
ഗുവാഹത്തി: അന്താരാഷ്ട്ര അതിർത്തികളിൽ പ്രവർത്തിക്കാൻ സാധിക്കുന്ന വിധത്തിലുള്ള നൂതന റോബോട്ടുകൾ ഗുവാഹത്തിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) ഗവേഷകർ വികസിപ്പിച്ചെടുത്തതായി റിപ്പോർട്ട്. വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശങ്ങളിൽ എഐ-പവർഡ് നിരീക്ഷണവും തടസമില്ലാത്ത, തത്സമയ നിരീക്ഷണവും ഇത് വാഗ്ദാനം ചെയ്യുന്നു.
ഗുവാഹത്തി ഐഐടിയുടെ പിന്തുണയുള്ള സ്റ്റാർട്ടപ്പായ ഡോ സ്പേഷ്യോ റോബോട്ടിക് ലബോറട്ടറി പ്രൈവറ്റ് ലിമിറ്റഡ് (ഡിഎസ്ആർഎൽ) വികസിപ്പിച്ചെടുത്ത ഈ റോബോട്ടുകൾക്ക് ഇന്ത്യയുടെ പ്രതിരോധ അടിസ്ഥാന സൗകര്യങ്ങളുമായി സംയോജിപ്പിക്കാനുള്ള കഴിവുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇതിന് പ്രതിരോധ ഗവേഷണ വികസന സംഘടനയുടെ അംഗീകാരവും ലഭിച്ചിട്ടുണ്ട്. ഈ നിരീക്ഷണ സംവിധാനത്തിനായി ഇന്ത്യൻ സൈന്യം ഇതിനകം തന്നെ ഫീൽഡ് പരീക്ഷണങ്ങൾ നടത്തിവരികയാണ്.
ഈ എഐ അധിഷ്ഠിത ഓട്ടോമേറ്റഡ് റോബോട്ടുകൾ നിരവധി പ്രശ്‍നങ്ങൾ പരിഹരിക്കുന്നുവെന്ന് ഡിഎസ്ആർഎൽ സിഇഒ അർണാബ് കുമാർ ബർമൻ പറഞ്ഞു. ഡ്രോണുകൾ, സ്റ്റേഷണറി ക്യാമറകൾ, മാനുവൽ പട്രോളിംഗ് എന്നിവയെ ആശ്രയിക്കുന്ന പരമ്പരാഗത സുരക്ഷാ നടപടികളിൽ നിന്ന് വ്യത്യസ്‍തമായി, ഈ ഓട്ടോമേറ്റഡ് റോബോട്ടിക് സംവിധാനം ഭൂപ്രകൃതി, കാലാവസ്ഥ തുടങ്ങിയ പരിമിതികളെ മറികടക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
തദ്ദേശീയമായ ഹൈടെക് പരിഹാരങ്ങൾ ഉപയോഗിച്ച് ദേശീയ സുരക്ഷ ശക്തിപ്പെടുത്താനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെയാണ് ഈ നവീകരണം പ്രതീകപ്പെടുത്തുന്നതെന്ന് ഐഐടി ഗുവാഹത്തിയിലെ ടെക്‌നോളജി ഇൻകുബേഷൻ സെന്‍റർ മേധാവി കെയൂർ സൊറാത്തിയ പറഞ്ഞു. ഈ റോബോട്ടുകൾക്ക് പ്രതിരോധ ഗവേഷണ വികസന സംഘടനയുടെ (ഡിആർഡിഒ) അംഗീകാരവും ലഭിച്ചിട്ടുണ്ട്. ഇത് ഈ റോബോട്ടിനെ രാജ്യത്തിന്റെ പ്രതിരോധ ഘടനയിൽ ഇവ ഉൾപ്പെടുത്താനുള്ള സാധ്യതയെ സൂചിപ്പിക്കുന്നു.
ആളുകൾക്ക് എത്തിപ്പെടാന്‍ പ്രയാസമുള്ള പ്രദേശങ്ങളിൽ ഈ സാങ്കേതികവിദ്യ പ്രത്യേകിച്ചും ഉപയോഗപ്രദമാകും. ഈ റോബോട്ടുകൾക്ക് രാവും പകലും പ്രവർത്തിക്കാൻ മാത്രമല്ല, കാലാവസ്ഥയുടെ വെല്ലുവിളികളെ നേരിടാനും കഴിയും. അതിർത്തിയിലെ നുഴഞ്ഞുകയറ്റവും സംശയാസ്‍പദമായ പ്രവർത്തനങ്ങളും നിരീക്ഷിക്കുന്നത് ഇത് എളുപ്പമാക്കും. ഇന്ത്യയിലെ സ്റ്റാർട്ടപ്പ് സംരംഭങ്ങളുടെ വളർന്നുവരുന്ന ശക്തിയും സാങ്കേതിക നവീകരണവും ഈ സ്റ്റാർട്ടപ്പിന്‍റെ വിജയം കാണിക്കുന്നു. വരും ദിവസങ്ങളിൽ ഈ റോബോട്ടുകളുടെ വ്യാപകമായ ഉപയോഗം മൂലം രാജ്യത്തിന്റെ സുരക്ഷാ സംവിധാനത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം.
Read more: മൊബൈലില്‍ സ്ഥലമില്ലേ, 50 ജിബി സൗജന്യ സ്റ്റോറേജ് നേടാം; ജിയോക്ലൗഡിന്‍റെ ഏറ്റവും പുതിയ ഓഫര്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം