
ദില്ലി: സാറ്റ്‌ലൈറ്റ് അധിഷ്‍ഠിത ഇന്‍റർനെറ്റ് സേവനദാതാക്കളായ ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക് ഇന്ത്യയിലെ രണ്ട് പ്രമുഖ മൊബൈൽ കമ്പനികളായ എയർടെൽ, റിലയൻസ് ജിയോ എന്നിവരുമായി കരാർ ഒപ്പിട്ടതിനെ ചൊല്ലി വിവാദം കടുക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സമ്മർദം കാരണമാണ് സ്റ്റാർലിങ്കിനെ ഇതുവരെ എതിർത്തവർ പെട്ടെന്ന് കരാറുണ്ടാക്കിയതെന്ന് കോൺഗ്രസ് ആരോപിച്ചു. സ്റ്റാർലിങ്കിനെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്തുള്ള ട്വീറ്റ് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് വിവാദത്തെ തുടർന്ന് ഡിലീറ്റ് ചെയ്തു.
ഇന്ത്യക്കെതിരായ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് ഭീഷണി തുടരുമ്പോണ് ഇലോൺ മസ്കിന്റെ സ്റ്റാർ ലിങ്കിന് ഇന്ത്യയിലെത്താൻ തത്വത്തിൽ അനുമതി നൽകിയത്. 24 മണിക്കൂറിനിടെ രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികളായ ജിയോയും, എയർടെലും സ്റ്റാർലിങ്കുമായി കരാറിലേർപ്പെട്ടത് വ്യവസായ രംഗത്തെ ഞെട്ടിച്ചിരിക്കുകയാണ്.
കോടികൾ മുടക്കി സ്പെക്ട്രം ലേലത്തിലൂടെ സ്വന്തമാക്കിയ കമ്പനികൾക്ക് സ്റ്റാർലിങ്ക് വരുന്നത് വലിയ ഭീഷണിയാകുമെന്നായിരുന്നു വിലയിരുത്തൽ. ഇത്രയും കാലം സ്റ്റാർലിങ്കിന്റെ ഇന്ത്യയിലേക്കുള്ള വരവിനെ എതിർത്ത രണ്ട് കമ്പനികളാണ് പെട്ടെന്ന് കരാറിലേർപ്പെടാൻ തയാറായത്. ഇത് എന്തുകൊണ്ടെന്ന ചോദ്യത്തോട് സർക്കാരോ കമ്പനികളോ പ്രതികരിച്ചിട്ടില്ല. കരാറിന് പിന്നിൽ പ്രധാനമന്ത്രിയാണെന്നാണ് കോൺഗ്രസ് ആരോപണം. താരിഫ് ഭീഷണി തുടരുന്ന ട്രംപിനെ പ്രീതിപ്പെടുത്താനുള്ള തന്ത്രമാണിതെന്നും കോൺഗ്രസ് ആരോപിച്ചു.
അതേസമയം സ്റ്റാർലിങ്കിനെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്തുള്ള ട്വീറ്റ് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് ഡിലീറ്റ് ചെയ്തു. ഉൾനാടുകളിലെ റെയിൽവേ പ്രൊജക്ടുകൾക്ക് അടക്കം സൗകര്യം ഗുണമാകുമെന്ന കുറിപ്പോടെയായിരുന്നു ട്വീറ്റ്. എന്നാൽ ട്വീറ്റ് അൽപസമയത്തിനകം മന്ത്രി ഡിലീറ്റ് ചെയ്തു. സാധാരണ നീണ്ട പരിശോധനകൾക്കും, അന്വേഷണത്തിനും ശേഷമാണ് ആശയവിനിമയ രംഗത്ത് വിദേശ കമ്പനികൾക്ക് അനുമതി നൽകാറുള്ളത്. കമ്പനികൾ ഒപ്പു വച്ച കരാറിലും സ്റ്റാർലിങ്ക് സർക്കാരിന്റെ അനുമതി വാങ്ങണം എന്ന വ്യവസ്ഥയുണ്ട്. അനുമതി കിട്ടിയോ എന്ന് വ്യക്തമാകാത്തപ്പോഴാണ് മന്ത്രി സ്റ്റാർലിങ്കിനെ സ്വാഗതം ചെയ്തു കൊണ്ടുള്ള ട്വീറ്റ് നൽകിയത്. രാജ്യസുരക്ഷയുമായി ബന്ധപ്പട്ട വിഷയങ്ങളിലടക്കം ആർക്കാണ് ഉത്തരവാദിത്വം എന്നതിലും വ്യക്തയില്ലാത്തത് വരും ദിവസങ്ങളിൽ പ്രതിഷേധത്തിനിടയാക്കും.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam