
രാജ്യത്ത് എത്ര ചെറിയ ആവശ്യങ്ങള്‍ക്ക് പോലും ഔദ്യോഗിക രേഖകളിലൊന്നാണ് ആധാര്‍. എന്തിനും ഏതിനും ഇന്നത്തെ കാലത്ത് ആധാര്‍ കാര്‍ഡോ നമ്പറോ അത്യാവശ്യമാണ്. അതേസമയം, യാത്രയ്ക്കിടയിലോ മറ്റോ ഒറിജിനല്‍ ആധാര്‍ കാര്‍ഡ് നഷ്‌ടപ്പെട്ടുപ്പോയാല്‍ ടെന്‍ഷനടിക്കേണ്ട. പുതിയതെടുക്കാന്‍ വഴിയുണ്ട്. ആധാര്‍ നമ്പര്‍ ഉപയോഗിച്ച് യുഐഡിഎഐ വെബ്‌സൈറ്റില്‍ നിന്ന് ഇ-ആധാര്‍ ഡൗണ്‍ലോഡ് ചെയ്യാം. ഇനി ആധാര്‍ നമ്പര്‍ അറിയില്ലെങ്കിലും ആധാര്‍ വിവരങ്ങള്‍ കണ്ടെത്താന്‍ വഴിയുണ്ട്. ആധാര്‍ കാര്‍ഡ് നഷ്‌ടപ്പെട്ടാല്‍ റീപ്രിന്‍റ് (ഡ്യൂപ്ലിക്കേറ്റ്) ലഭിക്കാന്‍ ഓണ്‍ലൈനായും ഓഫ്‌ലൈനായും അപേക്ഷിക്കാനും സാധിക്കും.
ആധാര്‍ കാര്‍ഡുകള്‍ നഷ്‌ടപ്പെട്ടാല്‍ നിങ്ങള്‍ക്ക് യുഐഡിഎഐ വെബ്‌സൈറ്റിലെ 'Rterieve UID/EID' ഓപ്ഷന്‍ ഉപയോഗപ്പെടുത്താം. മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കാത്ത സാഹചര്യത്തില്‍ ഓഫ്‌ലൈന്‍ രീതി പിന്തുടരേണ്ടതുണ്ട്. ഇതിന് അടുത്തുള്ള ആധാര്‍ എന്‍റോള്‍മെന്‍റ്/ അപ്‌ഡേറ്റ് സെന്‍റര്‍ സന്ദര്‍ശിക്കണം. അവിടെ യുഐഡിഎഐ ഹെല്‍പ്പ് ലൈന്‍ ഉണ്ടാകും.
ആധാര്‍ നമ്പര്‍ അറിയില്ലെങ്കില്‍ അത് കണ്ടെത്താനായി (മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്‌തിരിക്കുന്നവര്‍) ആദ്യം UIDAI-യുടെ ഔദ്യോഗിക വെബ്‌സൈറ്റായ https://myaadhaar.uidai.gov.in/rterieveeiduid സന്ദര്‍ശിക്കുക. ആധാര്‍ നമ്പര്‍ (UID) അല്ലെങ്കില്‍ എന്‍റോള്‍മെന്‍റ് ഐഡി (EID) വീണ്ടെടുക്കാന്‍, നിങ്ങളുടെ മുഴുവന്‍ പേര് (ആധാറിലുള്ളത് പോലെ), രജിസ്റ്റര്‍ ചെയ്‌ത മൊബൈല്‍ നമ്പര്‍ അല്ലെങ്കില്‍ ഇമെയില്‍ ഐഡി തുടങ്ങിയ വിശദാംശങ്ങള്‍ നല്‍കുക. ക്യാപ്‌ച നല്‍കി ഒടിപിക്ക് അഭ്യര്‍ഥിക്കുക. രജിസ്റ്റര്‍ ചെയ്‌ത മൊബൈല്‍/ ഇമെയിലില്‍ ലഭിച്ച ഒടിപി നല്‍കുക. വേരിഫിക്കേഷന്‍ പൂര്‍ത്തിയായ ഉടനെ നിങ്ങള്‍ക്ക് യുഐഡി അല്ലെങ്കില്‍ ഇഐഡി എസ്എംഎസ് ആയി ലഭിക്കും. ഈ സേവനം സൗജന്യമാണ്.
ആധാറുമായി മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്യാത്തവര്‍ ആധാര്‍ നമ്പര്‍ കണ്ടെത്താന്‍ അടുത്തുള്ള ആധാര്‍ എന്‍റോള്‍മെന്‍റ് അല്ലെങ്കില്‍ അപ്‌ഡേറ്റ് സെന്‍റര്‍ സന്ദര്‍ശിക്കണം എന്ന് നേരത്തെ സൂചിപ്പിച്ചുവല്ലോ. ആധാര്‍ എന്‍റോള്‍മെന്‍റ്/ അപ്‌ഡേറ്റ് സെന്‍ററിലെ ഓപ്പറേറ്റര്‍ക്ക് നിങ്ങളുടെ പേര്, ലിംഗഭേദം, ജില്ല അല്ലെങ്കില്‍ പിന്‍ കോഡ് തുടങ്ങിയ വിശദാംശങ്ങള്‍ നല്‍കുക. തുടര്‍ന്ന് നിങ്ങളുടെ ബയോമെട്രിക് പരിശോധന (വിരലടയാളം/ഐറിസ് സ്‌കാന്‍) പൂര്‍ത്തിയാക്കുക. ഈ വിശദാംശങ്ങള്‍ മാച്ചായാല്‍ ഇ-ആധാറിന്‍റെ പ്രിന്‍റ് ലഭിക്കും. ഇതിന് 30 രൂപ ചാര്‍ജ് ഈടാക്കും. ഈ ഇ-ആധാര്‍ രേഖയും ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം.
ആധാര്‍ യുഐഡിയോ ഇഐഡിയോ ഉപയോഗിച്ച് യുഐഡിഎഐ വെബ്‌സൈറ്റിലെ "Order Aadhaar PVC Card" എന്ന ഓപ്ഷന്‍ വഴി ആധാര്‍ പിവിസി കാര്‍ഡിന് അപേക്ഷിക്കാവുന്നതാണ്. കാര്‍ഡിന് 50 രൂപയാണ് ഫീസ്. ആധാര്‍ പിവിസി കാര്‍ഡ് സ്‌പീഡ് പോസ്റ്റ് വഴി നിങ്ങള്‍ക്ക് ലഭിക്കും.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം