
കാലിഫോര്‍ണിയ: ചന്ദ്രനിൽ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എഐ) ഉപഗ്രഹങ്ങൾ നിർമ്മിക്കുന്ന ഫാക്‌ടറി സ്ഥാപിക്കാനുള്ള പദ്ധതിയുമായി അമേരിക്കൻ വ്യവസായി ഇലോൺ മസ്‍ക്. ചന്ദ്രനിൽ വച്ച് എഐ ഉപഗ്രഹങ്ങൾ നിർമ്മിക്കാനും അവയെ ബഹിരാകാശത്തിലേക്ക് വിക്ഷേപിക്കാനും ഒരു വൻ ഇലക്‌ട്രോമാഗ്നറ്റിക് കറ്റപൾട്ട് സ്ഥാപിക്കാനുള്ള പദ്ധതിയാണ് മസ്‍ക് മുന്നോട്ടുവച്ചിരിക്കുന്നത്. തന്‍റെ ബഹിരാകാശ കമ്പനിയായ സ്‍പേസ്എക്‌സ് അടുത്തിടെ ഏറ്റെടുത്ത എഐ സ്ഥാപനമായ എക്സ്എഐയിലെ ജീവനക്കാർക്കായി നടത്തിയ യോഗത്തിലാണ് ഈ ആശയം ഇലോൺ മസ്‍ക് പങ്കുവെച്ചത് എന്നാണ് റിപ്പോർട്ടുകള്‍.
രണ്ട് മുതൽ മൂന്ന് വർഷത്തിനുള്ളിൽ എഐ കമ്പ്യൂട്ടിംഗ് ശേഷി ഏറ്റവും കുറഞ്ഞ ചെലവിൽ ലഭ്യമാക്കാൻ കഴിയുന്നത് ബഹിരാകാശത്തിലായിരിക്കും എന്ന് ഇലോണ്‍ മസ്‍ക് പ്രവചിക്കുന്നു. ഭൂമിയിൽ നിന്ന് എഐ ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നത് ഇപ്പോഴത്തെ ലക്ഷ്യമാണെങ്കിലും സ്റ്റാർഷിപ്പ് മെഗാ റോക്കറ്റ് ഉപയോഗിച്ച് ഭാവിയിൽ ചന്ദ്രനിലേക്കും ഗ്രഹങ്ങളിലേക്കും വൻതോതിൽ ചരക്കുകൾ എത്തിക്കാൻ കഴിയും എന്ന് അദേഹം ചൂണ്ടിക്കാട്ടി. ഓർബിറ്റൽ ഇന്ധന കൈമാറ്റം പോലുള്ള സാങ്കേതിക മുന്നേറ്റങ്ങൾ കാരണം സ്റ്റാർഷിപ്പിന് ചന്ദ്രനിൽ വൻ തോതില്‍ ചരക്കുകൾ ഇറക്കാൻ കഴിയും എന്നും അതിലൂടെ ശാസ്ത്രീയവും വ്യാവസായികവുമായ സ്ഥിരതാമസം ചന്ദ്രനില്‍ സാധ്യമാകുമെന്നും മസ്‍ക് പറയുന്നു. ചന്ദ്രനിലെ സിലിക്കൺ, ടൈറ്റാനിയം, അലുമിനിയം, ഇരുമ്പ് തുടങ്ങിയ പ്രകൃതി വിഭവങ്ങൾ ഉപയോഗിച്ച് ഉപഗ്രഹങ്ങൾ നിർമിക്കാനും അവയെ നേരിട്ട് ബഹിരാകാശത്തിലേക്ക് വിക്ഷേപിക്കാനും സാധിക്കും എന്നതാണ് പദ്ധതിയുടെ കേന്ദ്ര ആശയം.
അതേസമയം, ഇലോണ്‍ മസ്‍ക് നിർദ്ദേശിച്ച ഇലക്ട്രോമാഗ്നറ്റിക് മാസ് ഡ്രൈവർ ആശയം പുതിയത് അല്ല. 1974-ൽ തന്നെ ബഹിരാകാശ ശാസ്ത്രജ്ഞനായ ജെറാൾഡ് ഓ നീൽ ഈ ആശയം മുന്നോട്ടുവച്ചിരുന്നു. ജെറാൾഡ് ഓ നീലും മസാച്യുസെറ്റ്‍സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ സഹപ്രവർത്തകനായ ഹെൻറി കോൾമും ഒരുകൂട്ടം വിദ്യാർഥികളും ചേർന്ന് അവരുടെ ആദ്യത്തെ മാസ് ഡ്രൈവർ പ്രോട്ടോടൈപ്പ് നിർമ്മിച്ചു. പിന്നീട് ബഹിരാകാശ പഠന ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ഗ്രാന്‍റുകളുടെ പിന്തുണയോടെ, ഈ സാങ്കേതികവിദ്യ കൂടുതൽ മെച്ചപ്പെടുത്തി. ഏകദേശം 160 മീറ്റർ നീളമുള്ള ഒരു മാസ് ഡ്രൈവർ ചന്ദ്രോപരിതലത്തിൽ നിന്ന് വസ്‌തുക്കൾ ബഹിരാകാശത്തിലേക്ക് വിക്ഷേപിക്കാൻ കഴിയും എന്ന് അവർ തെളിയിച്ചിരുന്നു.
ഇതിനോടൊപ്പം ജനറൽ ആറ്റോമിക്‌സ്ഇലക്ട്രോമാഗ്നറ്റിക് സിസ്റ്റംസിലെ റോബർട്ട് പീറ്റർകിൻ എന്ന വിദഗ്ധൻ ചന്ദ്രനിൽ ഇലക്ട്രോമാഗ്നറ്റിക് വിക്ഷേപണ സംവിധാനം സ്ഥാപിക്കുന്നത് ദേശീയ സുരക്ഷയ്ക്കും സാമ്പത്തിക വളർച്ചയ്ക്കും സഹായകരമാകുമെന്ന് വിലയിരുത്തിയിരുന്നു. 2023-ൽ എയർഫോഴ്‌സ് ഓഫീസ് ഓഫ് സയന്‍റിഫിക് റിസർച്ചിന് സമർപ്പിച്ച റിപ്പോർട്ടിൽ ആണ് ഭൂമിയിൽ നിന്ന് രാസ ഇന്ധനം കൊണ്ടുപോകുന്നതിനേക്കാൾ, ചന്ദ്രനിലെ സൗരോർജ്ജം ഉപയോഗിച്ച് വിക്ഷേപണം നടത്തുന്നത് ചെലവുകുറഞ്ഞ മാർഗമാണെന്ന് റോബർട്ട് പീറ്റർകിൻ വ്യക്തമാക്കിയത്.
വിദഗ്‌ധരുടെ വിലയിരുത്തലുകൾ പ്രകാരം, തുടക്കത്തിൽ ഭൂമിയിൽ നിന്ന് യന്ത്രോപകരണങ്ങൾ എത്തിക്കേണ്ടിവരുമെങ്കിലും, ഭാവിയിൽ ചന്ദ്രനിലെ ജലവും ഖനനം ചെയ്തെടുക്കുന്ന വിഭവങ്ങളും ഉപയോഗിച്ച് ചന്ദ്ര ഭ്രമണപഥത്തിലെ ബഹിരാകാശ പേടകങ്ങൾ പുനഃസ്ഥാപിക്കുന്നതിനും നന്നാക്കുന്നതിനും ഇന്ധനം നിറയ്ക്കുന്നതിനുമൊക്കെ കഴിയും. ഇതുവഴി 'ചന്ദ്ര സാമ്പത്തിക വ്യവസ്ഥ' രൂപംകൊള്ളാനിടയുണ്ടെന്നും വിദഗ്‌ധർ വിലയിരുത്തുന്നു. ബഹിരാകാശ രംഗത്തെ പുതിയ മത്സരത്തിന്‍റെ പശ്ചാത്തലത്തിൽ ഇലോൺ മസ്‍കിന്റെ ഈ നിർദ്ദേശം സാങ്കേതികമായും സാമ്പത്തികമായും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam