Latest Videos

ഊബര്‍ ആപ്പിലെ പിഴവ് കണ്ടെത്തി; ഇന്ത്യക്കാരന് 4.6 ലക്ഷം രൂപ പാരിതോഷികം

By Web TeamFirst Published Sep 16, 2019, 9:17 PM IST
Highlights

ഈ സാങ്കേതിക തകരാര്‍ വഴി ഊബര്‍ ഉപയോക്താവിന്‍റെ അക്കൗണ്ട് കയ്യടക്കാന്‍ ഹാക്കര്‍ക്ക് സാധിക്കുമായിരുന്നു.

സാന്‍ഫ്രാന്‍സിസ്കോ: ഓണ്‍ലൈന്‍ ടാക്സി സേവനമായ ഊബറിന്‍റെ മൊബൈല്‍ ആപ്ലിക്കേഷനിലെ സാങ്കേതിക തകരാര്‍ കണ്ടെത്തിയ ഇന്ത്യക്കാരനായ സൈബര്‍ സുരക്ഷാ ഗവേഷകന് 4.6 ലക്ഷം രൂപ പാരിതോഷികം. ആപ്ലിക്കേഷന്‍ ഹാക്ക് ചെയ്യാന്‍ വരെ സാധ്യതയുണ്ടായിരുന്ന പിഴവ് കണ്ടെത്തിയതിന് ഗവേഷകന്‍ ആനന്ദ് പ്രകാശിനാണ് പാരിതോഷികം ലഭിച്ചത്. 

ഈ സാങ്കേതിക തകരാര്‍ വഴി ഊബര്‍ ഉപയോക്താവിന്‍റെ അക്കൗണ്ട് കയ്യടക്കാന്‍ ഹാക്കര്‍ക്ക് സാധിക്കുമായിരുന്നെന്നും ഊബറിന്‍റെ പങ്കാളികളായ സേവനങ്ങളിലും ഊബര്‍ ഈറ്റ്സ് അക്കൗണ്ടുകളും ഇതിലൂടെ ഹാക്ക് ചെയ്യാന്‍ കഴിയുമായിരുന്നെന്നും ആനന്ദ് പറഞ്ഞു. 

ഊബര്‍ ആപ്പിന്‍റെ എപിഐ റിക്വസ്റ്റ് ഫങ്ഷനിലാണ് സാങ്കേതിക പ്രശ്നം ഉണ്ടായിരുന്നത്. ഇത് കണ്ടെത്തിയ ആനന്ദ് കമ്പനിയെ വിവരമറിയിക്കുകയും ഇതേ തുടര്‍ന്ന് ഊബര്‍ പ്രശ്നം പരിഹരിക്കുകയുമായിരുന്നു. കമ്പനിയുടെ ബഗ് ബൗണ്ടി പദ്ധതിക്ക് കീഴില്‍ ഉള്‍പ്പെടുത്തിയാണ് ആനന്ദിന് പാരിതോഷികം പ്രഖ്യാപിച്ചത്. 

ഊബര്‍ കാറുകള്‍ വഴി ഒരാള്‍ക്ക് ജീവിതകാലം മുഴുവന്‍ സൗജന്യമായി സഞ്ചരിക്കാന്‍ വഴിയൊരുക്കുമായിരുന്ന സാങ്കേതിക പ്രശ്നം കണ്ടെത്തി ആനന്ദ് ഇതിന് മുമ്പും ഊബറിനെ സഹായിച്ചിരുന്നു. 


 

click me!