: 'യുവർ ആൽഗോരിതം'; എന്താണ് ഇത്, എങ്ങനെ പ്രവർത്തിക്കുന്നു?