
തിരുവനന്തപുരം: അടുത്തകാലത്തായി നിങ്ങളുടെ ഫേസ്ബുക്കില്‍ സെലിബ്രറ്റികളുടെ ഫേസ്ബുക്ക് പേജുകളിലെ ഫോട്ടോകളും പഴയ പോസ്റ്റുകളും സ്ഥിരമായി കാണുന്നുണ്ടോ. ഇത് എന്താണ് കൂത്ത് എന്ന് ആലോചിച്ച് വിഷമിക്കുന്നവരും, ഇത് പുതിയ സൈബര്‍ ആക്രമണമാണോ എന്ന് ചിന്തിക്കുന്നവരും ഏറെയാണ്. എന്നാല്‍ ഇത് ഒരു പുതിയ സൈബര്‍ ബുള്ളിയിംഗാണ് എന്നാണ് ലഭിക്കുന്ന വിവരം. ഒരു ഫേസ്ബുക്ക് അക്കൗണ്ടിലെ പഴയ ഫോട്ടോകള്‍ക്കോ, പോസ്റ്റുകള്‍ക്കോ ഇപ്പോള്‍ കമന്‍റ് ഇട്ടാല്‍ അത് ആ പേജോ, പ്രോഫൈലോ ഫോളോ ചെയ്യുന്നവരുടെ ന്യൂസ് ഫീഡില്‍ പ്രത്യക്ഷപ്പെടും. മലയാളത്തിലെ സൈബര്‍ ഇടത്തില്‍ 'കുത്തിപ്പൊക്കല്‍' എന്നാണ് ഈ പ്രതിഭാസത്തിന് നല്‍കിയിരിക്കുന്ന പേര്.
ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സൂക്കര്‍ബര്‍ഗില്‍ നിന്നാണ് ഇതിന്‍റെ തുടക്കം. സൂക്കറിന്‍റെ പഴയ ഫോട്ടോകള്‍ പലരും ഇത്തരത്തില്‍ കമന്‍റ് ഇട്ടതോടെ അത് വ്യാപകമായി ഷെയര്‍ ചെയപ്പെട്ടു. ഇതിന് പിന്നാലെ ഹോളിവുഡ് താരങ്ങളും ഈ കുത്തിപ്പൊക്കലിന് ഇടയാക്കി. പ്രമുഖ ഹോളിവുഡ് താരം വിന്‍ ഡീസലിന്‍റെ പേജിലാണ് പ്രധാനമായും ഈ പ്രതിഭാസം കാണപ്പെട്ടത്. ഇതിനെക്കുറിച്ച് വിദേശ സിനിമ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പോലും വാര്‍ത്തയായി.
ഇതിന് ചുവട് പിടിച്ചാണ് മലയാളത്തിലേക്ക് 'കുത്തിപ്പൊക്കല്‍' സംഭവിച്ചത്. ഇതിന് ആദ്യം ഇരയായത് പൃഥ്വിരാജാണ്. പൃഥ്വിരാജിന്‍റെ പേജിലെ പഴയ പോസ്റ്റുകള്‍ പലതും ന്യൂസ് ഫീഡുകളില്‍ ഒഴുകാന്‍ തുടങ്ങി. അതിന് അടിയില്‍ വന്ന പല കമന്‍റുകളും ട്രോളുകളായിരുന്നു. ഇതിന് പിന്നാലെ മമ്മൂട്ടി, ആസിഫ് അലി, ചില നടിമാര്‍ തുടങ്ങിയവരുടെ പേജുകളിലും ഈ പ്രതിഭാസം ആരാധകര്‍ നടത്താന്‍ തുടങ്ങി.
എന്തായാലും താരങ്ങളുടെ പഴയഫോട്ടോകളില്‍ കമന്‍റ് ഇട്ട് രസിക്കുന്ന ആരാധകരെ ഫേസ്ബുക്കില്‍ എങ്ങും കാണാം. ഇപ്പോള്‍ പുലര്‍ത്തുന്ന പ്രഫഷണലിസമൊന്നും ഫേസ്ബുക്കില്‍ താരങ്ങളുടെ പേജില്‍ മുന്‍പ് ഉണ്ടായിരുന്നില്ലെന്ന് പഴയ പോസ്റ്റുകളില്‍ നിന്നും വ്യക്തമാണ്. ഇതിന് ഫേസ്ബുക്ക് സെലബ്രെറ്റി പേജുകള്‍ കൈകാര്യം ചെയ്യുന്നവര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറയുന്നത് ഇതാണ്, ഫേസ്ബുക്കില്‍ സജീവമാകുവാന്‍ പല സെലിബ്രറ്റികളും ചെയ്തത് തങ്ങളുടെ ലൈക്ക് കൂടിയ ഫാന്‍ പേജുകള്‍ സംയോജിപ്പിക്കുകയായിരുന്നു. ഇത്തരത്തില്‍ സംയോജിപ്പിച്ച പേജുകളില്‍ മുന്‍പ് ആരാധകര്‍ പോസ്റ്റ് ചെയ്ത പോസ്റ്റുകളാണ് ഇപ്പോള്‍ ലൈക്ക് അടിച്ച് കയറി വരുന്നത്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam