പ്രായം കുറച്ചുകാണിക്കുന്ന 'വീഡിയോ ഫിൽറ്റർ' പണി കൊടുത്തു, മധ്യവയസ്കയായ വ്‌ളോഗറുടെ കള്ളി വെളിച്ചത്തായി

By Web TeamFirst Published Jul 31, 2019, 6:25 PM IST
Highlights

ലൈവ് ഫീഡിൽ വരുന്ന സുന്ദരിയായ മാലാഖ സത്യത്തിൽ മധ്യവയസ്കയായ ഒരു സ്ത്രീയാണ് എന്നറിഞ്ഞതോടെ ആളുകൾ പണവും സമ്മാനങ്ങളും അയച്ചുനൽകുന്നത് നിർത്തി

സൈബർ ലോകത്ത് അവർ തന്നെതന്നെ വിളിച്ചിരുന്ന പേര് 'യുവർ ഹൈനസ്സ് ക്വിയാവോ  ബിലോ' എന്നായിരുന്നു. ഒരു ലക്ഷത്തിൽപ്പരം ഫോളോവേഴ്സായിരുന്നു അവർക്ക് ചൈനയിലെ പ്രസിദ്ധ ഓൺലൈൻ ലൈവ് സ്ട്രീമിങ് പ്ലാറ്റഫോം ആയ ഡുവോയുവിലുണ്ടായിരുന്നത്.  അവരുടെ സൗന്ദര്യത്തിന്റെ ആരാധകരായിരുന്നു ഈ ഫോളോവേഴ്സ് എല്ലാം തന്നെ. അവർ  ബിലോയ്ക്ക് കൈയയച്ച് സാമ്പത്തിക സഹായങ്ങളും, സമ്മാനങ്ങളും ഒക്കെ നല്കിപ്പോന്നിരുന്നു. സുന്ദരമായ മുഖവും, സൗമ്യമായ അവരുടെ ശബ്ദവും ഒക്കെച്ചെർന്ന് അവർക്ക് ഒരു മാലാഖയുടെ പരിവേഷമായിരുന്നു.  എന്നാൽ ഇക്കഴിഞ്ഞ ദിവസം അവർക്ക് പിണഞ്ഞ ഒരു അമളിയിൽ ഇത്രയും കാലമായി കെട്ടിപ്പൊക്കിയിരുന്ന അവരുടെ ഇമേജത്രയും നിമിഷനേരം കൊണ്ട് തകർന്നടിഞ്ഞു. 

ഒരു ടെക്നിക്കൽ ഗ്ലിച്ചാണ് അവർക്ക് പണി കൊടുത്തത്. ലൈവ് വീഡിയോ സ്ട്രീമിങ്ങിനായി ഡുവോയുവിൽ പ്രത്യക്ഷപ്പെടുമ്പോൾ അവർ സ്ഥിരമായി ഉപയോഗിച്ചുകൊണ്ടിരുന്ന, 'ബ്യൂട്ടിഫിക്കേഷൻ' വീഡിയോ ഫിൽറ്റർ അന്ന് എന്തോ കാരണവശാൽ പ്രവർത്തിച്ചില്ല.  ഇരുപതുവയസ്സോടടുപ്പിച്ചു മാത്രം പ്രായമുള്ള ഒരു തരുണിയായി എല്ലാവരുടെയും മുന്നിൽ നടിച്ചുകൊണ്ടിരുന്ന അവർ യഥാർത്ഥത്തിൽ നാൽപതു വയസ്സ് പിന്നിട്ട ഒരു മധ്യവയസ്കയാണ് എന്ന് സ്ട്രീമിൽ ഉണ്ടായിരുന്ന അവരുടെ ആരാധകർക് പലർക്കും ബോധ്യപ്പെട്ടു. അവരിൽ പലരും ഈ സംഭവത്തിന്റെ വീഡിയോയും റെക്കോർഡ് ചെയ്തു. 

സുന്ദരിയായ മാലാഖ എന്ന പേരിൽ ഒരു ലക്ഷത്തിലധികം പേർ അവരെ ആരാധിച്ചിരുന്നു.   ഡിജിറ്റൽ ഫിൽറ്റർ മാറ്റാൻ വേണ്ടി പലരും അവരോട് അഭ്യർത്ഥിച്ചിരുന്നു എങ്കിലും, തനിക്ക് ഒരു ലക്ഷം യുവാനെങ്കിലും കിട്ടാതെ മുഖം കാണിക്കില്ല എന്നും, അത്രയും പണം തന്റെ അക്കൗണ്ടിൽ വന്നാലേ തന്റെ സുന്ദരമായ മുഖം ദർശിക്കാനുള്ള ഭാഗ്യം ആരാധകർക്ക് നൽകൂ എന്നും അവർ പറഞ്ഞു. അതോടെ ആരാധകരിൽ പലരും ഈ ലക്‌ഷ്യം മുന്നിൽ കണ്ടു കൊണ്ട് അവർക്ക് പണം അയച്ചുനൽകാൻ തുടങ്ങി.   

ജൂലൈ 25-നായിരുന്നു  ബിലോക്ക് അബദ്ധം പിണഞ്ഞത്. ക്വവിങ്സി എന്ന് പേരുള്ള മറ്റൊരു ലൈവ് സ്ട്രീം പ്ലാറ്റ് ഫോം അംഗവുമായി അവർ നടത്തിക്കൊണ്ടിരുന്ന ലൈവ് ചാറ്റിനിടെയാണ് അവരുടെ 'ഡിജിറ്റൽ മുഖംമൂടി' അഴിഞ്ഞു വീണത്. അവർക്കാണെങ്കിൽ അതൊന്നും അപ്പോൾ മനസ്സിലായതുമില്ല.  ഈ അബദ്ധം പിണഞ്ഞ ശേഷം, അതായത് അവർ യഥാർത്ഥത്തിൽ ഒരു മധ്യവയസ്കയാണ് എന്നറിഞ്ഞ ശേഷം, ആരും തന്നെ അവരുടെ വിഐപി ആക്സസ് റൂമിലേക്ക് ചാറ്റിങ്ങിനായി വരാതെയായപ്പോഴാണ് അവർ വിവരമറിയുന്നത്. 

ഇടത്, യഥാർത്ഥത്തിലുള്ള ബിലോ, വലത്ത് വീഡിയോ ഫിൽറ്റർ വഴി ഭംഗി കൂട്ടിയ  'യുവർ ഹൈനസ്സ് ക്വിയാവോ  ബിലോ'

അവർ പറയുന്നതൊക്കെ വിശ്വസിച്ച് അവർക്ക് പണമിട്ടുകൊടുത്ത പൊട്ടന്മാർക്ക് അങ്ങനെ തന്നെ വേണമെന്നാണ് ഇന്റർനെറ്റിലെ ട്രോളന്മാർ പറയുന്നത്.  എന്തായാലും പറ്റിപ്പ്‌ ഇതോടെ തീർന്നല്ലോ എന്ന് ചിലർ ആശ്വസിക്കുകയും ചെയ്തു.  അതേസമയം,  ബിലോയുടെ മാസ്ക് അഴിഞ്ഞുപോയിട്ടും അതിൽ ഭാവഭേദമൊന്നും കൂടാതെ അവരോട് അത് ബാധിച്ച മറ്റേകാണിക്കാതെ സംസാരം തുടർന്ന ക്വവിങ്സിയെയും മറ്റൊരു വിഭാഗം അഭിനന്ദിച്ചു. തന്റെ സംസാരം കൊണ്ടും, ശബ്ദമാധുരികൊണ്ടുമാണ് ബിലോ ആരാധകരെ ഉണ്ടാക്കിയത് എന്നും, മുഖം മധ്യവയസ്കയുടെതാണോ അല്ലയോ എന്നത് ആരെയും ബാധിക്കേണ്ട കാര്യമില്ലെന്നും അവർ പറഞ്ഞു. 

യൂട്യൂബ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ ഒട്ടുമിക്ക ഓൺലൈൻ സൈറ്റുകളും ചൈനയുടെ സൈബർ വന്മതിൽ ബ്ലോക്ക് ചെയ്തിട്ടുള്ളതുകൊണ്ട് അവർക്ക് ആകെ ആശ്വാസം ഇത്തരത്തിലുള്ള ലൈവ് ഫീഡ് വീഡിയോ പ്ലേറ്റ് ഫോമുകളാണ്.  സെൻസർഷിപ്പ് ബാധകമല്ലാത്ത ഡുയോവുവിന്  ചൈനയിൽ ഒട്ടേറെ ഉപഭോക്താക്കളുണ്ട്. വീഡിയോ ലൈവ് സ്ട്രീമിനിടയിൽ ഉപയോഗിക്കാവുന്ന പലതരം ഫിൽറ്ററുകൾ ഡുയോവുവില ഉണ്ട്. എന്തായാലും 42.5  കോടി ലൈവ് വീഡിയോ സ്ട്രീമേഴ്‌സ് ഉള്ള ചൈനയിൽ 50,000  ലധികം ഹാഷ്ടാഗുകളും, അറുപതു കോടിയിലധികം 'വ്യൂ'കളുമായി ആകെ വൈറലായിരിക്കുകയാണ് ക്വിയാവോ  ബിലോയുടെ ഈ അബദ്ധം.   

click me!