ഒഡിഷയിൽ ഇന്ത്യയുടെ ആദ്യ 3ഡി ചിപ്പ് പാക്കേജിംഗ് പ്ലാന്‍റ്; സെമികണ്ടക്‌ടർ രംഗത്ത് വലിയ മുന്നേറ്റം

Published : Apr 20, 2026, 03:26 PM IST
AI Chip

Synopsis

ഇന്ത്യയുടെ ആദ്യത്തെ അത്യാധുനിക 3D ചിപ്പ് പാക്കേജിംഗ് പ്ലാന്‍റ് ഒഡിഷയിലെ ഭുവനേശ്വറിൽ സ്ഥാപിക്കുന്നു. അമേരിക്കൻ കമ്പനിയായ 3D ഗ്ലാസ് സൊലൂഷൻസ് നടപ്പാക്കുന്ന ഈ പദ്ധതി, ഗ്ലാസ് സബ്സ്ട്രേറ്റ് സാങ്കേതികവിദ്യ ഉപയോഗിച്ച് രാജ്യത്തിന്‍റെ സാങ്കേതിക സ്വയംപര്യാപ്തതയ്ക്ക് വലിയ മുതൽക്കൂട്ടാകും.

ഭുവനേശ്വര്‍: ഇന്ത്യയുടെ സെമികണ്ടക്‌ടർ രംഗത്ത് നിർണായക മുന്നേറ്റമായി ആദ്യത്തെ അത്യാധുനിക 3D ചിപ്പ് പാക്കേജിംഗ് പ്ലാന്‍റ് സ്ഥാപിക്കാനുള്ള പദ്ധതി ആരംഭിച്ചു. ഒഡിഷയിലെ ഭുവനേശ്വറിൽ ഈ ആധുനിക പ്ലാന്‍റിന്‍റെ ശിലാസ്ഥാപനം നടന്നു. ഇത് രാജ്യത്തിന്‍റെ സാങ്കേതിക സ്വയംപര്യാപ്‍തതയിലേക്ക് വലിയ ചുവടുവെപ്പായി വിലയിരുത്തപ്പെടുന്നു.

അമേരിക്ക ആസ്ഥാനമായ 3D ഗ്ലാസ് സൊലൂഷൻസ് ആണ് ഈ പദ്ധതി നടപ്പാക്കുന്നത്. കമ്പനിയുടെ ഇന്ത്യൻ ഘടകമായ ഹെറ്ററോജീനിയസ് ഇന്‍റഗ്രേഷൻ പാക്കേജിംഗ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് മുഖേനയാണ് പ്ലാന്‍റ് നിർമ്മിക്കുന്നത്. ഇന്‍റൽ പോലുള്ള ആഗോള ടെക് ഭീമന്മാരുടെ പിന്തുണ ഈ പദ്ധതിക്ക് ലഭിക്കുന്നത് ഇന്ത്യയുടെ സെമികണ്ടക്‌ടർ മേഖലയിലേക്കുള്ള അന്താരാഷ്ട്ര വിശ്വാസം വർധിച്ചതിന്‍റെ സൂചനയായി കണക്കാക്കുന്നു.

പരമ്പരാഗത ചിപ്പ് നിർമ്മാണത്തിൽ നിന്ന് വ്യത്യസ്‍തമായി, അഡ്വാൻസ്‌ഡ് പാക്കേജിംഗിലാണ് ഈ പ്ലാന്‍റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഗ്ലാസ് സബ്സ്ട്രേറ്റ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിലൂടെ ഉയർന്ന പ്രകടനവും മെച്ചപ്പെട്ട താപനിയന്ത്രണവും കുറഞ്ഞ വൈദ്യുതി നഷ്‍ടവും ഉറപ്പാക്കാൻ സാധിക്കും. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, ഹൈ പെർഫോർമൻസ് കമ്പ്യൂട്ടിംഗ്, ടെലികോം, പ്രതിരോധ മേഖലകൾ എന്നിവയ്ക്ക് ഈ സാങ്കേതികവിദ്യ നിർണായകമാണ്.

ഏകദേശം 2,000 കോടി നിക്ഷേപത്തിൽ നടപ്പാക്കുന്ന ഈ പദ്ധതിയിൽ പ്രതിവർഷം 70,000 ഗ്ലാസ് പാനലുകളും അഞ്ച് കോടി സെമികണ്ടക്‌ടർ യൂണിറ്റുകളും 13,000 3D ഇന്‍റഗ്രേഷൻ മോഡ്യൂളുകളും നിർമ്മിക്കാനാണ് ലക്ഷ്യം. ഡാറ്റ സെന്‍ററുകൾ, 5ജി-6ജി നെറ്റ്‌വർക്കുകൾ, ഓട്ടോമോട്ടീവ് റഡാർ, എയർസ്പേസ്, ഫോട്ടോണിക്‌സ് തുടങ്ങിയ മേഖലകൾക്ക് ഇതിലൂടെ സേവനം ലഭിക്കും.

ചടങ്ങിൽ സംസാരിച്ച ഒഡിഷ മുഖ്യമന്ത്രി മോഹൻ ചരൺ മാഝി, ഇത് സംസ്ഥാനത്തിനും രാജ്യത്തിനും “ചരിത്രപരമായ നേട്ടം” ആണെന്ന് വ്യക്തമാക്കി. ഇന്ത്യയിൽ ആദ്യമായാണ് ഗ്ലാസ് അധിഷ്‌ഠിത 3D സെമികണ്ടക്ടർ പാക്കേജിംഗ് യൂണിറ്റ് സ്ഥാപിക്കപ്പെടുന്നത് എന്നും അദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയുടെ സെമികണ്ടക്‌ടർ മേഖല വേഗത്തിൽ വികസിച്ചുകൊണ്ടിരിക്കുകയാണെന്നും ഒഡീഷ പുതിയ ടെക് ഹബ്ബായി ഉയർന്നുവരുകയാണെന്നും കേന്ദ്ര മന്ത്രി അശ്വിനി വൈഷ്‌ണവ് പറഞ്ഞു.

പദ്ധതി ഏകദേശം 2,500-ഓളം നേരിട്ടും പരോക്ഷവുമായ തൊഴിലവസരങ്ങൾ സൃഷ്‍ടിക്കും എന്ന് പ്രതീക്ഷിക്കുന്നു. 2028 ഓഗസ്റ്റോടെ ഉത്പാദനം ആരംഭിച്ച് 2030-ഓടെ പൂർണ്ണ ശേഷിയിൽ പ്രവർത്തനം ആരംഭിക്കുമെന്നാണ് ലക്ഷ്യം. ഇതോടെ ഇന്ത്യ ആഗോള സെമികണ്ടക്ടർ രംഗത്ത് ശക്തമായ സ്ഥാനമുറപ്പിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

6500 എംഎഎച്ച് ബാറ്ററിയുമായി ടെക്നോ പോപ് എക്‌സ് 5ജി ഇന്ത്യയിൽ; വില അറിയാം
ഉപഭോക്താക്കള്‍ക്ക് തിരിച്ചടി; സ്വപ്‌ന റീചാര്‍ജ് പ്ലാനിന്‍റെ വില കൂട്ടി എയര്‍ടെല്‍