വികസിത രാജ്യങ്ങൾ ഉൽപ്പാദനക്ഷമതയ്ക്ക് എഐ ഉപയോഗിക്കുമ്പോൾ, താഴ്ന്ന വരുമാനമുള്ള രാജ്യങ്ങൾ വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തുന്നത് ആഗോള സാമ്പത്തിക അന്തരം വർദ്ധിപ്പിക്കുമെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.
ആമസോണും ഗൂഗിളും പിന്തുണയ്ക്കുന്ന എഐ സ്റ്റാർട്ടപ്പ് കമ്പനിയായ ആന്ത്രോപിക് ഇന്ത്യയിൽ ആദ്യ ഓഫീസ് തുറക്കുകയാണ്. ഇതിനിടെ ആശങ്കാജനകമായ ഒരു റിപ്പോർട്ട് പുറത്തിറക്കിയിരിക്കുകയാണ് കമ്പനി. എഐയുടെ നേട്ടങ്ങൾ സമ്പന്ന രാജ്യങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നുവെന്നും ഇത് താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളെ പിന്നിലാക്കുന്നതിന്‍റെ ഗുരുതരമായ അപകടസാധ്യതയിലേക്ക് നയിക്കുമെന്നും ആന്ത്രോപിക്കിന്‍റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. വികസിത രാജ്യങ്ങൾ തൊഴിൽ ഉൽപ്പാദനക്ഷമതയ്ക്കായി എഐ ഉപയോഗിക്കുമ്പോൾ വികസ്വര രാജ്യങ്ങൾ ഇപ്പോഴും വിദ്യാഭ്യാസ ഉപയോഗങ്ങളിൽ മാത്രമായി എഐ പരിമിതപ്പെടുത്തിയിരിക്കുന്നുവെന്നും ഈ റിപ്പോർട്ട് പറയുന്നു.
സമ്പന്ന രാജ്യങ്ങൾക്ക് നൂതനമായ എഐ സാങ്കേതികവിദ്യകൾ സ്വന്തമാക്കാനായി പണം മുടക്കാനുള്ള കഴിവ് കൂടുതലാണെന്നാണെന്നും റിപ്പോർട്ട് പറയുന്നു. ഇത് സൂചിപ്പിക്കുന്നത് ഉൽപ്പാദനക്ഷമതാ നേട്ടങ്ങൾ വികസിത രാജ്യങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തിയാൽ, ദരിദ്ര രാജ്യങ്ങൾക്ക് മത്സരിക്കുക അസാധ്യമാകും എന്നാണ്.
ഡാറ്റകൾ എന്താണ് പറയുന്നത്?
ആന്ത്രോപിക് അതിന്‍റെ ക്ലൗഡ് ചാറ്റ്ബോട്ടുമായുള്ള ഒരുദശലക്ഷത്തിലധികം ഇടപെടലുകൾ വിശകലനം ചെയ്തു. അതിൽ സൗജന്യ ഉപയോക്താക്കൾ, പണമടച്ചുള്ള സബ്‌സ്‌ക്രൈബർമാർ, എന്റർപ്രൈസ് ക്ലയന്റുകൾ എന്നിവ ഉൾപ്പെടുന്നു. താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിലെ ഉപയോക്താക്കൾ നിലവിൽ സൗജന്യ എഐ ആക്‌സസിനെ ആശ്രയിക്കുകയും അടിസ്ഥാന വിദ്യാഭ്യാസത്തിനായി അത് ഉപയോഗിക്കുകയും ചെയ്യുന്നുണ്ടെന്ന് പഠനം കണ്ടെത്തി. ഇതിനു വിപരീതമായി യുഎസ്, യുകെ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിൽ, സങ്കീർണ്ണമായ സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗ്, വ്യക്തിഗത ഉൽപ്പാദനക്ഷമത, എന്റർപ്രൈസ് ജോലികൾ എന്നിവയ്ക്കായി എഐ ഉപയോഗിക്കുന്നുവെന്നും ആന്ത്രോപിക്ക് പഠനം കണ്ടെത്തി.
കൂടുതൽ വിദ്യാസമ്പന്നരായ ഉപയോക്താക്കൾക്ക് എഐയിൽ നിന്ന് മികച്ച ഫലങ്ങൾ നേടാൻ കഴിയുമെന്നും റിപ്പോർട്ട് വെളിപ്പെടുത്തി. അത്യാധുനിക പ്രോംപ്റ്റുകൾ ഉപയോഗിക്കുന്നതിലൂടെ അവർ കൂടുതൽ ഉൽപ്പാദനക്ഷമത കൈവരിക്കുന്നു. ഇത് നൈപുണ്യത്തിനും വിദ്യാഭ്യാസത്തിനുമുള്ള വിടവ് വർദ്ധിപ്പിക്കും. വരുന്ന ദശകത്തിൽ, ഏകദേശം 50 ശതമാനം ജോലികളിലെയും കുറഞ്ഞത് 25 ശതമാനം ജോലികളും എഐ ചെയ്യുമെന്ന് ആന്ത്രോപിക് പഠന റിപ്പോർട്ട് കണക്കാക്കുന്നു. കഴിഞ്ഞ വർഷം ഇത് 36 ശതമാനമായിരുന്നു. നിലവിൽ, ക്ലൗഡിന്റെ ഏറ്റവും വലിയ ഉപയോക്തൃ അടിത്തറയിൽ അമേരിക്ക, ഇന്ത്യ, ജപ്പാൻ, യുകെ, ദക്ഷിണ കൊറിയ എന്നിവ ഉൾപ്പെടുന്നു. ബ്രസീൽ, ബാൾക്കൻ രാജ്യങ്ങളിലാണ് എന്റർപ്രൈസ് ഉപയോഗം കൂടുതലുള്ളത്. അതേസമയം വിദ്യാഭ്യാസ എഐ ഉപയോഗത്തിൽ ഇന്തോനേഷ്യ മുന്നിലാണ്.


