കഴിഞ്ഞവര്‍ഷം സ്മാര്‍ട്ട്ഫോണ്‍ വില്‍പ്പന കുറഞ്ഞു; കാരണം ഇത്

By Web TeamFirst Published Feb 2, 2019, 5:23 PM IST
Highlights

2018ലെ അവസാന പാദത്തില്‍ സ്മാര്‍ട്ട്ഫോണ്‍ വില്‍പ്പന 7 ശതിമാനം കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ അഞ്ച് പാദങ്ങളിലും സ്മാര്‍ട്ട്ഫോണ്‍ വില്‍പ്പന താഴോട്ടാണ് പോകുന്നത്

ന്യൂയോര്‍ക്ക്: ആഗോളതലത്തില്‍ സ്മാര്‍ട്ട്ഫോണ്‍ വില്‍പ്പന 2018 ല്‍ താഴോട്ട് പോയെന്ന് റിപ്പോര്‍ട്ടുകള്‍. ആഗോളതലത്തില്‍ വിറ്റ സ്മാര്‍ട്ട്ഫോണുകളുടെ എണ്ണത്തില്‍ 2017നെ അപേക്ഷിച്ച് 4 ശതമാനത്തിന്‍റെ കുറവാണ് സംഭവച്ചിരിക്കുന്നത് എന്നാണ് കൌണ്ടര്‍ പൊയന്‍റ് റിസര്‍ച്ചിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. 2017 ല്‍ ആഗോള വ്യപകമായി 1,558 ദശലക്ഷം സ്മാര്‍ട്ട്ഫോണുകള്‍ വിറ്റപ്പോള്‍ കഴിഞ്ഞ വര്‍ഷം ഇത് 1,498 ദശലക്ഷം ഫോണുകളായി കുറഞ്ഞു.

2018ലെ അവസാന പാദത്തില്‍ സ്മാര്‍ട്ട്ഫോണ്‍ വില്‍പ്പന 7 ശതിമാനം കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ അഞ്ച് പാദങ്ങളിലും സ്മാര്‍ട്ട്ഫോണ്‍ വില്‍പ്പന താഴോട്ടാണ് പോകുന്നത്. 2018ല്‍ സാംസങ്ങിന് ആഗോള വിപണിയില്‍ 19 ശതമാനം വിഹിതമാണ് ഉള്ളത്. രണ്ടാം സ്ഥാനത്ത് ആപ്പിളും, വാവ്വെയുമാണ് ഇരു കമ്പനികളുടെയും വിപണി വിഹിതം 14 ശതമാനമാണ്. ഷവോമിയാണ് നാലാം സ്ഥാനത്ത് 2018 ല്‍ വില്‍ക്കപ്പെട്ട് ഫോണുകളുടെ എട്ട് ശതമാനം ഷോവോമിയുടെയാണ്.

അതേ സമയം ഏറ്റവും കൂടുതല്‍ മൊബൈല്‍ വാങ്ങുന്ന ചൈന,യുഎസ്എ, പടിഞ്ഞാറന്‍ യൂറോപ്പ് എന്നിവിടങ്ങളില്‍ ഉപയോക്താക്കള്‍ പുതിയ ഫോണ്‍ അപ്ഡേഷന് താല്‍പ്പര്യം കാണിക്കാത്തതാണ് പുതിയ വിപണിയുടെ പിന്നോട്ട് പോക്കിന് കാരണം എന്നാണ് വിലയിരുത്തല്‍. 

അടുത്തകാലത്തായി മൊബൈല്‍ നിര്‍മ്മാതാക്കള്‍ എല്ലാം തന്നെ എഐ ഫീച്ചറുകള്‍, മള്‍ട്ടിപ്പിള്‍ ക്യാമറ, ഫുള്‍സ്ക്രീന്‍ ഡിസ്പ്ലേ തുടങ്ങിയ പ്രത്യേകതകള്‍ അവതരിപ്പിക്കുന്നു. എന്നാല്‍ ഉപയോക്താവിനെ പുതിയ ഫോണുകളിലേക്ക് പ്രേരിപ്പിക്കുന്ന രീതിയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഇവര്‍ക്ക് കഴിയുന്നില്ലെന്നും കൌണ്ടര്‍പൊയന്‍റ് റിപ്പോര്‍ട്ടില്‍ പരാമര്‍ശം ഉണ്ട്.

അതേ സമയം ഏഷ്യയിലെ ഇന്ത്യ, ഇന്‍ഡോനേഷ്യ പോലുള്ള മാര്‍ക്കറ്റുകളില്‍ വിലകുറഞ്ഞ സ്മാര്‍ട്ട്ഫോണുകള്‍ വിപണി മുന്നേറ്റം നടത്തുന്നുണ്ട്. എന്നാല്‍ വന്‍കിട മാര്‍ക്കറ്റായ ചൈന, യുഎസ്എ എന്നിവയില്‍ വിപണി വീണ്ടും നേട്ടത്തില്‍ എത്താന്‍ 5ജി അപ്ഡേഷന്‍ വേണ്ടിവരും എന്നാണ് സൂചന.

click me!