വരുമാനം കൂട്ടാൻ പുതിയ വഴി, എഐ അവലോകനത്തിലും ഇനി ഗൂഗിൾ പരസ്യങ്ങൾ

Published : Jul 11, 2025, 04:26 PM ISTUpdated : Jul 11, 2025, 04:27 PM IST
Google Logo

Synopsis

ഉപയോക്താവ് തിരഞ്ഞ വിഷയവുമായി ബന്ധപ്പെട്ട പരസ്യങ്ങൾ എഐ അവലോകനത്തിൽ ദൃശ്യമാകും

കാലിഫോര്‍ണിയ: വരുമാനം വർധിപ്പിക്കുന്നതിന് പുതിയൊരു മാർഗം കണ്ടെത്തി ഗൂഗിൾ. ഇതിന്‍റെ ഭാഗമായി ഈ വർഷം അവസാനം ഇന്ത്യയിൽ എഐ അവലോകനങ്ങളിൽ പരസ്യങ്ങൾ അവതരിപ്പിക്കാൻ പദ്ധതിയിടുന്നതായി ഗൂഗിൾ അറിയിച്ചു. ഗൂഗിൾ മാർക്കറ്റിംഗ് ലൈവ് (GML) ഇന്ത്യ പരിപാടിയിലാണ് കമ്പനി ഇക്കാര്യം അറിയിച്ചത്. എഐ അവലോകനങ്ങൾ സമീപകാലത്തായി വളരെ ജനപ്രിയമായിക്കൊണ്ടിരിക്കുകയാണ്. ആളുകൾ ഗൂഗിൾ സെർച്ചിൽ ഒരു വിഷയം തിരയുമ്പോൾ, അതുമായി ബന്ധപ്പെട്ട ഉത്തരങ്ങൾ എഐ അവലോകനം വഴി നൽകും. ഇപ്പോൾ ഈ എഐ അവലോകനത്തിലും പരസ്യങ്ങൾ ഉൾപ്പെടുത്താനും പണമുണ്ടാക്കാനുമാണ് ഗൂഗിളിന്‍റെ നീക്കം.

ഉപയോക്താവ് തിരഞ്ഞ വിഷയവുമായി ബന്ധപ്പെട്ട പരസ്യങ്ങൾ എഐ അവലോകനത്തിൽ ദൃശ്യമാകും. ഈ സവിശേഷത പഴയ ഗൂഗിൾ സെർച്ചിൽ നിന്ന് വ്യത്യസ്‍തമായിരിക്കും എന്ന് കമ്പനി പറയുന്നു. ഇതിൽ, ഉപയോക്താക്കളുടെ ചോദ്യങ്ങൾക്ക് അവരുടെ ആവശ്യങ്ങൾക്കനുസരിച്ച് വിവരങ്ങൾ ലഭിക്കും. ഈ വർഷം അവസാനത്തോടെ ഇന്ത്യൻ ഉപയോക്താക്കൾക്കായി എഐ അവലോകനത്തിൽ പരസ്യങ്ങൾ കാണിക്കുമെന്ന് ഗൂഗിൾ വ്യക്തമാക്കി. അതായത് ഇന്ത്യയിലെ ഉപയോക്താക്കൾ ഗൂഗിൾ തിരയൽ ഫലങ്ങളുടെ മുകളിൽ എഐ ജനറേറ്റഡ് ഉത്തരങ്ങളിൽ പരസ്യങ്ങൾ കാണും. ആളുകൾ തിരയുന്ന ഉൽപ്പന്നങ്ങളുമായും സേവനങ്ങളുമായും ഈ പരസ്യങ്ങൾ ബന്ധപ്പെട്ടിരിക്കും.

എഐ അവലോകനത്തിൽ പ്രത്യക്ഷപ്പെടുന്ന പരസ്യങ്ങളിൽ കറുപ്പ് നിറത്തിൽ 'സ്പോൺസേർഡ്' എന്ന് എഴുതിയിരിക്കും. അങ്ങനെ ഇതൊരു പരസ്യമാണെന്നും എഐ പ്രതികരണം അല്ലെന്നും ഉപഭോക്താക്കൾക്ക് മനസിലാക്കാൻ സാധിക്കും. ഉപഭോക്താക്കളുടെ മാറിക്കൊണ്ടിരിക്കുന്ന പെരുമാറ്റത്തിന് അനുസൃതമായ അത്തരം പരസ്യ ഫോർമാറ്റുകൾ കൊണ്ടുവരുന്നതിൽ തങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് ഗൂഗിൾ വ്യക്തമാക്കി. ഇത് പരസ്യദാതാക്കൾക്ക് അവരുടെ ഉപഭോക്താക്കളുമായി എളുപ്പത്തിൽ ബന്ധപ്പെടാനും അവരുടെ ലാഭം വർധിപ്പിക്കാനും സഹായിക്കും.

അടുത്തിടെ ഇന്ത്യൻ സർക്കാർ ഓൺലൈൻ പരസ്യങ്ങൾക്കുള്ള 'ഗൂഗിൾ നികുതി' നിർത്തലാക്കിയിരുന്നു. ഗൂഗിൾ, ആമസോൺ പോലുള്ള വിദേശ കമ്പനികൾ ഇന്ത്യൻ ബിസിനസുകൾക്ക് നൽകുന്ന ഡിജിറ്റൽ സേവനങ്ങൾക്ക് ഇന്ത്യൻ സർക്കാർ മുമ്പ് രണ്ട് ശതമാനം നികുതി ചുമത്തിയിരുന്നു. ഇതിനുപുറമെ, ഇന്ത്യയിൽ ഓൺലൈൻ പരസ്യങ്ങളിൽ നിന്നോ അനുബന്ധ സേവനങ്ങളിൽ നിന്നോ പ്രതിവർഷം ഒരു ലക്ഷം രൂപയിൽ കൂടുതൽ വരുമാനം നേടുന്ന കമ്പനികൾക്ക് ആറ് ശതമാനം തുല്യതാ ലെവിയും ചുമത്തിയിരുന്നു. ഇപ്പോൾ ഈ രണ്ട് നികുതികളും നീക്കം ചെയ്തിട്ടുണ്ട്. യുഎസ് വ്യാപാര താരിഫുകളുടെ സമ്മർദ്ദം മൂലമാണ് ഇത് സംഭവിച്ചതെന്നാണ് റിപ്പോർട്ടുകൾ.

ഈ നികുതികൾ നീക്കം ചെയ്തതിന് തൊട്ടുപിന്നാലെയാണ് സെർച്ച്, യൂട്യൂബ്, കണക്റ്റഡ് ടിവി എന്നിവയിലെ പുതിയ എഐ പവേർഡ് പരസ്യ ഡിവൈസുകൾ വഴി ഇന്ത്യയിലെ ഉപഭോക്താക്കളിലേക്ക് ബിസിനസുകളെ എത്തിക്കുന്നതിനുള്ള ശ്രമങ്ങൾ ടെക് ഭീമനായ ഗൂഗിള്‍ ശക്തമാക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ലോകമെമ്പാടും മണിക്കൂറുകളോളം പണിമുടക്കി യൂട്യൂബ്, ഇന്ത്യയിലും തകരാര്‍
ഈ വർഷം പുറത്തിറങ്ങിയ 'തകർപ്പൻ' സ്മാർട്ട്ഫോണുകൾ!