
കാലിഫോര്‍ണിയ: ബഹിരാകാശത്ത് ചരിത്രം സൃഷ്‍ടിച്ച് ഇലോൺ മസ്‌കിന്‍റെ കമ്പനിയായ സ്‌പേസ് എക്‌സ്. സ്റ്റാർലിങ്ക് ഉപഗ്രഹ ഇന്‍റര്‍നെറ്റ് പദ്ധതിക്കായി സ്പേസ് എക്‌സ് വിക്ഷേപിച്ച ഉപഗ്രങ്ങളുടെ എണ്ണം പതിനായിരം പിന്നിട്ടു. 28 സ്റ്റാർലിങ്ക് ഇന്‍റർനെറ്റ് ഉപഗ്രഹങ്ങളെയും വഹിച്ചുകൊണ്ട് ഒക്ടോബർ 19-ന് കാലിഫോർണിയയിലെ വാൻഡൻബർഗ് സ്‌പേസ് ഫോഴ്‌സ് ബേസിൽ നിന്ന് ഫാൽക്കൺ 9 റോക്കറ്റ് കുതിച്ചുയര്‍ന്നതോടെയാണ് സ്‌പേസ് എക്‌സ് പ്രധാന നാഴികക്കല്ലുകൾ പിന്നിട്ടത്. ഇതിൽ ഭ്രമണപഥത്തിലെത്തിയ 10,000-ാമത്തെ സ്റ്റാർലിങ്ക് ഉപഗ്രഹവും ഉൾപ്പെടുന്നു.
ടിൻടിൻ എ, ടിൻടിൻ ബി എന്നീ രണ്ട് പ്രോട്ടോടൈപ്പ് ഉപഗ്രഹങ്ങളുമായി 2018-ൽ ആരംഭിച്ച സ്റ്റാർലിങ്ക് നെറ്റ്‌വർക്ക് നിലവിൽ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഉപയോക്താക്കൾക്ക് ഉപഗ്രഹ ഇന്‍റര്‍നെറ്റ് സേവനം നൽകുന്നു. ഇതുവരെ വിക്ഷേപിച്ച 10,000 ഉപഗ്രഹങ്ങളിൽ ഏകദേശം 8,608 എണ്ണം ഇപ്പോഴും പ്രവർത്തനക്ഷമമാണ്. ഓരോ ഉപഗ്രഹത്തിനും ഏകദേശം അഞ്ച് വർഷത്തെ ആയുസ്സുണ്ട്. സ്റ്റാർലിങ്ക് ഉപഗ്രഹസമൂഹം അതിവേഗം വികസിപ്പിക്കുകയാണ് സ്‌പേസ് എക്‌സ്. 2024 ൽ കമ്പനി 89 സ്റ്റാർലിങ്ക് ദൗത്യങ്ങൾ നടത്തി. ഈ വർഷം ഇതിനകം ആ സംഖ്യ മറികടന്നു. ബഹിരാകാശത്ത് 12,000 ഉപഗ്രഹങ്ങൾ വിന്യസിക്കാനുള്ള അനുമതിയാണ് സ്‌പേസ് എക്‌സിന് ഇതുവരെ ലഭിച്ചിരിക്കുന്നത്. സ്റ്റാർലിങ്ക് കോൺസ്റ്റലേഷനിൽ ആകെ 30,000-ത്തിലധികം ഉപഗ്രഹങ്ങൾ വിന്യസിക്കാനാണ് സ്പേസ് എക്‌സിന്‍റെ പദ്ധതി. ഓഗസ്റ്റിൽ പുറത്തിറങ്ങിയ ഏറ്റവും പുതിയ വരിക്കാരുടെ എണ്ണം സംബന്ധിച്ച കണക്കുകൾ പ്രകാരം, സ്റ്റാർലിങ്ക് ഏഴ് ദശലക്ഷത്തിലധികം വരിക്കാർക്ക് ഇന്‍റർനെറ്റ് കണക്റ്റിവിറ്റി നൽകുന്നു. ലോകമെമ്പാടും സാറ്റ്‌ലൈറ്റുകള്‍ വഴി താങ്ങാനാവുന്ന വിലയിൽ അതിവേഗ ബ്രോഡ്‌ബാന്‍ഡ് ഇന്‍റർനെറ്റ് നൽകുക എന്നതാണ് മസ്‌കിന്‍റെ ലക്ഷ്യം.
സ്റ്റാർലിങ്ക് കോൺസ്റ്റലേഷനിൽ ബ്രോഡ്‌ബാൻഡ് ഉപഗ്രഹങ്ങളും ഡയറക്‌ട്-ടു-സെൽ സേവനത്തിനായി 650-ലധികം ഉപഗ്രഹങ്ങളും ഉൾപ്പെടുന്നു. കഴിഞ്ഞ മാസം എക്കോസ്റ്റാറിൽ നിന്ന് വാങ്ങിയ മൊബൈൽ സാറ്റ്‌ലൈറ്റ് സർവീസ് (എംഎസ്എസ്) സ്പെക്‌ട്രം പ്രയോജനപ്പെടുത്തി ഡയറക്‌ട്-ടു-ഡിവൈസ് മൊബൈല്‍ സേവനം നല്‍കുന്നതിനായി 15,000 പുതിയ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ അനുമതി ആവശ്യപ്പെട്ട് എഫ്‌സിസിയിൽ സ്‌പേസ് എക്‌സ് അപേക്ഷ നൽകിയിട്ടുണ്ട്.