ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി അതിബൃഹത്തായ തമോദ്വാരങ്ങളുടെ വളർച്ചയെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ കണ്ടെത്തി. തമോദ്വാരങ്ങൾ പുറന്തള്ളുന്ന വാതകം തണുത്ത് വീണ്ടും അവയിലേക്ക് തന്നെ തിരിച്ചെത്തി 'ഭക്ഷണമായി' മാറുന്ന ഒരു പുനരുപയോഗ ചക്രമാണ് ഈ ദ്രുതഗതിയിലുള്ള വളർച്ചയ്ക്ക് കാരണമെന്ന് പഠനം പറയുന്നു.

പ്രപഞ്ചത്തിലെ ഏറ്റവും വലിയ രഹസ്യങ്ങളിലൊന്നായ അതിബൃഹത്തായ തമോദ്വാരങ്ങളുടെ വളർച്ചയെക്കുറിച്ച് പുതിയ സൂചനകൾ ലഭിച്ചു. ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി (ജെഡബ്ല്യുഎസ്‍ടി) നടത്തിയ നിരീക്ഷണങ്ങളിലൂടെയാണ് തമോദ്വാരങ്ങൾ ചുറ്റുമുള്ള വസ്‍തുക്കളെ എങ്ങനെ ആകർഷിച്ച് വളരുന്നു എന്നതിന്റെ വിശദാംശങ്ങൾ ശാസ്ത്രജ്ഞർക്ക് ലഭിച്ചത്.

സൂര്യന്റെ പിണ്ഡത്തേക്കാൾ ലക്ഷക്കണക്കിന്, പലപ്പോഴും കോടിക്കണക്കിന് മടങ്ങ് വലുപ്പമുള്ള അതിബൃഹത്തായ തമോദ്വാരങ്ങൾ പ്രപഞ്ചത്തിലെ ഭൂരിഭാഗം വലിയ താരാപഥങ്ങളുടെയും കേന്ദ്രത്തിലുണ്ട്. ചില തമോദ്വാരങ്ങൾ ശാന്തമായി തുടരുമ്പോൾ, ചിലത് ചുറ്റുമുള്ള വാതകവും പൊടിയും വൻതോതിൽ വിഴുങ്ങി അതിശക്തമായ ഊർജസ്രോതസ്സുകളായി മാറുന്നു. ഇവയെ സജീവ താരാപഥ കേന്ദ്രങ്ങൾ എന്നാണ് വിളിക്കുന്നത്.

വസ്തുക്കൾ വിഴുങ്ങുന്നതിനൊപ്പം ഈ തമോദ്വാരങ്ങൾ ധ്രുവങ്ങളിൽ നിന്ന് ശക്തമായ വാതക പ്രവാഹങ്ങളും പുറന്തള്ളുന്നു. ഇത് താരാപഥങ്ങളിലെ നക്ഷത്ര രൂപീകരണത്തിന് ആവശ്യമായ വസ്തുക്കളെ പുറത്തേക്ക് തള്ളുകയും പുതിയ നക്ഷത്രങ്ങളുടെ ജനനം തടയുകയും ചെയ്യുന്നു. ഈ പ്രക്രിയ താരാപഥങ്ങളുടെ വളർച്ചയെ പോലും ബാധിക്കുന്നതായി കരുതപ്പെടുന്നു. എന്നാൽ പ്രപഞ്ചം ഒരു ബില്യൺ വർഷം പോലും പ്രായമാകുന്നതിന് മുമ്പ് തന്നെ വൻ തമോദ്വാരങ്ങൾ രൂപപ്പെട്ടതായി ജെഡബ്ല്യുഎസ്ടി കണ്ടെത്തിയത് ശാസ്ത്രജ്ഞരെ അത്ഭുതപ്പെടുത്തിയിരുന്നു. സാധാരണ കണക്കുകൂട്ടലുകൾ പ്രകാരം ഇത്രയും വലുപ്പമുള്ള തമോദ്വാരങ്ങൾ രൂപപ്പെടാൻ ഏറെക്കാലം വേണ്ടിവരും.

ഇതിനൊരു വിശദീകരണം ഇപ്പോൾ ലഭിച്ചിരിക്കുകയാണ്. തമോദ്വാരങ്ങൾ പുറത്തേക്ക് തള്ളുന്ന വാതകം പിന്നീട് തണുത്ത് വീണ്ടും അവയിലേക്ക് തിരിച്ചെത്തുകയും വീണ്ടും 'ഭക്ഷണമായി' മാറുകയും ചെയ്യുന്ന ഒരു സ്വയം നിയന്ത്രിത ചക്രമാണ് നടക്കുന്നതെന്നാണ് പുതിയ പഠനം പറയുന്നത്. വാതകം തണുക്കുമ്പോൾ അത് നീണ്ട നാരുകൾ പോലെയുള്ള ഘടനകളായി മാറുന്നു. ആയിരക്കണക്കിന് പ്രകാശവർഷം നീളമുള്ള ഈ വാതകധാരകൾ വീണ്ടും താരാപഥത്തിന്റെ കേന്ദ്രത്തിലേക്ക് ഒഴുകിയെത്തി തമോദ്വാരത്തിന് ചുറ്റും ഒരു ചുഴിയുള്ള വലയമായി രൂപപ്പെടുന്നു. ഇത് തമോദ്വാരത്തിന് വീണ്ടും വളരാനുള്ള അവസരം നൽകുന്നു.

ഈ പ്രക്രിയ പരിശോധിക്കാൻ ജെയിംസ് വെബ് ടെലസ്‍കോപ്പ് സെന്‍റോറസ് ക്ലസ്റ്ററിലെ എൻജിസി 4696 എന്ന താരാപഥത്തിന്റെ കേന്ദ്രത്തിലെ തമോദ്വാരത്തെ നിരീക്ഷിച്ചു. ഭൂമിയിൽ നിന്ന് ഏകദേശം 14.5 കോടി പ്രകാശവർഷം അകലെയുള്ള ഈ താരാപഥത്തിൽ ഹബിൾ ദൂരദർശിനി നേരത്തെ വിചിത്രമായ കൊളുത്ത് ആകൃതിയിലുള്ള വാതക ഘടന കണ്ടെത്തിയിരുന്നു. ജെയിംസ് വെബ് ടെലസ്‍കോപ്പിന്‍റെ വിശദമായ നിരീക്ഷണത്തിൽ ഈ ഘടനയ്ക്ക് ഏകദേശം 800 പ്രകാശവർഷം വീതിയുണ്ടെന്നും വാതകം മണിക്കൂറിൽ ഏകദേശം 13 ലക്ഷം മൈൽ വേഗതയിൽ സഞ്ചരിക്കുന്നുവെന്നും കണ്ടെത്തി. ഈ വാതകഘടന കേന്ദ്ര തമോദ്വാരത്തിലേക്ക് വീഴുന്ന വലിയ വാതകധാരയുമായി ബന്ധമുള്ളതായും കണ്ടെത്തി.

"തമോദ്വാരങ്ങൾ പ്രപഞ്ചത്തിലെ ഏറ്റവും വലിയ പുനരുപയോഗ സംവിധാനങ്ങളായിരിക്കാം. അവ പുറത്തേക്ക് തള്ളുന്ന വാതകം പിന്നീട് തണുത്ത് വീണ്ടും അവയിലേക്ക് തിരിച്ചെത്തുന്നു" ഗവേഷക സംഘം മേധാവി ജൂലി ഹ്ലാവസെക്-ലറോണ്ടോ പറഞ്ഞതായി സ്‍പേസ് ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നു. ജെഡബ്ല്യുഎസ്‍ടിയുടെ ഈ കണ്ടെത്തൽ തമോദ്വാരങ്ങളുടെ വളർച്ചയെക്കുറിച്ചുള്ള പഠനത്തിൽ നിർണായകമായ മുന്നേറ്റമായാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്.