ഗൂഗിള്‍ ആപ്പിളിനെ സ്വന്തമാക്കുന്നു; ലോകത്തെ കിടുക്കിയ വാര്‍ത്തയ്ക്ക് പിന്നില്‍

By Web DeskFirst Published Oct 12, 2017, 4:34 PM IST
Highlights

ദില്ലി: ഗൂഗിള്‍ ആപ്പിളിനെ സ്വന്തമാക്കുന്നു എന്ന വാര്‍ത്ത ആരെയും ഞെട്ടിപ്പിക്കും. അത്തരം ഒരു ഞെട്ടിച്ച വാര്‍ത്തയാണ് ഇപ്പോള്‍ ടെക് ലോകത്ത് ചര്‍ച്ച. ദി ഡോ ജോണ്‍സ് ന്യൂസ് വയര്‍ (The Dow Jones News Wire) ആണ് വളരെ അപ്രതീക്ഷിതമായി ഈ കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഈ രണ്ട് കോപ്പറേറ്റുകളെക്കുറിച്ച് അറിയുന്നവര്‍ ഇത് വിശ്വസിക്കില്ലെങ്കിലും, ഇതില്‍ സംഭവിച്ചത് ഇങ്ങനെയാണ്.

ഇതോരു അബദ്ധമായിരുന്നു. വരിക്കാരായ ഉപയോക്താക്കള്‍ക്ക് ദി ഡോ ജോണ്‍സ് ന്യൂസ് ചൊവ്വാഴ്ച രാവിലെ അയച്ച വാര്‍ത്തകളില്‍ അബദ്ധത്തില്‍ ഈ വാര്‍ത്തയും ഉള്‍പ്പെടുകയായിരുന്നു.9,900 കോടി ഡോളറിന് ഗൂഗിള്‍ ആപ്പിളിനെ വാങ്ങുന്നു എന്നായിരുന്നു വാര്‍ത്തയുടെ തലക്കെട്ട്. ജീവിച്ചിരിക്കുന്ന ആര്‍ക്കും ഞെട്ടലുളവാക്കുന്ന നീക്കം എന്ന് പറഞ്ഞ് തുടങ്ങുന്ന വാര്‍ത്തയുടെ ഉള്ളടക്കത്തില്‍ ഗൂഗിള്‍ സിഇഓ ലാരി പേജ് 2010ല്‍ സ്റ്റീവ് ജോബ്സുമായി ഇക്കാര്യം ധാരണയാക്കിയിരുന്നുവെന്നും പറയുന്നുണ്ട്.

വിചിത്രമായ ഈ വാര്‍ത്ത പക്ഷെ പ്രസിദ്ധീകരണത്തിന് വേണ്ടി തയ്യാറാക്കിയതായിരുന്നില്ല. എന്തോ സാങ്കേതിക പരീക്ഷണത്തിന് വേണ്ടി തയ്യാറാക്കിയവാര്‍ത്ത അബദ്ധത്തില്‍ വരിക്കാര്‍ക്ക് അയക്കുകയായിരുന്നു. രണ്ട് മിനിറ്റിനുള്ളില്‍ തന്നെ വാര്‍ത്ത നീക്കം ചെയ്ത് ക്ഷമാപണം നടത്തി ഡോ ജോണ്‍സ് അധികൃതര്‍ രംഗത്തെത്തിയെങ്കിലും സംഭവം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു.

click me!