
തിരുവനന്തപുരം: എഐ സെര്‍ച്ച് എഞ്ചിനായ പെര്‍പ്ലെക്‌സിറ്റിയുടെ കോമറ്റ് ബ്രൗസര്‍ ആന്‍ഡ്രോയ്‌ഡ് ഉപഭോക്താക്കള്‍ക്ക് ലഭ്യമായിത്തുടങ്ങി. എഐ അധിഷ്‌ഠിതമായി പ്രവര്‍ത്തിക്കുന്ന ബ്രൗസറാണ് കോമറ്റ്. ബ്രൗസ് ചെയ്യുമ്പോള്‍ പെര്‍പ്ലെക്‌സിറ്റിയുടെ ബില്‍ട്ട്-ഇന്‍ എഐ അസിസ്റ്റന്‍റ് ഉപയോഗിക്കാന്‍ കോമറ്റിലൂടെ ആന്‍ഡ്രോയ്‌ഡ് യൂസര്‍മാര്‍ക്കാകും. കോമറ്റ് എഐ ബ്രൗസറിന്‍റെ ഐഒഎസ് വേര്‍ഷന്‍ എപ്പോള്‍ പുറത്തിറക്കുമെന്ന് പെര്‍പ്ലെക്‌സിറ്റി അറിയിച്ചിട്ടില്ല. കോമറ്റിന്‍റെ വെബ് പതിപ്പ് നേരത്തെ തന്നെ ലഭ്യമായിരുന്നു.
എഐ അധിഷ്‌ഠിത വെബ് ബ്രൗസറായ കോമറ്റിന്‍റെ ആന്‍ഡ്രോയ്‌ഡ് പതിപ്പ് അവതരിപ്പിച്ചിരിക്കുകയാണ് പെര്‍പ്ലെക്‌സിറ്റി. മൊബൈല്‍ പ്ലാറ്റ്‌ഫോമുകളിലേക്കെത്തുന്ന ആദ്യ എഐ-നേറ്റീവ് ബ്രൗസറുകളിലൊന്നാണ് കോമറ്റ്. ചാറ്റ്‌ജിപിടിയുടെ അറ്റ്‌ലസ് ബ്രൗസര്‍ മാക്ഒഎസില്‍ മാത്രം പുറത്തിറങ്ങിയ സ്ഥാനത്താണ് കോമറ്റ് മൊബൈല്‍ ഫോണുകളിലേക്കും എത്തുന്നത്. കോമറ്റിന്‍റെ ഡെസ്‌ക്‌ടോപ് വേര്‍ഷന്‍ പെര്‍പ്ലെക്‌സിറ്റി മാക്സ് വരിക്കാര്‍ക്കായി 2025 ജൂലൈ മാസം അവതരിപ്പിച്ചിരുന്നു. എന്നാല്‍ കോമറ്റിന്‍റെ ഡെസ്‌ക്‌ടോപ്പ് വേര്‍ഷനിലുള്ള ചില ഫീച്ചറുകള്‍ ആന്‍ഡ്രോയ്‌ഡ് പ്ലാറ്റ്‌ഫോമില്‍ ലഭ്യമല്ല. വരും ആഴ്‌ചകളില്‍ തന്നെ ഡെസ്‌ക്‌ടോപ്പ്, മൊബൈല്‍ വേര്‍ഷനുകളില്‍ ബ്രൗസിംഗ് ഹിസ്റ്ററിയും ബുക്ക്‌മാര്‍ക്കും സിങ്ക് ചെയ്യുമെന്ന് പെര്‍പ്ലെക്‌സിറ്റി വക്താവ് ബീജോളി ഷാ വ്യക്തമാക്കി. ഇതിനൊപ്പം ഏജന്‍റിക് വോയിസ് മോഡും ബില്‍ട്ട്-ഇന്‍ പാസ്‌വേഡ് മാനേജറും കോമറ്റില്‍ വികസിപ്പിക്കുന്നുണ്ട്. അതുവരെ ആന്‍ഡ്രോയ്‌ഡിന്‍റെ സ്വന്തം നേറ്റീവ് പാസ്‌വേഡ് മാനേജറിലാണ് കോമറ്റ് പ്രവര്‍ത്തിക്കുക.
ബ്രൗസിംഗില്‍ എഐ അസിസ്റ്റന്‍റ്, വോയിസ് ഇന്‍ററാക്‌ഷന്‍, ക്രോസ്-ടാബ് സമ്മറൈസേഷന്‍, ആഡ് ബ്ലോക്കിംഗ്, കോണ്‍ടെക്‌സ്‌ച്വല്‍ അസിസ്റ്റന്‍റ് എന്നിവയാണ് ആന്‍ഡ്രോയ്‌ഡ് കോമറ്റിലെ പ്രധാന ഫീച്ചറുകള്‍.
എഐ അധിഷ്‌ഠിത ബ്രൗസര്‍ എന്ന നിലയ്‌ക്ക് ജൂലൈ മാസത്തിലാണ് കോമറ്റിനെ പെര്‍പ്ലെക്‌സിറ്റി അവതരിപ്പിച്ചത്. ഓഗസ്റ്റിൽ കോമറ്റ് പ്ലസും പെര്‍പ്ലെക്‌സിറ്റി അവതരിപ്പിച്ചു. ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന ഇന്‍റര്‍നെറ്റ് ബ്രൗസറായ ഗൂഗിള്‍ ക്രോമിന് ഭീഷണി സൃഷ്‌ടിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് കോമറ്റ് പെര്‍പ്ലെക്‌സിറ്റി അവതരിപ്പിച്ചിരിക്കുന്നത്. ഒരു എഐ ഏജന്‍റായിട്ടാണ് കോമറ്റ് ബ്രൗസർ രൂപകല്‍പന ചെയ്‌തിരിക്കുന്നത്. എല്ലാ ടാബുകളും കൈകാര്യം ചെയ്യാനും ഇമെയിലുകളും കലണ്ടർ ഇവന്‍റുകളും സംഗ്രഹിക്കാനും വെബ് പേജുകളിലൂടെ നാവിഗേറ്റ് ചെയ്യാനും ഇതിന് സാധിക്കും. ആവശ്യമായ എല്ലാ വിവരങ്ങളും എളുപ്പത്തിൽ ആക്‌സസ് ചെയ്യാൻ കഴിയുന്ന ഒരു വർക്ക്‌സ്‌പെയ്‌സ്, വെബ്‌പേജ് ഒരു ഇമെയിലാക്കി അയക്കാൻ സാധിക്കുക മുതലായ സവിശേഷതകളാണ് ഗൂഗിൾ ക്രോം, മൈക്രോസോഫ്റ്റ് എഡ്‌ജ് തുടങ്ങിയ മറ്റ് വെബ് ബ്രൗസറുകളിൽ നിന്ന് കോമറ്റിനെ വ്യത്യസ്‌തമാക്കുന്നത്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം