അമേരിക്കയിലെ ആയിരക്കണക്കിന് ഉപയോക്താക്കൾ യൂട്യൂബ് പ്ലാറ്റ്‌ഫോം പ്രവർത്തനരഹിതമാണെന്ന് പരാതിപ്പെട്ടതായി രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു
ദില്ലി: ഇന്നലെ (ഡിസംബർ 19) നിരവധി രാജ്യങ്ങളിൽ യൂട്യൂബ് സേവനങ്ങൾക്ക് വ്യാപകമായ തടസ്സങ്ങൾ അനുഭവപ്പെട്ടു. ഇന്ത്യ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ നിരവധി ഉപയോക്താക്കൾ യൂട്യൂബ് അക്‌സസില്‍ പ്രശ്‌നങ്ങള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വീഡിയോകൾ കാണാൻ കഴിയുന്നില്ലെന്നും ആപ്പോ വെബ്‌സൈറ്റോ ശരിയായി പ്രവർത്തിക്കുന്നില്ലെന്നും ആയിരക്കണക്കിന് ഉപയോക്താക്കൾ പരാതിപ്പെട്ടു.
ഇന്ത്യയിൽ എപ്പോൾ, എങ്ങനെ ഈ പ്രശ്‌നം ആരംഭിച്ചു?
ഔട്ടേജ് ട്രാക്കിംഗ് വെബ്‌സൈറ്റായ ഡൗൺഡിറ്റക്‌ടറിന്‍റെ കണക്കനുസരിച്ച്, ഇന്ത്യയിൽ വൈകുന്നേരം 5:00-ഓടെയാണ് യൂട്യൂബില്‍ പ്രശ്‌നം ആരംഭിച്ചത്. വൈകുന്നേരം 6:51-ന് പ്രശ്‌നം അതിന്‍റെ ഉച്ചസ്ഥായിയിൽ എത്തി. ഇന്ത്യയിൽ മാത്രം ഏകദേശം 3,855 പരാതികൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. എങ്കിലും വൈകുന്നേരം 7:06 ആയപ്പോഴേക്കും പരാതികളുടെ എണ്ണം 97 ആയി കുറഞ്ഞു. അതായത്, ഏകദേശം രണ്ട് മണിക്കൂറോളം സമയമാണ് ഇന്ത്യയില്‍ യൂട്യൂബ് പ്രവര്‍ത്തനത്തില്‍ പ്രശ്‌നങ്ങള്‍ ഉപഭോക്താക്കള്‍ അനുഭവപ്പെട്ടത്.
എന്തൊക്കെ പ്രശ്‌നങ്ങളാണ് ഉണ്ടായത്?
റിപ്പോർട്ടുകൾ പ്രകാരം, 54 ശതമാനം ഉപയോക്താക്കൾക്കും സെർവർ കണക്ഷൻ പ്രശ്‍നങ്ങൾ അനുഭവപ്പെട്ടു. 35 ശതമാനം പേർക്ക് വെബ്‌സൈറ്റ് ആക്‌സസ് ചെയ്യാൻ കഴിയുന്നില്ലെന്നും 11 ശതമാനം പേർക്ക് വീഡിയോകൾ ലൈവ് സ്ട്രീം ചെയ്യുന്നതിൽ പ്രശ്‌നങ്ങൾ അനുഭവപ്പെട്ടുവെന്നുമാണ് റിപ്പോര്‍ട്ട്.
അമേരിക്കയിലും മറ്റ് രാജ്യങ്ങളിലും തടസങ്ങൾ
ഈ യൂട്യൂബ് പ്രശ്നം ഇന്ത്യയിൽ മാത്രമായിരുന്നില്ല. അമേരിക്കയിലെ ആയിരക്കണക്കിന് ഉപയോക്താക്കൾ പ്ലാറ്റ്‌ഫോം പ്രവർത്തനരഹിതമാണെന്ന് പരാതിപ്പെട്ടതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. പ്രാദേശിക സമയം രാവിലെ 8:15 ആയപ്പോഴേക്കും 10,800-ലധികം റിപ്പോർട്ടുകൾ ഫയൽ ചെയ്യപ്പെട്ടു. താമസിയാതെ ഈ സംഖ്യ ഏകദേശം 7,600 ആയി കുറഞ്ഞു. അമേരിക്കയ്ക്ക് പുറമേ, കാനഡയിൽ 1,300-ലധികം ഉപയോക്താക്കളും യുകെയില്‍ ഏകദേശം 3,000 ഉപയോക്താക്കളും യൂട്യൂബ് പ്രശ്‍നങ്ങൾ റിപ്പോർട്ട് ചെയ്‌തു. ഇത് ആഗോളതലത്തിൽ തടസം ഉണ്ടെന്ന് സൂചിപ്പിക്കുന്നു.
കമ്പനിയിൽ നിന്ന് ഔദ്യോഗിക പ്രസ്‌താവനകളൊന്നുമില്ല
അതേസമയം, ഈ വിഷയത്തിൽ യൂട്യൂബിൽ നിന്നോ ഗൂഗിളിൽ നിന്നോ ഔദ്യോഗിക പ്രതികരണമൊന്നും ലഭിച്ചിട്ടില്ല എന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. എങ്കിലും ഡൗൺഡിറ്റക്‌ടർ ഉപയോക്താക്കൾ സമർപ്പിച്ച പരാതികൾ മാത്രമേ പ്രദർശിപ്പിക്കുന്നുള്ളൂ എന്നതിനാൽ, യൂട്യൂബിലെ പ്രശ്‌നങ്ങള്‍ ബാധിച്ച ഉപയോക്താക്കളുടെ യഥാർഥ എണ്ണം കൂടുതലായിരിക്കാം എന്നാണ് റിപ്പോർട്ടുകൾ.



