നിരീക്ഷണ ക്യാമറകളെ കബളിപ്പിക്കാനുള്ള 'ഇന്‍വിസ് ഡിഫെന്‍സ് കോട്ടുമായി' ചൈനീസ് വിദ്യാര്‍ത്ഥികള്‍

Published : Dec 07, 2022, 05:07 PM IST
നിരീക്ഷണ ക്യാമറകളെ കബളിപ്പിക്കാനുള്ള 'ഇന്‍വിസ് ഡിഫെന്‍സ് കോട്ടുമായി' ചൈനീസ് വിദ്യാര്‍ത്ഥികള്‍

Synopsis

ശരീരത്തിലെ താപനില അനുസരിച്ച് ആളുകളെ തിരിച്ചറിയുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് രീതിയേയാണ് ഇന്‍വിസ് ഡിഫെന്‍സ് കോട്ട് കബളിപ്പിക്കുന്നത്

ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന നിരീക്ഷണ ക്യാമറകളെ കബളിപ്പിക്കാനുള്ള സംവിധാനവുമായി ചൈനീസ് വിദ്യാര്‍ത്ഥികള്‍. പ്രത്യേകമായി ഡിസൈന്‍ ചെയ്തെടുത്ത ഒരു കോട്ടിലൂടെയാണ് നിരീക്ഷണ ക്യാമറകളെ കബളിപ്പിക്കാന്‍ സാധിക്കുക. ശരീരത്തിലെ താപനില അനുസരിച്ച് ആളുകളെ തിരിച്ചറിയുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് രീതിയേയാണ് വിദ്യാര്‍ത്ഥികള്‍ പറ്റിക്കുന്നത്. ഇന്‍വിസ് ഡിഫെന്‍സ് എന്നാണ് ഈ കോട്ടിന് നല്‍കിയിരിക്കുന്ന പേര്. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ നിരീക്ഷണ ക്യാമറകളില്‍ നിന്ന് മറയ്ക്കാന്‍ ഈ കോട്ടിന് കഴിയുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

മനുഷ്യ നേത്രങ്ങള്‍ക്ക് ഈ കോട്ട് കാണാനാവുമെങ്കിലും നിരീക്ഷണ ക്യാമറകള്‍ക്ക് കോട്ട് ധരിച്ചയാളെ കാണാനാവുമെങ്കിലും അത് മനുഷ്യനാണോയെന്ന് തിരിച്ചറിയാന്‍ സാധിക്കില്ലെന്നതാണ്  ഇന്‍വിസ് ഡിഫെന്‍സിന്‍റെ പ്രത്യേകത. കോട്ടിനുള്ളില്‍ ക്രമീകരിച്ചിരിക്കുന്ന താപനില മാറ്റാനുള്ള ഡിസൈന്‍ സംവിധാനമാണ് ക്യാമറകളെ പറ്റിക്കാന്‍ സഹായിക്കുന്നത്. വുഹാന്‍ സര്‍വ്വകലാശാലയിലെ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥികളാണ് കണ്ടെത്തലിന് പിന്നില്‍. വാംഗ് ഷെഗ് എന്ന പ്രൊഫസറിന് കീഴിലുള്ള ഗവേഷക വിദ്യാര്‍ത്ഥികളാണ് കണ്ടെത്തല്‍ നടത്തിയത്. നിലവില്‍ റോഡിലും സ്മാര്‍ട്ട് കാറിലും എല്ലാം ഉള്ള ക്യാമറകള്‍ക്ക് മനുഷ്യനെ തിരിച്ചറിയാന്‍ സാധിക്കും. റോഡിലെ പ്രതിബന്ധങ്ങളും സൈഡിലൂടെ നടന്ന് പോവുന്ന മനുഷ്യരേയുമെല്ലാം ക്യാമറകള്‍ക്ക് തിരിച്ചറിയാനാവും. എന്നാല്‍ ഇന്‍വിസ് ഡിഫെന്‍സ് കോട്ട് ധരിച്ചവര്‍ ക്യാറക്കണ്ണില്‍ പതിയുമെങ്കിലും കോട്ടിനുള്ളിലുള്ളത് മനുഷ്യനാണോയെന്ന് നിര്‍വ്വചിക്കാനാവില്ല എന്നാണ് കണ്ടെത്തലിനേക്കുറിച്ച് സൌത്ത് ചൈന മോണിംഗ് പോസ്റ്റിലുള്ള റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കോട്ടിനുള്ളിലെ പ്രത്യേകമായി ഡിസൈന്‍ ചെയ്ത കാമോഫ്ലാഗ് പാറ്റേണാണ് ഇതിന് സഹായിക്കുന്നത്. സാധാരണ നിലയില്‍ സര്‍വയലന്‍സ് ക്യാമറകള്‍ മനുഷ്യനെ തിരിച്ചറിയുന്നത് ചലനങ്ങള്‍ നിരീക്ഷിച്ചും ശരീരത്തിന്‍റെ കോണ്ടൂര്‍ നിരീക്ഷിച്ചുമാണ്. ഇന്‍ഫ്രാറെഡ് തെര്‍മല്‍ ഇമേജിംഗ് നടത്തുന്ന ക്യാമറയെ  രാത്രി സമയത്ത് ഈ കോട്ട് അസാധാരണമായ നിലയില്‍ താപനില സൃഷ്ടിച്ചാണ് പറ്റിക്കുന്നത്.  പകല്‍ സമയത്ത് കാമോഫ്ലാഗ് ഡിസൈനാണ് ഈ ദൌത്യം നിര്‍വ്വഹിക്കുന്നത്. വീ ഹൂയ് എന്ന ഗവേഷക വിദ്യാര്‍ത്ഥിയാണ് കോട്ടിന് അടിസ്ഥാനമായ കോര്‍ അല്‍ഗോരിതം തയ്യാറാക്കിയത്. 70 യുഎസ് ഡോളറാണ് കോട്ടിനുള്ള വിലയെന്നാണ് ഗവേഷക വിദ്യാര്‍ത്ഥികള്‍ പ്രതികരിക്കുന്നത്.  യുദ്ധമേഖലകളില്‍ അടക്കം ഡ്രോണ്‍ ക്യാമറകളെ കബളിപ്പിക്കാന്‍ ഈ സംവിധാനം സഹായിക്കുമെന്നാണ് വിദ്യാര്‍ത്ഥികള്‍ വിശദമാക്കുന്നത്. ഡ്രോണ്‍ ആക്രമണങ്ങളെ ശക്തമായ രീതിയില്‍ പ്രതിരോധിക്കാന്‍ ഇന്‍വിസ് ഡിഫെന്‍സ് കോട്ട് സഹായിക്കുമെന്നും സംഘം പറയുന്നു. 

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ അശ്ലീല സന്ദേശങ്ങൾ പോസ്റ്റ് ചെയ്‌താൽ ക്രിമിനൽ കുറ്റം ചുമത്താം: ഹൈക്കോടതി
ഐക്യു 15ആര്‍ ഉടന്‍ ഇന്ത്യന്‍ വിപണിയില്‍, വരുന്നത് 200എംപി ക്യാമറ സഹിതം?