
ദില്ലി: നിങ്ങളുടെ മൊബൈൽ ഫോണുകളിലേക്ക് വരുന്ന സ്‍പാം കോളുകൾ, തട്ടിപ്പ് കോളുകൾ തുടങ്ങിയവ ഒഴിവാക്കുന്നത് ഇനി എളുപ്പമാകും. നിങ്ങളുടെ ഫോണിലേക്ക് വരുന്ന ഓരോ കോളിനുമൊപ്പം വിളിക്കുന്നയാളുടെ പേരും നമ്പറിനൊപ്പം പ്രദർശിപ്പിക്കുന്ന സംവിധാനം ഉടന്‍ വരും. സ്വീകർത്താവിന്‍റെ ഫോണിന്‍റെ സ്‌ക്രീനിൽ വിളിക്കുന്നയാളുടെ ഔദ്യോഗിക പേര് പ്രദർശിപ്പിക്കുന്ന പുതിയ ഫീച്ചർ അവതരിപ്പിക്കാനുള്ള ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന്‍റെ (DoT) നിർദ്ദേശത്തിന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI) അംഗീകാരം നൽകി. കോളിംഗ് നെയിം പ്രസന്‍റേഷൻ (CNAP) എന്നറിയപ്പെടുന്ന ഈ സേവനം, ഇൻകമിംഗ് കോളുകളിൽ സുതാര്യത കൊണ്ടുവരികയും സ്‌പാമുകള്‍ തടയുമെന്നുമാണ് പ്രതീക്ഷ.
മൊബൈൽ സിം എടുക്കുമ്പോൾ ഉപയോക്താവ് നൽകുന്ന ഐഡി പ്രൂഫിലെ പേരായിരിക്കും ആരെങ്കിലും കോള്‍ വിളിക്കുമ്പോൾ സ്‌ക്രീനില്‍ തെളിയുക. അതായത് സിം വെരിഫിക്കേഷൻ സമയത്ത് ടെലികോം ഓപ്പറേറ്ററിൽ രജിസ്റ്റർ ചെയ്‌തിരിക്കുന്ന പേര് കോളര്‍-ഐഡിയായി കാണിക്കും. ഐഡന്‍റിറ്റി വിവരങ്ങൾ ടെലികോം കമ്പനികളുടെ ഔദ്യോഗിക സബ്‌സ്‌ക്രൈബർ ഡാറ്റാബേസിൽ നിന്ന് നേരിട്ട് ലഭിക്കുന്ന വിധത്തിലാണ് ‘കോളിംഗ് നെയിം പ്രസന്‍റേഷൻ’ സംവിധാനം തയ്യാറാക്കുന്നത്. ഈ വിശദാംശങ്ങൾ ആധികാരികവും പരിശോധിച്ചുറപ്പിച്ചതുമാണെന്ന് ഉറപ്പാക്കും. രാജ്യത്തുടനീളമുള്ള എല്ലാ ഉപയോക്താക്കൾക്കും ഈ സവിശേഷത ലഭ്യമാക്കുമെന്ന് ട്രായ് അറിയിച്ചു. അതേസമയം, ഈ ഫീച്ചർ ഉപയോഗിക്കാൻ താൽപ്പര്യമില്ലാത്തവർക്ക് അവരുടെ ടെലികോം സേവനദാതാവിനെ കോണ്‍ടാക്റ്റ് ചെയ്‌ത് ഈ ഫീച്ചര്‍ ഡിസേബിള്‍ ചെയ്യാം. കോളിന് മറുപടി നൽകുന്നതിന് മുമ്പ് തന്നെ വിളിക്കുന്നയാളുടെ പേര് വെളിപ്പെടുത്തുന്നതിലൂടെ സ്‍പാം, സ്‌കാം കോളുകളുടെ വർധിച്ചുവരുന്ന ഭീഷണി തടയാൻ ഫീച്ചർ സഹായിക്കുമെന്ന് ട്രായ് വ്യക്തമാക്കി. രാജ്യത്ത് ഡിജിറ്റൽ ആശയവിനിമയത്തിലുള്ള വിശ്വാസം വർധിപ്പിക്കാന്‍ കോളിംഗ് നെയിം പ്രസന്‍റേഷൻ സംവിധാനത്തിനാകുമെന്നും ട്രായ് കൂട്ടിച്ചേര്‍ത്തു.
നിലവിൽ, ഇന്ത്യൻ ടെലികോം നെറ്റ്‌വർക്കിംഗ് കമ്പനികള്‍ ഒരു കോൾ ലഭിക്കുമ്പോൾ കോളിംഗ് ലൈൻ ഐഡന്‍റിഫിക്കേഷൻ (CLI) എന്നറിയപ്പെടുന്ന നമ്പർ മാത്രമേ പ്രദർശിപ്പിക്കുന്നുള്ളൂ. നിലവിലുള്ള ടെലികോം ലൈസൻസുകളിൽ വിളിക്കുന്നയാളുടെ പേര് പ്രദർശിപ്പിക്കണമെന്ന് വ്യവസ്ഥയില്ല. അതേസമയം, 'ട്രൂകോളർ' പോലുള്ള തേർഡ് പാർട്ടി ആപ്ലിക്കേഷനുകളുടെ സഹായത്തോടെ പലരും കോളുകള്‍ വിളിക്കുന്നവരുടെ പേര് മനസിലാക്കിയിരുന്നു. എന്നാല്‍ ഇനി കോള്‍ വിളിക്കുന്നയാളെ തിരിച്ചറിയാന്‍ ട്രൂകോളര്‍ ആവശ്യമില്ല. സ്‌മാർട്ട്‌ഫോണുകളിലും അടിസ്ഥാന ഫോണുകളിലും ഒരുപോലെ പ്രവർത്തിക്കുന്ന നെയിം ഐഡന്‍റിഫിക്കേഷനാൻ ഫീച്ചറായി കോളിംഗ് നെയിം പ്രസന്‍റേഷൻ (CNAP) മാറ്റാനാണ് ആലോചന. ചുരുക്കിപ്പറഞ്ഞാൽ, ഇന്ത്യയിലെ ടെലികോം നെറ്റ്‌വർക്കിൽ സർക്കാർ പിന്തുണയുള്ള കോളർ ഐഡി സംവിധാനമായിമായി സിഎന്‍എപി ഭാവിയില്‍ പ്രവര്‍ത്തിക്കും.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam