ചന്ദ്രനിൽ മനുഷ്യനിർമിത മാലിന്യങ്ങൾ അടിഞ്ഞുകൂടുന്നത് ആശങ്ക ഉയർത്തുന്നു. അടുത്തിടെ ഫാൽക്കൺ 9 റോക്കറ്റിന്റെ ഭാഗം ചന്ദ്രനിൽ ഇടിച്ചിറങ്ങിയതോടെ, ഇത്തരം സംഭവങ്ങൾ ഭാവിയിലെ ചാന്ദ്രദൗത്യങ്ങൾക്കും ശാസ്ത്രീയ പരീക്ഷണങ്ങൾക്കും ഉയർത്തുന്ന ഭീഷണികളെക്കുറിച്ച് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
മനുഷ്യന്‍റെ ബഹിരാകാശ പര്യവേക്ഷണം പുതിയ ഘട്ടത്തിലേക്ക് കടക്കുന്നതിനിടെ ചന്ദ്രനിൽ അടിഞ്ഞുകൂടുന്ന മനുഷ്യനിർമിത വസ്‍തുക്കൾ ശാസ്ത്രജ്ഞരിൽ ആശങ്ക ഉയർത്തുന്നു. കഴിഞ്ഞ ഓഗസ്റ്റ് 5ന് ഏകദേശം 8,800 പൗണ്ട് അഥവാ 4,000 കിലോഗ്രാം ഭാരമുള്ള ഫാൽക്കൺ 9 റോക്കറ്റിന്റെ ഒരു ഭാഗം ചന്ദ്രനിൽ ഇടിച്ചിറങ്ങിയിരുന്നു. വൻതോതിൽ ചാന്ദ്രധൂളി ഉയർത്തിയ ഈ ഇടിയുടെ ദൃശ്യം ഭൂമിയിൽനിന്നുപോലും നിരീക്ഷിക്കാൻ സാധിച്ചു. ചന്ദ്രന്റെ ഉപരിതലത്തിൽ ഇതിനകം ഏകദേശം 3,000 മനുഷ്യനിർമിത വസ്തുക്കൾ ചിതറിക്കിടക്കുന്നതായാണ് കണക്കുകൾ. ചന്ദ്രപര്യവേക്ഷണം ശക്തമാകുന്നതോടെ ഇത്തരം വസ്‍തുക്കളുടെ എണ്ണം ഇനിയും വർധിക്കാനാണ് സാധ്യത. ചന്ദ്രനെ ബഹിരാകാശ മാലിന്യങ്ങളുടെ ഇടമാക്കി മാറ്റുന്നതിന് മുമ്പ് കൂടുതൽ ഉത്തരവാദിത്തമുള്ള സമീപനം ആവശ്യമാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
ചന്ദ്രനിൽ 200 ടണ്ണോളം മനുഷ്യനിർമിത വസ്‍തുക്കൾ
ബഹിരാകാശയുഗം ആരംഭിച്ചതിനുശേഷം ഏകദേശം 200 ടൺ ഭാരമുള്ള മനുഷ്യനിർമിത വസ്‍തുക്കൾ ചന്ദ്രനിൽ ഉപേക്ഷിക്കുകയോ ഇടിച്ചിറങ്ങുകയോ ചെയ്തിട്ടുണ്ട്. ഇവയിൽ ചരിത്രപ്രാധാന്യമുള്ള നിരവധി വസ്‍തുക്കളുണ്ട്. അമേരിക്കയുടെ ആറ് അപ്പോളോ ദൗത്യങ്ങളിൽ ഉപയോഗിച്ച ഇറക്കുമോഡ്യൂളുകൾ, 1970കളിലെ സോവിയറ്റ് ലുനഖോഡ് റോവറുകൾ, 2010കളിൽ ചൈന ചന്ദ്രനിലെത്തിച്ച യുയുതു 1, യുയുതു 2 റോവറുകൾ എന്നിവ ഇപ്പോഴും ചന്ദ്രോപരിതലത്തിലുണ്ട്. എന്നാൽ ഇവയ്ക്കൊപ്പം ചന്ദ്രനിൽ എത്തേണ്ടതല്ലാതിരുന്ന നിരവധി വസ്തുക്കളും അവിടെയുണ്ട്. ആദ്യകാല ചാന്ദ്രദൗത്യങ്ങൾ മുതൽ ഭൂമിക്കും ചന്ദ്രനും ഇടയിലുള്ള ഭ്രമണപഥങ്ങളിൽ ഉപേക്ഷിക്കപ്പെട്ട നിരവധി റോക്കറ്റ് ഭാഗങ്ങളും മറ്റ് വസ്തുക്കളും പിന്നീട് ചന്ദ്രനിൽ പതിച്ചിരിക്കാമെന്നാണ് ബഹിരാകാശ ചരിത്രകാരനായ ജോനാഥൻ മക്‌ഡൊവലിന്റെ വിലയിരുത്തൽ.
റോക്കറ്റ് ഭാഗങ്ങൾ ചന്ദ്രനിൽ ഇടിച്ചിറങ്ങുന്നു
ഫാൽക്കൺ 9 റോക്കറ്റിന്റെ ഭാഗം ചന്ദ്രനിൽ പതിക്കുന്നതിന് നാല് വർഷം മുമ്പ് ചൈനയുടെ ലോങ് മാർച്ച് 3സി റോക്കറ്റിന്റെ ഒരു ഭാഗവും ചന്ദ്രന്റെ മറുഭാഗത്ത് ഇടിച്ചിറങ്ങിയിരുന്നു. ചന്ദ്രപര്യവേക്ഷണ പ്രവർത്തനങ്ങൾ വർധിക്കുന്നതോടെ ഇത്തരം സംഭവങ്ങൾ ഇനിയും സാധാരണമാകാമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. വിവിധ രാജ്യങ്ങളും സ്വകാര്യ കമ്പനികളും ചന്ദ്രനിലേക്ക് ദൗത്യങ്ങൾ അയയ്ക്കാൻ ആരംഭിച്ചതോടെ ചന്ദ്രന്റെ സമീപപ്രദേശം കൂടുതൽ തിരക്കേറിയിരിക്കുകയാണ്.
“നമ്മൾ ഒരു പരിവർത്തന ഘട്ടത്തിലാണ്,” മക്‌ഡൊവൽ പറഞ്ഞു. അമേരിക്കയും സോവിയറ്റ് യൂണിയനും മാത്രമായി ചന്ദ്രപര്യവേക്ഷണം നടത്തിയിരുന്ന കാലത്ത് നിന്ന് നിരവധി രാജ്യങ്ങളും സ്വകാര്യ കമ്പനികളും സജീവമാകുന്ന ഘട്ടത്തിലേക്ക് ലോകം മാറിയെന്നും എന്നാൽ അതിനനുസരിച്ചുള്ള അന്താരാഷ്ട്ര നിയന്ത്രണ സംവിധാനങ്ങൾ വികസിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചന്ദ്രനിലെ മാലിന്യത്തിന് പ്രത്യേക നിയമമില്ല
ചന്ദ്രനിലെ മനുഷ്യപ്രവർത്തനങ്ങളെ 1967ലെ ഐക്യരാഷ്ട്രസഭയുടെ ബാഹ്യാകാശ ഉടമ്പടി നിയന്ത്രിക്കുന്നുണ്ടെന്ന് റോയൽ ആസ്ട്രോണമിക്കൽ സൊസൈറ്റിയിലെ നയകാര്യ ഉദ്യോഗസ്ഥ മരിയേറ്റ വാൽദിവിയ ലെഫോർട്ട് പറഞ്ഞു. ഉടമ്പടിയിലെ 9-ാം അനുച്ഛേദം ബഹിരാകാശ പര്യവേക്ഷണം 'ഹാനികരമായ മലിനീകരണം ഒഴിവാക്കുന്ന' രീതിയിൽ നടത്തണമെന്ന് രാജ്യങ്ങളോട് ആവശ്യപ്പെടുന്നു. എന്നാൽ ഹാനികരമായ മലിനീകരണം എന്നതിന്റെ കൃത്യമായ നിർവചനം ഉടമ്പടിയിൽ ഇല്ല. ചന്ദ്രനിൽ മാലിന്യങ്ങൾ കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക അന്താരാഷ്ട്ര നിയമമോ സമഗ്രമായ മാലിന്യസംസ്‍കരണ സംവിധാനമോ നിലവിലില്ല. ചന്ദ്രനിൽ എത്ര മാലിന്യം അനുവദിക്കാം എന്നതിന് പരിധിയും നിർദേശിച്ചിട്ടില്ല. ഉപേക്ഷിച്ച എല്ലാ വസ്‍തുക്കളും നീക്കം ചെയ്യണമെന്ന വ്യവസ്ഥയും നിലവിലില്ല.
ചന്ദ്രധൂളി വലിയ പ്രശ്‍നമാകാം
ചന്ദ്രന്റെ ഉപരിതല വിസ്‍തീർണം ഏകദേശം 38 ദശലക്ഷം ചതുരശ്ര കിലോമീറ്ററാണ്. ഭൂമിയിലെ ഏറ്റവും വലിയ ഭൂഖണ്ഡമായ ഏഷ്യയുടെ വിസ്‍തീർണവുമായി താരതമ്യം ചെയ്യാവുന്ന വലുപ്പമാണിത്. എന്നാൽ ചന്ദ്രന്റെ ഗുരുത്വാകർഷണം ഭൂമിയുടേതിന്റെ ഏകദേശം 17 ശതമാനം മാത്രമാണ്. അതിനാൽ ഒരു വസ്‍തു ഇടിച്ചിറങ്ങുമ്പോൾ ഉയരുന്ന ചാന്ദ്രധൂളി വളരെ ദൂരത്തേക്ക് സഞ്ചരിക്കുകയും ഏറെ സമയമെടുത്ത് മാത്രമേ താഴേക്ക് അടിയുകയുമുള്ളൂ. ഭാവിയിൽ ചന്ദ്രനിൽ സ്ഥിരം മനുഷ്യവാസകേന്ദ്രങ്ങളും ശാസ്ത്രീയ പരീക്ഷണശാലകളും സ്ഥാപിക്കപ്പെടുമ്പോൾ റോക്കറ്റ് ഭാഗങ്ങൾ നിരന്തരം ചന്ദ്രനിൽ ഇടിച്ചിറങ്ങുന്നത് വലിയ പ്രശ്‍നമാകാം. ഉയരുന്ന ധൂളി ശാസ്ത്രീയ ഉപകരണങ്ങളിൽ അടിഞ്ഞുകൂടുകയോ അതീവ സൂക്ഷ്മമായ പരീക്ഷണങ്ങളെ ബാധിക്കുകയോ ചെയ്യാം.
ശാസ്ത്രീയ തെളിവുകളും നഷ്‍ടപ്പെടാം
ചന്ദ്രനിൽ മനുഷ്യനിർമിത വസ്‍തുക്കൾ എത്തുന്നതും വലിയ റോക്കറ്റ് ഭാഗങ്ങൾ ഇടിച്ചിറങ്ങി പുതിയ ഗർത്തങ്ങൾ രൂപപ്പെടുന്നതും ചന്ദ്രന്‍റെ സ്വാഭാവിക പരിസ്ഥിതിയിൽ മാറ്റങ്ങൾ വരുത്തുന്നു. ചന്ദ്രനിൽ സ്വാഭാവികമായി ഉൽക്കകൾ പതിക്കുകയും അവയുടെ ആഘാതം ചന്ദ്രന്റെ ഭൂമിശാസ്ത്ര ചരിത്രത്തിന്റെ ഭാഗമാകുകയും ചെയ്യുന്നു. ഈ സ്വാഭാവിക ആഘാതങ്ങളെക്കുറിച്ച് പഠിച്ചാണ് ശാസ്ത്രജ്ഞർ ചന്ദ്രന്റെ ചരിത്രം മനസിലാക്കുന്നത്. എന്നാൽ മനുഷ്യനിർമിത വസ്‍തുക്കളുടെ ആവർത്തിച്ചുള്ള ഇടികൾ ചന്ദ്രന്റെ ഭൗതികവും രാസപരവുമായ പരിസ്ഥിതിയിൽ മാറ്റം വരുത്താം. ഇതിലൂടെ ഇതുവരെ പഠിച്ചിട്ടില്ലാത്ത പ്രധാനപ്പെട്ട ശാസ്ത്രീയ തെളിവുകൾ നശിക്കുകയോ മറഞ്ഞുപോകുകയോ ചെയ്യാനുള്ള സാധ്യതയുമുണ്ട്.
ഫാൽക്കൺ 9 ഇടിച്ചത് ഭാഗ്യം കൊണ്ടുമാത്രം?
ഓസ്ട്രേലിയയിലെ ബോണ്ട് സർവകലാശാലയിലെ ബഹിരാകാശ നിയമ വിദഗ്ധൻ ഗ്രിഗറി റാഡിസിക് പറയുന്നത്, ഫാൽക്കൺ 9 ഇടിയുടെ സംഭവം ചന്ദ്രപര്യവേക്ഷണത്തിൽ ഉത്തരവാദിത്തമുള്ള സമീപനത്തെക്കുറിച്ചുള്ള ചർച്ചയ്ക്ക് അവസരം നൽകുന്നതാണെന്നാണ്. റോക്കറ്റ് ഭാഗം പ്രധാനപ്പെട്ട ശാസ്ത്രീയ ഉപകരണത്തിലോ ചരിത്രപ്രാധാന്യമുള്ള സ്ഥലത്തോ പതിക്കാതിരുന്നത് ആസൂത്രണത്തിന്റെ ഫലമല്ലെന്നും ഭാഗ്യം മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വലിയ സാമ്പത്തിക നിക്ഷേപങ്ങളോ മനുഷ്യജീവനുകളോ നഷ്‍ടപ്പെടുമ്പോഴേ ബഹിരാകാശ വ്യവസായം ഇത്തരം അപകടങ്ങളെ ഗൗരവമായി കാണാൻ തുടങ്ങുകയുള്ളൂവെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ശാസ്ത്രീയമോ സൗന്ദര്യപരമോ ആയ മൂല്യം മാത്രം നഷ്ടപ്പെടുന്ന സാഹചര്യത്തിൽ വ്യവസായത്തിന് അത്ര വലിയ സമ്മർദം ഉണ്ടാകണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഫാൽക്കൺ 9 ചന്ദ്രനിലെത്തിയത് എങ്ങനെ?
ചന്ദ്രനിൽ പതിച്ച ഫാൽക്കൺ 9 റോക്കറ്റിന്റെ ഭാഗം 2025 ജനുവരിയിലാണ് ഭൂമിക്ക് ചുറ്റുമുള്ള ഉയർന്ന ഭ്രമണപഥത്തിൽ ഉപേക്ഷിക്കപ്പെട്ടത്. ഫയർഫ്ലൈ എയ്റോസ്പേസിന്റെ ബ്ലൂ ഗോസ്റ്റ്, ഐസ്‌പേസിന്റെ റെസിലിയൻസ് എന്നീ ചാന്ദ്ര ലാൻഡറുകളെ ചന്ദ്രനിലേക്ക് അയച്ചതിന് ശേഷമാണ് റോക്കറ്റ് ഭാഗം അവിടെ ശേഷിച്ചത്. ചന്ദ്രനോട് താരതമ്യേന അടുത്ത ഭ്രമണപഥത്തിലായിരുന്നതിനാൽ ചന്ദ്രന്റെ ഗുരുത്വാകർഷണം പലതവണ ഈ റോക്കറ്റ് ഭാഗത്തെ സ്വാധീനിച്ചു. ഒടുവിൽ അതിന്റെ ഭ്രമണപഥം മാറി ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങുകയായിരുന്നു. ഭൂമിക്കും ചന്ദ്രനും ഇടയിലുള്ള പ്രത്യേക പ്രദേശത്ത് ഒരു വസ്‍തുവിനെ ഉപേക്ഷിച്ചാൽ അതിന്റെ ഭാവി ഭ്രമണപഥം കൃത്യമായി പ്രവചിക്കുന്നത് ബുദ്ധിമുട്ടാണെന്ന് മക്‌ഡൊവൽ വിശദീകരിച്ചു. നിരവധി തവണ ഭ്രമണം ചെയ്യുന്നതിനിടെ ചെറിയ അനിശ്ചിതത്വങ്ങൾ വർധിക്കുകയും ഒടുവിൽ ചന്ദ്രനിലേക്കോ ഭൂമിയിലേക്കോ ഇടിച്ചിറങ്ങുന്ന പാതയിലേക്ക് വസ്‍തു എത്തുകയും ചെയ്യാം.
ഭാവിയിൽ കൂടുതൽ ഉത്തരവാദിത്തം വേണം
2025 ജനുവരിയിലെ വിക്ഷേപണത്തിന് ശേഷം സ്പേസ്‌എക്സ് ചന്ദ്രദൗത്യങ്ങൾക്കായി ഉപയോഗിക്കുന്ന റോക്കറ്റ് ഘട്ടങ്ങളെ സൂര്യനെ ചുറ്റുന്ന കൂടുതൽ അകലെയുള്ള ഭ്രമണപഥത്തിലേക്ക് മാറ്റാൻ ശ്രമിക്കുന്നതായി മക്‌ഡൊവൽ പറഞ്ഞു. ചന്ദ്രപര്യവേക്ഷണം കൂടുതൽ സജീവമാകുന്ന സാഹചര്യത്തിൽ റോക്കറ്റ് ഘട്ടങ്ങൾ ചന്ദ്രനിൽ ഉപേക്ഷിക്കുന്ന നിലവിലെ രീതി മാറുമെന്നാണ് പ്രതീക്ഷ. കൂടുതൽ രാജ്യങ്ങളും സ്വകാര്യ കമ്പനികളും ചന്ദ്രനിലേക്ക് എത്തുന്ന പുതിയ ബഹിരാകാശയുഗത്തിൽ, ചന്ദ്രന്റെ പരിസ്ഥിതി സംരക്ഷിക്കുന്നതിനുള്ള അന്താരാഷ്ട്ര നിയമങ്ങളും മാലിന്യ നിയന്ത്രണ സംവിധാനങ്ങളും രൂപപ്പെടുത്തേണ്ടത് അനിവാര്യമാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

