
ദില്ലി: ഡിജിറ്റൽ സിം കാർഡായ ഇ-സിം ഉപയോഗിച്ച് സൈബർ കുറ്റവാളികൾ നടത്തുന്ന ഒരു പുതിയ തട്ടിപ്പ് രീതിയെക്കുറിച്ച് രാജ്യത്തെ മൊബൈൽ ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. ഈ സൈബർ തട്ടിപ്പ് വളരെ അപകടകരമാണ്, തട്ടിപ്പുകാർക്ക് ഒടിപി അല്ലെങ്കിൽ എടിഎം വിശദാംശങ്ങൾ നൽകാതെ തന്നെ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് മിനിറ്റുകൾക്കകം പണം കവരാൻ കഴിയുമെന്നുമാണ് മുന്നറിയിപ്പ്. അടുത്തിടെ, ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് നടന്ന ഇത്തരമൊരു തട്ടിപ്പിൽ ഒരാളുടെ അക്കൗണ്ടിൽ നിന്ന് നാല് ലക്ഷം രൂപയോളം നഷ്‍ടമായി. ഇതിനുശേഷം, ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്‍റർ (I4C) ആളുകൾ ജാഗ്രത പാലിക്കാൻ നിർദ്ദേശിച്ചു.
പുതിയ തട്ടിപ്പ് ഇങ്ങനെ
നിങ്ങളുടെ മൊബൈൽ സേവനദാതാവിൽ നിന്നാണെന്ന് അവകാശപ്പെടുന്ന ഒരു ഫോൺ കോളോ എസ്എംഎസോ ഉപയോഗിച്ചാണ് ഈ പുതിയ തട്ടിപ്പ് ആരംഭിക്കുന്നത്. തുടർന്ന് തട്ടിപ്പുകാർ എസ്എംഎസ് അല്ലെങ്കിൽ ഇമെയിൽ വഴി ഒരു വ്യാജ ഇ-സിം ആക്‌ടിവേഷൻ ലിങ്ക് അയയ്ക്കുന്നു. ഒരിക്കൽ ഈ ലിങ്കിൽ ക്ലിക്ക് ചെയ്‌താൽ, നിങ്ങളുടെ ഫിസിക്കൽ സിം നിർജ്ജീവമാകും. ഇതോടെ നിങ്ങളുടെ ഫോണിന്‍റെ സിഗ്നൽ നഷ്‌ടപ്പെടും. നിങ്ങളുടെ നമ്പർ സ്‌കാമർമാരുടെ ഡിവൈസിലേക്ക് മാറുന്നു. ഇപ്പോൾ എല്ലാ കോളുകളും സന്ദേശങ്ങളും ഒടിപിയും നേരിട്ട് അവരിലേക്ക് പോകുന്നു. ഈ ഒടിപികൾ ഉപയോഗിച്ച് തട്ടിപ്പുകാർക്ക് ഫിസിക്കൽ കാർഡുകളുടെയോ പാസ്‌വേഡുകളുടെയോ ആവശ്യമില്ലാതെ തന്നെ ഇടപാടുകൾ അംഗീകരിക്കാനും നിങ്ങളുടെ പാസ്‌വേഡുകൾ റീ-സെറ്റ് ചെയ്യാനും പണം കൈക്കലാക്കാനും സാധിക്കും.
ഇ-സിം എങ്ങനെ പ്രവർത്തിക്കുന്നു? എന്തുകൊണ്ട് ഇത് അപകടകരമാണ്?
ഉപയോക്താക്കളുടെ സൗകര്യാർഥം രൂപകൽപ്പന ചെയ്‌തതാണ് ഇ-സിം സാങ്കേതികവിദ്യ. എന്നാൽ അതേ സൗകര്യം ഹാക്കർമാർക്ക് നിങ്ങളുടെ ഡിജിറ്റൽ ഐഡന്‍റിറ്റിയിലേക്കും സാമ്പത്തിക ഇടപാടുകളിലേക്കും വേഗത്തിൽ പ്രവേശിക്കാനുള്ള അവസരം നൽകുന്നു. ഇ-സിം ഉപയോഗിക്കുന്നവരുടെ മൊബൈൽ നമ്പർ അപഹരിക്കപ്പെട്ടാൽ യുപിഐ അല്ലെങ്കിൽ എടിഎം സേവനങ്ങൾ പ്രവർത്തനരഹിതമാക്കിയാൽപ്പോലും സുരക്ഷിതരായിരിക്കില്ല.
എങ്ങനെ സുരക്ഷിതരാകാം?
1. അജ്ഞാത ലിങ്കുകൾ അവഗണിക്കുക
നിങ്ങളുടെ ഇ-സിം മാനേജ് ചെയ്യുമ്പോൾ നിങ്ങളുടെ സേവനദാതാവിന്‍റെ ആപ്പോ വെബ്‌സൈറ്റോ മാത്രം ഉപയോഗിക്കുക.
2. ഒരിക്കലും ഒടിപികളോ വ്യക്തിഗത വിവരങ്ങളോ പങ്കിടരുത്.
ബാങ്കുകളോ ടെലികോം കമ്പനികളോ ഒരിക്കലും നിങ്ങളോട് കോളുകളിലൂടെയോ എസ്എംഎസിലൂടെയോ സെൻസിറ്റീവ് വിവരങ്ങൾ ആവശ്യപ്പെടില്ല.
3. പെട്ടെന്നുള്ള സിഗ്നൽ നഷ്‍ടം നിരീക്ഷിക്കുക
അപ്രതീക്ഷിതമായി കോളുകളോ ഡാറ്റയോ ഡ്രോപ്പ് ആയാല്‍ ജാഗ്രത പുലര്‍ത്തുക
4. ആവശ്യമെങ്കിൽ നിങ്ങളുടെ നമ്പർ ഫ്രീസ് ചെയ്യുക
ഹൈജാക്കിംഗ് സംശയിക്കുന്നുവെങ്കിൽ ഉടൻ തന്നെ നിങ്ങളുടെ ടെലികോം സേവനദാതാവിനെയും ബാങ്കിനെയും അറിയിക്കുക.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം