സെര്‍വറുകള്‍ മുങ്ങാംകുഴിയിടും; കടലിനടിയിൽ ഡാറ്റാ സെന്‍റര്‍ സ്ഥാപിക്കാന്‍ ചൈന

Published : Oct 07, 2025, 11:39 AM IST
underwater measuring statio

Synopsis

പരമ്പരാഗത ഡാറ്റാ സെന്‍ററുകൾ സെര്‍വറുകള്‍ തണുപ്പിക്കുന്നതിനായി ധാരാളം ഊർജ്ജം ഉപയോഗിക്കുന്നതാണ് കടലിനടിയില്‍ ‍ഡാറ്റാ സെന്‍റര്‍ സ്ഥാപിക്കാന്‍ ചൈനയെ പ്രേരിപ്പിക്കുന്നത്. എന്നാല്‍ ഇതിന് വലിയ വെല്ലുവിളികളുണ്ടുതാനും. 

ഷാങ്ഹായ്: ഡാറ്റാ സെന്‍ററുകളുടെ വൻതോതിലുള്ള ഊർജ്ജ ഉപഭോഗം കുറയ്ക്കുന്നതിനും അവയുടെ പാരിസ്ഥിതിക ആഘാതം കുറയ്ക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഒരു നീക്കത്തിന്‍റെ ഭാഗമായി ഷാങ്ഹായ്ക്ക് സമീപമുള്ള കടലിൽ സെർവർ കാപ്സ്യൂളുകൾ സ്ഥാപിക്കാൻ ചൈന പദ്ധതിയിടുന്നു. ചൈനീസ് മറൈൻ എക്യുപ്മെന്‍റ് കമ്പനിയായ ഹൈലാൻഡറും സർക്കാർ ഉടമസ്ഥതയിലുള്ള നിർമ്മാണ കമ്പനികളും ചേർന്ന് വികസിപ്പിച്ചെടുക്കുന്ന ഈ നൂതന പദ്ധതി, പരമ്പരാഗത ഡാറ്റാ സെന്‍ററുകളുടെ വൻതോതിലുള്ള ഊർജ്ജ ഉപഭോഗം പരിഹരിക്കാൻ ലക്ഷ്യമിടുന്നു. പുതിയ ഡാറ്റാ സെന്‍റര്‍ സൗകര്യം ഒക്ടോബർ പകുതിയോടെ വെള്ളത്തിനടിയിൽ സ്ഥാപിതമാകും. കൂടാതെ ചൈന ടെലികോം, സർക്കാർ ഉടമസ്ഥതയിലുള്ള ഒരു എഐ കമ്പ്യൂട്ടിംഗ് കമ്പനി തുടങ്ങിയ ക്ലയന്‍റുകൾക്ക് ഈ ഡാറ്റാ സെന്‍ററിന്‍റെ പ്രയോജനം ലഭിക്കും.

കടലിലെ ഡാറ്റാ സെന്‍ററിന്‍റെ ഗുണങ്ങൾ

പരമ്പരാഗത ഡാറ്റാ സെന്‍ററുകൾ സെര്‍വറുകള്‍ തണുപ്പിക്കുന്നതിനായി ധാരാളം ഊർജ്ജം ഉപയോഗിക്കുന്നു. എയർ കണ്ടീഷനിംഗ് ഉപയോഗിച്ചോ ജല ബാഷ്‌പീകരണം വഴിയോ ആയിരിക്കും ഈ തണുപ്പിക്കൽ. അതേസമയം അണ്ടർവാട്ടർ ഡാറ്റാ സെന്‍റർ അതിന്‍റെ സെർവറുകളെ തണുപ്പിക്കാൻ സമുദ്രപ്രവാഹങ്ങളെ ഉപയോഗപ്പെടുത്തും. അണ്ടർവാട്ടർ ഡാറ്റാ സെന്‍ററുകള്‍ക്ക് നിരവധി ഗുണങ്ങളുണ്ട് എന്ന് ഹൈലാൻഡറിന്‍റെ വൈസ് പ്രസിഡന്‍റ് യാങ്‌-യെ പറഞ്ഞു. അണ്ടർവാട്ടർ സൗകര്യങ്ങൾക്ക് തണുപ്പിക്കുന്നതിനുള്ള ഊർജ്ജ ഉപഭോഗത്തിന്‍റെ ഏകദേശം 90 ശതമാനം ലാഭിക്കാൻ കഴിയും എന്നും അദേഹം കൂട്ടിച്ചേർത്തു.

സാങ്കേതിക വെല്ലുവിളികൾ എന്തായിരിക്കും?

അതേസമയം, കടലിൽ ഒരു ഡാറ്റാ സെന്‍റർ സ്ഥാപിക്കുക എളുപ്പമുള്ള കാര്യമല്ല. ഉപ്പുവെള്ളത്തിൽ നിന്ന് സെർവറുകളെ സംരക്ഷിക്കുക, നാശവും കേടുപാടുകളും തടയുക, അറ്റകുറ്റപ്പണികൾക്കായി പ്രധാന കാപ്സ്യൂളിനെയും മുകൾഭാഗത്തെയും ബന്ധിപ്പിക്കുന്നതിന് ഒരു ലിഫ്റ്റ് സിസ്റ്റം സ്ഥാപിക്കുക, ഓഫ്‌ഷോർ കാറ്റാടിപ്പാടങ്ങളിൽ നിന്ന് ഗ്രിഡിലേക്ക് വൈദ്യുതി എത്തിക്കുക തുടങ്ങിയവ ഉൾപ്പെടെ നിരവധി വെല്ലുവിളികൾ ഇത് ഉയർത്തുന്നു. കടലിലെ ഡാറ്റാ സെന്‍ററുകള്‍ ഉപയോഗിക്കുന്ന ഊർജ്ജത്തിന്‍റെ 95% പുനരുപയോഗ സ്രോതസ്സുകളിൽ നിന്നായിരിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

ഇത് പരിസ്ഥിതിയിൽ എന്ത് ആഘാതം ഉണ്ടാക്കും?

സമുദ്രത്തിലെ ഡാറ്റാ സെന്‍ററുകള്‍ ബഹിര്‍ഗമിക്കുന്ന ചൂട് സമുദ്രജീവികളെ ബാധിച്ചേക്കാം. വ്യാപകമായ താപ മലിനീകരണം സംഭവിക്കാമെന്ന് ചില വിദഗ്‌ധർ മുന്നറിയിപ്പ് നൽകുന്നു. എങ്കിലും, മുൻകാല പരിശോധനകളിൽ ജലത്തിന്‍റെ താപനില സുരക്ഷിതമായ പരിധിക്കുള്ളിലാണെന്ന് കാണിച്ചിരുന്നു.

ഭാവി സാധ്യതകൾ

സമുദ്രത്തിനടിയിലെ ഡാറ്റാ സെന്‍ററുകൾക്ക് കരയിലുള്ള ഡാറ്റാ സെന്‍ററുകൾക്ക് പകരമാകാൻ കഴിയും. ചൈനീസ് സർക്കാർ അത്തരം പദ്ധതികൾക്ക് സബ്‌സിഡി നൽകുന്നു. 2022-ൽ ഹെനാൻ പ്രവിശ്യയിൽ സമാനമായ ഒരു പദ്ധതിക്ക് ഹൈലാൻഡറിന് 40 ദശലക്ഷം യുവാൻ അനുവദിച്ചിരുന്നു ഈ സംരംഭം ഊർജ്ജ കാര്യക്ഷമത വർധിപ്പിക്കാനും പരിസ്ഥിതി ആഘാതം കുറയ്ക്കാനും സഹായിക്കും.

 

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം

Read more Articles on
click me!

Recommended Stories

വീണ്ടും ഒരു റഷ്യ-ഇന്ത്യ റോക്കറ്റ് എൻജിൻ കരാർ, സെമി ക്രയോ എൻജിനുകൾ വാങ്ങാൻ ഐഎസ്ആർഒ
ഐപിഎല്‍ തന്നെ തലപ്പത്ത്, തൊട്ടുപിന്നില്‍ ജെമിനി; ഗൂഗിളില്‍ 2025ല്‍ ഇന്ത്യക്കാര്‍ ഏറ്റവുമധികം തിരഞ്ഞത് ഇവ