കേരളത്തിലെ വാനക്രൈ സൈബര്‍ ആക്രമണം

By Vipin PanappuzhaFirst Published May 15, 2017, 6:51 AM IST
Highlights

തിരുവനന്തപുരം: ലോകത്ത് നിരവധി കമ്പ്യൂട്ടറുകളെ തകറാറിലാക്കിയ സൈബർ ആക്രമണം കേരളത്തിലും. വയനാട്ടിലും പത്തനംതിട്ടയിലും 'വാന ക്രൈ' എന്ന വൈറസിന്‍റെ ആക്രമണത്തിൽ പഞ്ചായത്ത് ഓഫീസിലെ കമ്പ്യൂട്ടര്‍ സംവിധാനം തകർന്നു. വൈറസ് ആക്രമണം ഭയന്ന് ചില ബാങ്കുകൾ എടിഎമ്മുകൾ അടച്ചിട്ടു. മൈക്രോസോഫ്ടിന്‍റെ വിൻഡോസ് എക്സ്.പി സാങ്കേതികവിദ്യ പുതുക്കിയതിന് ശേഷം മാത്രം എടിഎമ്മുകൾ തുറന്നാൽ മതിയെന്ന് ബാങ്കുകൾക്ക് റിസർവ് ബാങ്ക്, നിർദേശം നൽകി.

150 രാജ്യങ്ങളിലായി രണ്ട് ലക്ഷത്തോളം കമ്പ്യൂട്ടറുകളെ തകരാറിലാക്കിയ റാന്‍സംവേര്‍ ആക്രമണത്തിനാണ് കേരളവും ഇരയായിരിക്കുന്നത്. വയനാട് ജില്ലയിലെ തരിയോട് പഞ്ചായത്തിലെ 4 കന്പ്യൂട്ടറുകളിലാണ് വൈറസ് ആക്രമണമുണ്ടായത്. വിവരങ്ങള്‍ തിരികെ നല്‍കണമെങ്കില്‍ പണം നല്‍കണമെന്നാണ് ആവശ്യം. 

ഇതിന് പിന്നാലെ പത്തനംതിട്ട അരുവാപ്പുലം പഞ്ചായത്തിലും റാന്‍സംവേര്‍ ആക്രമണമുണ്ടായി.   മറ്റ് ചിലയിടത്തും സമാനമായ ആക്രമണമുണ്ടായതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഇതിനിടയില്‍ മൈക്രോസോഫ്ടിന്റെ വിൻഡോസ് എക്സ്പി സാങ്കേതികവിദ്യ പുതുക്കിയതിന് ശേഷം മാത്രം എടിഎമ്മുകൾ തുറന്നാൽ മതിയെന്ന് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം നല്‍കി.  

സൈബർ ആക്രമണത്തിന് കൂടുതലും ഇരയാകുന്നത് എക്സ്പിയാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഇതേതുടര്‍ന്ന് ചില എടിമ്മുകള്‍ പ്രവര്‍ത്തനം നിര്‍ത്തി. വീണ്ടും ആക്രമണം ഉണ്ടായേക്കാനിടയുണ്ടെന്ന വിദഗ്ധരുടെ  മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാരും  പ്രതിരോധ നടപടികള്‍ക്ക് തുടക്കം കുറിച്ചു. 

കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍റ് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയത്തിന് കീഴിലുള്ള  ഇന്ത്യന്‍ കന്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീമിനെയാണ് ഇതിനായി നിയോഗിച്ചിട്ടുള്ളത്. അതേസമയം വെള്ളിയാഴ്ച നടന്ന സൈബര്‍ ആക്രമണത്തിന്‍റെ ആഘാതത്തില്‍ നിന്ന് രാജ്യങ്ങള്‍ ഇതുവരെ മോചിതരായിട്ടില്ല. 

ചൈനയില്‍ മാത്രം 29000 സ്ഥാപനങ്ങള്‍ ബാധിക്കപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. ഇതിനിടയില്‍ രാജ്യങ്ങൾ അലക്ഷ്യമായി വിവരങ്ങൾ സൂക്ഷിച്ചതാണ് സൈബര്‍ ആക്രമണത്തിന് വഴിവച്ചതെന്ന് വിശദീകരണവുമായി സോഫ്റ്റ്‍വെയര്‍ ഭീമന്മാരായ  മൈക്രോസോഫ്റ്റ് രംഗത്തെത്തി .  

click me!