
ന്യൂജേഴ്‌സി: ജോലിക്കിടയില്‍ ജീവനക്കാരുടെ ഡിജിറ്റൽ പ്രവർത്തനങ്ങൾ കൂടുതൽ സൂക്ഷ്‍മമായി നിരീക്ഷിക്കാൻ ഐടി ഭീമനായ കോഗ്നിസന്‍റ് ഇപ്പോൾ തയ്യാറെടുക്കുകയാണ്. ഇതിനായി, ലാപ്‌ടോപ്പുകളിലെ ഓരോ ക്ലിക്കിനെയും ചലനത്തെയും ട്രാക്ക് ചെയ്യുന്ന പ്രോഹാൻസ് (ProHance) എന്ന വർക്ക്ഫോഴ്‌സ് പ്രൊഡക്‌ടിവിറ്റി ടൂൾ കമ്പനി ഉപയോഗിക്കും.
മൗസ്, കീബോർഡ് പ്രവർത്തനങ്ങൾ ഈ ടൂൾ രേഖപ്പെടുത്തുകയും സിസ്റ്റങ്ങൾ എത്ര സമയം നിഷ്‌ക്രിയമായി ഇരിക്കുന്നു എന്നതിന്‍റെ അടിസ്ഥാനത്തിൽ ആളുകളെ വിലയിരുത്തുകയും ചെയ്യുന്നുവെന്ന് പരിശീലന മൊഡ്യൂൾ വിശദീകരിക്കുന്നു. കമ്പനിയുടെ പുതിയ നയം അനുസരിച്ച്, 300 സെക്കൻഡ് അഥവാ അഞ്ച് മിനിറ്റ് മൗസോ കീബോർഡോ പ്രവർത്തിച്ചില്ലെങ്കിൽ ജീവനക്കാരനെ 'നിഷ്‌ക്രിയൻ' എന്ന് അടയാളപ്പെടുത്തും. ലാപ്‌ടോപ്പ് 15 മിനിറ്റ് നിഷ്‌ക്രിയമായി തുടരുകയാണെങ്കിൽ, 'സിസ്റ്റത്തിൽ നിന്ന് അകലെ' എന്നായിരിക്കും അടയാളപ്പെടുത്തുക. കഴിഞ്ഞ ഒരു മാസമായി കോഗ്നിസന്‍റ് ജീവനക്കാർക്കായി ഈ മാറ്റങ്ങൾ ക്രമേണ നടപ്പിലാക്കിയിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ.
അതേസമയം നിരീക്ഷണവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടിയായി, ജീവനക്കാരുടെ പെർഫോമൻസ് വിലയിരുത്തലിനായി ഈ ഡാറ്റ ഉപയോഗിക്കില്ലെന്ന് കോഗ്നിസന്‍റ് കമ്പനി വ്യക്തമാക്കി. ഈ സംവിധാനം ജീവനക്കാരെ വിലയിരുത്താനല്ല മറിച്ച് ക്ലയന്‍റ് പ്രക്രിയകൾ മനസിലാക്കാനും പ്രവർത്തനം കണ്ടെത്താനുമാണെന്ന് കോഗ്നിസന്‍റ് വ്യക്തമാവ് പറയുന്നു. ജീവനക്കാർ സമ്മതം നൽകിയാൽ മാത്രമേ ട്രാക്കിംഗ് നടക്കൂ എന്ന് കമ്പനി പറയുന്നു. എങ്കിലും പ്രോഹാൻസ് പരിശീലന മൊഡ്യൂൾ നിർബന്ധമാക്കിയിരുന്നു എന്നാണ് റിപ്പോർട്ടുകൾ. പരിശീലനത്തിനിടെ ജീവനക്കാരോട് "ഞാൻ സമ്മതിക്കുന്നു" എന്ന് ക്ലിക്ക് ചെയ്യണമെന്ന് നിർബന്ധിച്ചുവെന്നും ഇതിനെ നിർബന്ധിത സമ്മതം എന്ന് പല ജീവനക്കാരും വിശേഷിപ്പിച്ചു എന്നുമാണ് റിപ്പോർട്ടുകൾ.
പ്രോഹാൻസ് പോലെയുള്ള പ്രൊഡക്‌ടിവിറ്റി ടൂളുകൾ സാധാരണയായി ഒരു ഉപയോക്താവ് എപ്പോൾ ലോഗിൻ ചെയ്യുന്നു, ഏതൊക്കെ ആപ്പുകൾ തുറന്നിരിക്കുന്നു, വ്യത്യസ്‍ത ജോലികൾക്കായി എത്ര സമയം ചെലവഴിക്കുന്നു തുടങ്ങിയ കാര്യങ്ങൾ കാണിക്കുന്നു. ഇതൊരു സാധാരണ പ്രവൃത്തി ദിവസത്തിന്റെ മിനിറ്റ് ബൈ ഇമേജ് സൃഷ്‍ടിക്കുന്നു. അതേസമയം കോഗ്നിസന്‍റ് മാത്രമല്ല ഇത്തരം പൊഡക്റ്റിവിറ്റി ടൂളുകൾ ഉപയോഗിക്കുന്നത്. വിപ്രോ ഉൾപ്പെടെയുള്ള നിരവധി വലിയ ഐടി സ്ഥാപനങ്ങളും സമാനമായ പ്രൊഡക്റ്റിവിറ്റി ടൂളുകൾ ഉപയോഗിക്കുന്നുണ്ടെന്നും ഐടി മേഖലയിൽ ഹൈബ്രിഡ്, വർക്ക് ഫ്രം ഹോം മോഡലുകൾ സ്വീകരിച്ച് തുടങ്ങിയതിനെത്തുടർന്നാണ് ഇത്തരത്തിലുള്ള നിരീക്ഷണ സംവിധാനങ്ങൾ അതിവേഗം വളരുന്നത് എന്നുമാണ് റിപ്പോർട്ടുകൾ.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം