
ദില്ലി: ഇന്‍സ്റ്റഗ്രാം മാപ്പ് (Instagram Map) ഫീച്ചര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. അവസാന ലൊക്കേഷന്‍ തെരഞ്ഞെടുത്ത ഫ്രണ്ട്‌സുമായി പങ്കുവെക്കാന്‍ ആഗ്രഹിക്കുന്ന ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ക്ക് ആ പരിസരത്തുള്ള മറ്റ് സുഹൃത്തുക്കളെ കണ്ടെത്താനും, ആ ലൊക്കേഷന്‍ ടാഗ് ചെയ്‌തിട്ടുള്ള പോസ്റ്റുകളും റീലുകളും സ്റ്റോറികളും കാണാനും അനുവദിക്കുന്ന ഫീച്ചറാണിത്. ലൊക്കേഷന്‍ ഷെയറിംഗ് ഓപ്ഷന്‍ എപ്പോള്‍ വേണമെങ്കിലും ഓഫ് ചെയ്യാന്‍ കഴിയും. ഇന്‍സ്റ്റഗ്രാം യുഎസിലും കാനഡയിലും ഓഗസ്റ്റ് മാസം അവതരിപ്പിച്ച ഈ ഫീച്ചര്‍ ചില മാറ്റങ്ങളോടെ ഇപ്പോഴാണ് ഇന്ത്യന്‍ യൂസര്‍മാര്‍ക്ക് ലഭ്യമായത്. ലൊക്കേഷന്‍ പങ്കിടുമ്പോഴും സ്വകാര്യത ഉറപ്പാക്കുന്നുണ്ടെന്ന് ഇന്‍സ്റ്റഗ്രാം അധികൃതര്‍ വ്യക്തമാക്കി.
ഇന്‍സ്റ്റ സുഹൃത്തുക്കളും ക്രിയേറ്റര്‍മാരും ഇന്‍സ്റ്റഗ്രാം മാപ്പ് ഫീച്ചര്‍ വഴി ഒരു പ്രത്യേക സ്ഥലം/ലൊക്കേഷന്‍ ടാഗ് ചെയ്‌തിട്ടുള്ള പോസ്റ്റുകളും റീലുകളും സ്റ്റോറികളും നിങ്ങള്‍ക്ക് എളുപ്പം കാണാനാകും. സുഹൃത്തുക്കളുമായി കണക്റ്റ് ചെയ്യാനുള്ള പുതിയ മാര്‍ഗം എന്നാണ് ഇന്‍സ്റ്റഗ്രാം അധികൃതര്‍ ഈ ഫീച്ചറിനെ വിശേഷിപ്പിക്കുന്നത്. ഇന്‍സ്റ്റഗ്രാം ഉപഭോക്താക്കള്‍ക്ക് അവരുടെ ലൊക്കേഷന്‍ ആക്‌റ്റീവാണോ അല്ലയോ എന്നറിയാന്‍ കഴിയുന്ന ഒരു സൂചന മാപ്പിന്‍റെ മുകള്‍ഭാഗത്ത് ദൃശ്യമാകും. ലൊക്കേഷന്‍ ഷെയറിംഗ് ഡിസേബിള്‍ ചെയ്‌തിട്ടുണ്ടെങ്കില്‍ അത് നോട്‌സ് ട്രേയില്‍ പ്രൊഫൈല്‍ ഫോട്ടോയുടെ താഴെയായും കാണാം.
ലൊക്കേഷനുകൾ ടാഗ് ചെയ്യുന്നതും ലൈവ് ലൊക്കേഷനുകൾ പങ്കിടുന്നതും തമ്മിലുള്ള ആശയക്കുഴപ്പവും ഇൻസ്റ്റഗ്രാം പരിഹരിക്കുന്നു. പോസ്റ്റുകളില്‍ ലൊക്കേഷന്‍ ടാഗ് ചെയ്യുന്നതിലൂടെ ലൈവ് ലൊക്കേഷന്‍ ദൃശ്യമാകും എന്നാണ് പലരും കരുതിയിരുന്നത്. എന്നാല്‍ ഒരു ലൊക്കേഷന്‍ ടാഗ് ചെയ്യുക വഴി മറ്റൊരാള്‍ക്ക് അയാളുടെ ലൈവ് ലൊക്കേഷന്‍ ലഭ്യമാകില്ലെന്ന് ഇന്‍സ്റ്റ അധികൃതര്‍ പറയുന്നു. ഒരു ഇന്‍സ്റ്റ ഉപയോക്താവ് അയാളുടെ സ്റ്റോറിയിലോ റീലിലോ പോസ്റ്റിലോ ലൊക്കേഷന്‍ ടാഗ് ചെയ്യുമ്പോള്‍ അത് എങ്ങനെയാണ് മേപ്പില്‍ കാണുകയെന്നതിന്‍റെ പ്രിവ്യൂ ഇന്‍സ്റ്റഗ്രാം ഇപ്പോള്‍ കാണിക്കും. ലൊക്കേഷന്‍ ടാഗുകള്‍ കാണിക്കുന്നതില്‍ കൂടുതല്‍ നിയന്ത്രണം ഇത് കൊണ്ടുവരുമെന്നാണ് അനുമാനം.
ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ക്ക് എപ്പോള്‍ വേണമെങ്കില്‍ മാപ്പ് സെറ്റിംഗില്‍ മാറ്റങ്ങള്‍ വരുത്താം. അതായത് ലൊക്കേഷന്‍ ഷെയറിംഗ് എപ്പോള്‍ വേണമെങ്കിലും ഓഫാക്കുകയോ ഓണാക്കുകയോ ചെയ്യാം. ഏതൊക്കെ സുഹൃത്തുക്കള്‍ ലൊക്കേഷന്‍ കാണണം എന്നും തിരഞ്ഞെടുക്കാം. ലൊക്കേഷന്‍ ഷെയറിംഗ് മ്യൂച്ചല്‍ ഫോളോവേഴ്‌സിന് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ലൊക്കേഷന്‍ ഷെയറിംഗ് സ്റ്റാറ്റസ് മൂന്ന് ഐക്കണുകളിലൂടെ അറിയാം.
ബ്ലൂ ആരോ: ലൊക്കേഷന്‍ ഷെയറിംഗ് ഇനാബിളാണ്.
റെഡ് ഡോട്ട്: ലൊക്കേഷന്‍ ഷെയറിംഗ് ഓഫ്.
ഓറഞ്ച് ട്രയാംഗിള്‍: ലൊക്കേഷന്‍ അനുമതികള്‍ നല്‍കേണ്ടതുണ്ട്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം