ക്വയ്റ്റ് മോഡിലിട്ടാൽ ബ്രേക്കെടുക്കാം ; പുതിയ അപ്ഡേറ്റുമായി ഇൻസ്റ്റാഗ്രാം

By Web TeamFirst Published Jan 24, 2023, 2:12 AM IST
Highlights

ഇൻസ്റ്റാഗ്രാം പുതിയ മോഡ് അവതരിപ്പിച്ചിട്ടുണ്ട്. ക്വയ്റ്റ് മോഡ്  എന്നറിയപ്പെടുന്ന ഈ സംവിധാനം വഴി ആപ്പിൽ നിന്നുള്ള നോട്ടിഫിക്കേഷനുകൾ നിർത്തിവെച്ച് ഉപഭോക്താക്കൾക്ക് ഇടവേളയെടുക്കാം. 

ഇൻസ്റ്റഗ്രാമിൽ കൂടുതൽ നേരം ചെലവിടുന്നുണ്ടോ ? എങ്കിൽ ആപ്പിൽ നിന്നുള്ള നോട്ടിഫിക്കേഷനുകൾ നിർത്തിവെച്ച് ഇനി ഇടവേളയെടുക്കാം. സമൂഹമാധ്യമത്തിൽ ചിലവിടുന്ന നേരം കുറയ്ക്കാൻ നിരവധി പേരെ പുതിയ അപ്ഡേഷൻ സഹായിക്കും. ഇൻസ്റ്റാഗ്രാം പുതിയ മോഡ് അവതരിപ്പിച്ചിട്ടുണ്ട്. ക്വയ്റ്റ് മോഡ്  എന്നറിയപ്പെടുന്ന ഈ സംവിധാനം വഴി ആപ്പിൽ നിന്നുള്ള നോട്ടിഫിക്കേഷനുകൾ നിർത്തിവെച്ച് ഉപഭോക്താക്കൾക്ക് ഇടവേളയെടുക്കാം. 

ക്വയ്റ്റ് മോഡ് ഓണാക്കി കഴിഞ്ഞാൽ പിന്നീട് നോട്ടിഫിക്കേഷനുകൾ ഒന്നും ലഭിക്കില്ല. നിങ്ങളുടെ പ്രൊഫൈൽ പേജിൽ നിന്ന്  അക്കൗണ്ട് ക്വയ്റ്റ് മോഡിലാണ് എന്ന് മറ്റുള്ളവർക്ക് അറിയാനും സാധിക്കും. നിലവിൽ യുഎസ്, യുകെ, അയർലണ്ട്, കാനഡ, ഓസ്‌ട്രേലിയ, ന്യൂസീലൻഡ് എന്നിവിടങ്ങളിൽ ഈ മോഡ് ലഭ്യമാക്കിയിട്ടുണ്ട്. മറ്റ് രാജ്യങ്ങളിൽ ഉടനെ  ഈ ഫീച്ചർ അവതരിപ്പിക്കും. ക്വയ്റ്റ് മോഡ് ഓണാക്കാൻ എളുപ്പമാണ്. ഇൻസ്റ്റഗ്രാമിലെ സെറ്റിങ്സിൽ പോയി നോട്ടിഫിക്കേഷൻസ് ക്ലിക്ക് ചെയ്യുക. അതിനു ശേഷം ക്വയ്റ്റ് മോഡ് ഓണാക്കി കൊടുത്താൽ മതിയാകും. ഇതിനു പിന്നാലെ ഇൻസ്റ്റാഗ്രാമിൽ എന്തെല്ലാം കാണണം എന്ന് തീരുമാനിക്കാനുള്ള ഓപ്ഷൻ കൂടി നല്കുകയാണ് ആപ്പ് നിലവിൽ.  എക്‌സ്‌പ്ലോർ പേജിൽ നിന്നും ഉപഭോക്താവിന് താല്പര്യമില്ലാത്ത ഒന്നിൽക്കൂടുതൽ ഉള്ളടക്കങ്ങൾ തെര‍ഞ്ഞെടുക്കാം. എന്നിട്ട് നോട്ട് ഇൻട്രസ്റ്റഡ് മാർക്ക് ചെയ്താല്‌ പണി കഴിഞ്ഞു. 

ഇത്തരത്തിൽ ഒഴിവാക്കുന്നവയ്ക്ക് സമാനമായ ഉള്ളടക്കങ്ങൾ എക്‌സ്‌പ്ലോർ ടാബിലും റീൽസിലും സെർച്ചിലുമൊന്നും കാണിക്കില്ല. കൂടാതെ ചില വാക്കുകൾ ഉൾപ്പെടുന്ന  മെസെജുകൾ ബ്ലോക്ക് ചെയ്യാനും ഇൻസ്റ്റാഗ്രാമിൽ സൗകര്യമുണ്ട്.  ഉള്ളടക്കങ്ങൾ സജസ്റ്റ് ചെയ്യുന്നതിലും ഈ സംവിധാനം ലഭ്യമാണ്. ഒന്നോ അതിലധികമോ വാക്കുകൾ, ഇമോജികൾ, ഹാഷ്ടാഗുകൾ  തുടങ്ങിയവ ഉൾപ്പെട്ട പോസ്റ്റുകൾ സജസ്റ്റ് ചെയ്യുന്നത് ഒഴിവാക്കാൻ ഇത് സഹായിക്കും.  ഇതിനായി പ്രൈവസി സെറ്റിങ്‌സിൽ ഹിഡൻ വേഡ്‌സ് എന്ന പേരിൽ ഒരു സെക്ഷൻ തന്നെയുണ്ട്.

Read Also; ട്വിറ്റര്‍ ലാഭത്തിലാക്കാനും വരുമാനത്തിനും പുതിയ പദ്ധതിയുമായി മസ്ക്

click me!