ജിമെയില്‍ പാസ്‌വേഡുകള്‍ ഉടനടി അപ്‌ഡേറ്റ് ചെയ്യുക, എല്ലാ യൂസര്‍മാര്‍ക്കും ഗൂഗിളിന്‍റെ മുന്നറിയിപ്പ്, പാസ്‌കീ കൂടുതല്‍ സുരക്ഷിതം

Published : Aug 26, 2025, 12:09 PM IST
Gmail Logo

Synopsis

എല്ലാ ജിമെയില്‍ ഉപയോക്താക്കള്‍ക്കും സുരക്ഷാ മുന്നറിയിപ്പുമായി ഗൂഗിള്‍, ഫിഷിംഗ് സ്‌കാമുകള്‍ക്കും ഡാറ്റാബേസ് ലീക്കുകള്‍ക്കും സാധ്യത

കാലിഫോര്‍ണിയ: നിങ്ങളൊരു ജിമെയില്‍ ഉപയോക്താവാണോ? ഈ മുന്നറിയിപ്പ് ശ്രദ്ധിക്കുക. ഹാക്കര്‍മാര്‍ വട്ടമിട്ട് പറക്കുന്നതിനാല്‍ ഉടനടി നിങ്ങളുടെ ജിമെയില്‍ പാസ്‌വേഡ് അപ്‌ഡേറ്റ് ചെയ്യാന്‍ നിര്‍ദേശിച്ചിരിക്കുകയാണ് ഗൂഗിള്‍ എന്ന് ഫോബ്‌സ് റിപ്പോര്‍ട്ട് ചെയ്‌തു. അക്കൗണ്ടുകള്‍ സുരക്ഷിതമാക്കാന്‍ ഒട്ടുമിക്ക ജിമെയില്‍ ഉപയോക്താക്കളും പാസ്‌വേഡ് എത്രയും പെട്ടെന്ന് കരുത്തുറ്റതാക്കണം എന്നാണ് ഗൂഗിളിന്‍റെ മുന്നറിയിപ്പ്. ജിമെയില്‍ അക്കൗണ്ടുകള്‍ കൂടുതല്‍ സുരക്ഷിതമാക്കാന്‍ പാസ്‌വേഡുകള്‍ക്ക് പകരം പാസ്‌കീകള്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യണമെന്നും ഗൂഗിള്‍ നിര്‍ദേശിച്ചു.

എഐ വഴിയുള്ള സൈബര്‍ ആക്രമണം മുന്‍നിര്‍ത്തി അടുത്തിടെ 180 കോടി ജിമെയില്‍ ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ ഒരു സുരക്ഷാ മുന്നറിയിപ്പ് നല്‍കിയിരുന്നു. 'ഇൻഡൈറക്‌ട് പ്രോംപ്റ്റ് ഇഞ്ചക്ഷൻസ്' എന്ന പുതിയ രൂപത്തിലുള്ള സൈബർ ആക്രമണത്തെക്കുറിച്ചാണ് ഗൂഗിൾ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയത്. ഈ സൈബര്‍ ഭീഷണി വ്യക്തികളെയും ബിസിനസുകളെയും സർക്കാരുകളെയും ഒരുപോലെ അപകടത്തിലാക്കുന്നതാണെന്ന് ഗൂഗിള്‍ വിശദീകരിച്ചിരുന്നു. 'ഗൂഗിളിന്‍റെ സെയിൽസ്ഫോഴ്‌സ് ഡാറ്റാബേസ് ഹാക്ക് ചെയ്യപ്പെട്ടതിനെത്തുടർന്ന് 2.5 ബില്യൺ ജിമെയിൽ ഉപയോക്താക്കള്‍ ഇപ്പോൾ അപകടത്തിലാണ്'- എന്ന മുന്നറിയിപ്പും അടുത്തിടെ ഗൂഗിളില്‍ നിന്നുണ്ടായി. ഗൂഗിൾ സപ്പോർട്ട് സ്റ്റാഫ് എന്ന വ്യാജേന സൈബര്‍ തട്ടിപ്പുകാർ ഇമെയിലുകളിലൂടെയും കോളുകളിലൂടെയും അക്കൗണ്ട് ഉടമകളെ ലക്ഷ്യമിടുന്നുണ്ടെന്ന മുന്നറിയിപ്പും അടുത്തിടെ വന്നു. ലളിതമായ പാസ്‌വേഡുകളുള്ള ഗൂഗിള്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടുന്നത് പതിവായതോടെയാണ് പാസ്‌വേഡുകള്‍ കരുത്തുറ്റതാക്കണമെന്ന നിര്‍ദേശം ജിമെയില്‍ ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ നല്‍കിയിരിക്കുന്നത്.

ഒട്ടുമിക്ക ജിമെയില്‍ ഉപയോക്താക്കളും അവരുടെ അക്കൗണ്ടുകളുടെ പാസ്‌വേഡുകള്‍ മാറ്റണമെന്ന നിര്‍ദേശം ഗൂഗിള്‍ ഇതിനകം നല്‍കിയിട്ടുണ്ട്. എസ്എംഎസ് വഴിയല്ലാത്ത ടു-ഫാക്‌ടര്‍ ഒതന്‍റിക്കേഷനും, പാസ്‌കീകള്‍ സൃഷ്‌ടിച്ച് കൂടുതല്‍ സുരക്ഷയോടെയുള്ള ലോഗിന്‍ രീതിയും ഉപയോഗിക്കണം എന്നാണ് ജിമെയില്‍ ഉപയോക്താക്കള്‍ക്ക് ഗൂഗിളിന്‍റെ നിര്‍ദേശം. എന്നിരുന്നാലും ഒട്ടുമിക്ക ജിമെയില്‍ ഉപയോക്താക്കളും ഇപ്പോഴും പാസ്‌കീ സെറ്റ് ചെയ്യാതെ, പാസ്‌വേഡുകള്‍ ഉപയോഗിച്ചാണ് ലോഗിന്‍ ചെയ്യുന്നത്. പാസ്‌വേഡുകള്‍ ഉപയോഗിച്ച് ജിമെയിലില്‍ ലോഗിന്‍ ചെയ്യുന്നവര്‍ ശക്തമായതും ഹാക്കര്‍മാര്‍ക്ക് എളുപ്പം കണ്ടെത്താന്‍ കഴിയാത്തതുമായ പാസ്‌വേഡുകള്‍ സൃഷ്‌ടിക്കണം. ഒന്നിലേറെ അക്കൗണ്ടുകളിലും വ്യത്യസ്‌തമായ പ്ലാറ്റ്‌ഫോമുകളിലും ഒരേ പാസ്‌വേഡ് ഉപയോഗിക്കുന്നത് ഹാക്കര്‍മാര്‍ക്ക് ജോലി എളുപ്പമാക്കും. അതിനാല്‍ ആ പ്രവണത ഒഴിവാക്കുന്നതാണ് നല്ലത്.

36 ശതമാനം അക്കൗണ്ട് ഉടമകള്‍ മാത്രമാണ് പാസ്‌വേഡുകള്‍ സ്ഥിരമായി അപ്‌ഡേറ്റ് ചെയ്യാറുള്ളൂ എന്ന് ഗൂഗിള്‍ പറയുന്നു. അതിനര്‍ഥം മറ്റുള്ള അക്കൗണ്ട് ഉടമകള്‍ ഉടനടി നിലവിലെ പാസ്‌വേഡ് മാറ്റണമെന്നും, സ്ഥിരമായി പാസ്‌വേഡുകള്‍ അപ്‌ഡേറ്റ് ചെയ്യുന്ന രീതി പിന്തുടരണമെന്നുമാണ്. ഗൂഗിള്‍ അക്കൗണ്ടുകളില്‍ ഏറ്റവും സുരക്ഷിതമായി ലോഗിന്‍ ചെയ്യാനുള്ള മാര്‍ഗം പാസ്‌കീകളാണ് എന്ന് ഗൂഗിള്‍ പറയുന്നു.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം

Read more Articles on
click me!

Recommended Stories

കണ്‍കുളിര്‍ക്കെ കണ്ട് മലയാളികള്‍; അന്താരാഷ്‌ട്ര ബഹിരാകാശ നിലയം കേരളത്തിന് മുകളിലൂടെ കടന്നുപോയി- വീഡിയോ
നിശബ്‌ദമായി രണ്ട് റീചാര്‍ജ് പ്ലാനുകള്‍ പിന്‍വലിച്ച് എയര്‍ടെല്‍; വരിക്കാര്‍ക്ക് തിരിച്ചടി