ചൈനക്ക് പിന്നാലെ ഇന്ത്യയും; ലോകത്തിലെ ഏറ്റവും വലിയ ഫേഷ്യൽ റെക്കഗ്നിഷൻ നെറ്റ്‌വർക്ക് ഉടൻ

By Web TeamFirst Published Sep 24, 2019, 6:12 PM IST
Highlights

പൊതു ഇടങ്ങളിൽ സ്ഥാപിക്കപ്പെടുന്ന നിരീക്ഷണ കാമറകൾ പലതും നെറ്റ്‌വർക്ക് അടിസ്ഥാനപ്പെടുത്തിയുള്ളവയാണ്. അതുകൊണ്ടുതന്നെ അനധികൃതമായി ഹാക്കിങ്ങും മറ്റും നടക്കാനും ഇങ്ങനെ ശേഖരിക്കപ്പെടുന്ന ഡാറ്റ മോഷ്ടിക്കപ്പെടാനും സാധ്യത വളരെയധികമാണ്.

ഇന്ത്യയിൽ ഇനി സർവൈലൻസ് അഥവാ നിരീക്ഷണ സാങ്കേതിക വിദ്യ പ്രദാനം ചെയ്യുന്ന കമ്പനികൾക്ക് കൊയ്ത്തുകാലമാണ് വരാനിരിക്കുന്നത്. വ്യക്തികളുടെ സ്വകാര്യതയ്ക്കായി വാദിക്കുന്നവർക്ക് പുതിയ തലവേദനകൾ സമ്മാനിക്കുന്ന ഒരു നയപ്രഖ്യാപനമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. നരേന്ദ്ര മോദി സർക്കാർ, അടുത്ത മാസം തന്നെ ഫേഷ്യൽ റെക്കഗ്നിഷൻ അഥവാ ഒരാളുടെ മുഖത്തിന്റെ ചിത്രത്തെ വിശകലനം ചെയ്തുകൊണ്ട് അയാളെ തിരിച്ചറിയാൻ സാധിക്കുന്ന സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിക്കൊണ്ട് അത്തരത്തിലുള്ള സ്കാൻ ഡാറ്റയുടെ ഒരു വലിയ ശേഖരം തന്നെ തുടങ്ങാനുള്ള പദ്ധതി പ്രഖ്യാപിക്കാനിടയുണ്ടത്രേ. 

നഗരങ്ങളുടെ ഹൃദയഭാഗങ്ങളിൽ സ്ഥാപിക്കപ്പെടാൻ പോകുന്ന ഉയർന്ന നിലവാരമുള്ള സർവൈലൻസ് കാമറകൾ അവയ്ക്കുമുന്നിലൂടെ കടന്നു പോകുന്ന ആളുകളുടെ ചിത്രങ്ങൾ നിരന്തരം എടുത്തുകൊണ്ടിരിക്കും. മുഖം വളരെ വ്യക്തമായി കിട്ടുന്ന രീതിയിൽ എടുക്കപ്പെടുന്ന ഈ ചിത്രങ്ങൾ സൂപ്പർ കമ്പ്യൂട്ടർ ശൃഖംലകളിൽ ശേഖരിക്കപ്പെടും . അവ നമ്മുടെ സുരക്ഷാ ഏജൻസികൾക്ക് ഏതുസമയവും വിശകലനങ്ങൾക്കായി ലഭ്യമാക്കപ്പെടും. ഉദാഹരണത്തിന്, റോ നാളെ കാശ്മീരിൽ വെച്ച് ഒരാളെപ്പറ്റി അടിയന്തര ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു എന്നിരിക്കട്ടെ. ഈ സംവിധാനം നിലവിൽ വരുമ്പോഴേക്കും കശ്മീർ മുതൽ കന്യാകുമാരി വരെയുള്ള നഗരങ്ങളിലെല്ലാം തന്നെ ഇത്തരത്തിലുള്ള കാമറയുടെ നിരീക്ഷണ സംവിധാനം കൊണ്ടുവരികയും അവയിലെ ഫോട്ടോകൾ തത്സമയം സെർവറിൽ ശേഖരിക്കപ്പെട്ട ഫേഷ്യൽ റെക്കഗ്നിഷന് വിധേയമാക്കപ്പെടുകയും ചെയ്യും. ഇത്തരത്തിൽ ഒരു ലുക്ക് ഔട്ട് നോട്ടീസ് വരുന്ന പക്ഷം തത്സമയം തന്നെ മേൽപ്പറഞ്ഞ എല്ലാ നഗരങ്ങളിലെയും ചിത്രങ്ങൾ വിശകലനം ചെയ്യപ്പെടുകയും പ്രസ്തുത വ്യക്തി ഈ നഗരങ്ങളി ഏതിലെങ്കിലും ഉണ്ടോ എന്നുള്ള വിവരം റോ'ക്ക് കൈമാറപ്പെടുകയും ചെയ്യും. എൻഐഎ, സിബിഐ, ക്രൈംബ്രാഞ്ച് തുടങ്ങിയ എല്ലാ അന്വേഷണ ഏജൻസികൾക്കും ഈ സംവിധാനം പ്രയോജനപ്പെടുത്താനാവും എന്നാണ് സർക്കാർ പറയുന്നത്.

ഇന്ത്യൻ പൊലീസ് ലോകരാഷ്ട്രങ്ങളിൽ വെച്ച് ഏറ്റവും 'അണ്ടര്‍ സ്റ്റാഫ്‌ഡ്' ആയിട്ടുള്ള പൊലീസ് സേനകളിൽ ഒന്നാണ്.  724  പൗരന്മാർക്ക് ഒരു പൊലീസ് ഉദ്യോഗസ്ഥനെന്നതാണ് ഇപ്പോഴത്തെ കണക്ക്. നമ്മുടെ കുറ്റാന്വേഷണ സംവിധാനങ്ങളെ അമേരിക്കയും ബ്രിട്ടനും ഇസ്രയേലും പോലുള്ള ലോകരാഷ്ട്രങ്ങളുടെ നിലവാരത്തിലേക്ക് ഉയർത്താൻ വേണ്ടിയാണ് ഇങ്ങനെ ചില പരിഷ്കാരങ്ങളെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത് എങ്കിലും,  ഇതിനു പിന്നിലെ ബിസിനസ് താത്പര്യങ്ങൾ ചില കേന്ദ്രങ്ങളെയെങ്കിലും അസ്വസ്ഥമാക്കുന്നുണ്ട്. 2024 -ൽ ഇന്ത്യയിലെ ഫേഷ്യൽ റെക്കഗ്നിഷൻ മാർക്കറ്റ് 430 കോടി ഡോളറിന്റേതായി മാറും എന്നാണ് പ്രവചനങ്ങൾ. അത് ഏതാണ്ട് പൂർണമായും തന്നെ പോവാനിരിക്കുന്നത് സ്വകാര്യ കമ്പനികൾക്കാണ്. അത് അഴിമതിക്ക് കാരണമാകും എന്നാണ് വിമർശകർ പറയുന്നത്. 

എന്നാൽ അതുമാത്രമല്ല ഇവിടെ ആശങ്കകൾക്ക് കാരണമാകുന്നത്. ഇന്ത്യയിൽ വേണ്ടത്ര ഡാറ്റാ പ്രൈവസി നിയമങ്ങൾ നിലവിലില്ല. വ്യക്തിയുടെ സ്വകാര്യതയുടെമേൽ ഗവണ്മെന്റുകളുടെ കടന്നുകയറ്റം തടയാനുള്ള നിയമങ്ങൾ ഒന്നും തന്നെ നിലവിലില്ല. വേണ്ടത്ര മുൻകരുതലുകളും ദുരുപയോഗം തടയാനുള്ള നിയമങ്ങളും ഇല്ലെങ്കിൽ ചൈനയിലേതുപോലെ ജനാധിപത്യ ധ്വംസനങ്ങൾക്ക് ഈ പുതിയ നീക്കങ്ങൾ വഴിവെക്കുമെന്ന് ഈ രംഗത്തെ അവകാശങ്ങൾക്കായി പോരാടുന്ന സംഘടനകൾ പറയുന്നു. 

ഇത്തരത്തിൽ പൊതു ഇടങ്ങളിൽ സ്ഥാപിക്കപ്പെടുന്ന നിരീക്ഷണ കാമറകൾ പലതും നെറ്റ്‌വർക്ക് അടിസ്ഥാനപ്പെടുത്തിയുള്ളവയാണ്. അതുകൊണ്ടുതന്നെ അനധികൃതമായി ഹാക്കിങ്ങും മറ്റും നടക്കാനും ഇങ്ങനെ ശേഖരിക്കപ്പെടുന്ന ഡാറ്റ മോഷ്ടിക്കപ്പെടാനും സാധ്യത വളരെയധികമാണ്. എൻക്രിപ്‌ഷൻ തുടങ്ങിയവയ്ക്കുള്ള സംവിധാനങ്ങൾ വളരെ ശക്തമാക്കേണ്ടി വരും. ഇപ്പോൾ ഈ മാർക്കറ്റിൽ നിലവിലുള്ളത് ഹിക് വിഷൻ, സിപി പ്ലസ്, ദഹുവ, പാനസോണിക്, ബോഷ്, ഹണിവെൽ തുടങ്ങിയ കമ്പനികളാണ്. ഇന്ത്യൻ കമ്പനികൾക്ക് ഇപ്പോൾ നിഷ്‌കർഷിച്ചിട്ടുള്ള സാങ്കേതിക വിദ്യ ലഭ്യമല്ലാത്തതുകൊണ്ട്  ടെൻഡറുകൾ വിദേശകമ്പനികൾക്ക് പോകാനാണ് സാധ്യത. 

ഇന്ത്യ ഇത്തരത്തിലുള്ള ഒരു സംവിധാനത്തെപ്പറ്റി ചിന്തിക്കുന്നത് ചൈനയുടെ മാതൃക കണ്ടിട്ടാണ്. എന്നാൽ പ്രസ്തുത മാതൃക, ലോകരാഷ്ട്രങ്ങളിൽ പലതും നിശിതമായി വിമർശിച്ചിട്ടുള്ള ഒന്നാണ് എന്നതാണ് സത്യം. സ്വന്തം നാട്ടിൽ രണ്ടാം കിട പൗരന്മാരായി ചൈനീസ് സർക്കാർ കാണുന്ന ഉയിഗുറുകളെ രഹസ്യമായി നിരീക്ഷിക്കാനും അവരോട് വിവേചനപരമായ പെരുമാറാനുമാണ് ചൈനീസ് ഗവണ്മെന്റ് ഈ സാങ്കേതികവിദ്യ ഇപ്പോൾ ഉപയോഗിച്ച് പോരുന്നത്. ഉയിഗുറുകളെ അവരുടെ മുഖത്തിന്റെ സവിശേഷതകളിലൂടെ കണ്ടെത്തി ഓട്ടോമാറ്റിക് ആയി നടപടികൾക്ക് തുടക്കമിടാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വരെ ചൈനീസ് സർക്കാർ പ്രയോജനപ്പെടുത്താൻ ഉദ്ദേശിക്കുന്നുണ്ട്.  ഇത്തരത്തിൽ സാങ്കേതികവിദ്യയെ ആശ്രയിക്കുന്നതിലൂടെ വംശവെറിയെ 'ഓട്ടോമൈസ്' ചെയ്യുകയാണ് ചൈന ചെയ്തിരിക്കുന്നത്. ആ പേടി തന്നെയാണ് ഇന്ത്യയിലെ മനുഷ്യാവകാശസംഘടനകളും തുടക്കം മുതൽക്കുതന്നെ പ്രകടിപ്പിക്കുന്നതും. 

click me!