
ഇന്ത്യാനാപൊളിസ്: മാര്‍ക് സക്കര്‍ബര്‍ഗിനെതിരെ കോടതിയില്‍ കേസ് ഫയല്‍ ചെയ്‌ത് മാര്‍ക് സക്കര്‍ബര്‍ഗ്! തലയില്‍ കൈവെക്കാന്‍ വരട്ടേ, മെറ്റ ഉടമ മാര്‍ക് സക്കര്‍ബര്‍ഗ് അല്ല അദേഹത്തിനെതിരെ തന്നെ കേസ് ഫയല്‍ ചെയ്‌തിരിക്കുന്നത്. അമേരിക്കയിലെ ഇന്ത്യാനയിലുള്ള അഭിഭാഷകനായ മാര്‍ക് എസ് സക്കര്‍ബര്‍ഗ് എന്നയാളാണ് മെറ്റ ഉടമക്കെതിരായ പരാതിക്കാരന്‍. മെറ്റയുടെ കീഴിലുള്ള ഫേസ്ബുക്ക് തന്‍റെ അക്കൗണ്ടുകള്‍ അന്യായമായി പല തവണ സസ്‌പെന്‍ഡ് ചെയ്തു എന്ന് കാണിച്ചാണ് അഭിഭാഷകനായ മാര്‍ക് എസ് സക്കര്‍ബര്‍ഗ് കോടതിയെ സമീപിച്ചത്. മെറ്റ ഉടമ മാര്‍ക് സക്കര്‍ബര്‍ഗിന്‍റെ പേരിലുണ്ടാക്കിയ വ്യാജ എഫ്‌ബി അക്കൗണ്ടാണ് തന്‍റേതെന്ന് തെറ്റിദ്ധരിച്ചാണ് മെറ്റയുടെ സസ്‌പെന്‍ഷന്‍ എന്ന അഭിഭാഷകന്‍ പറയുന്നു. ഫേസ്ബുക്ക് അക്കൗണ്ടുകള്‍ മെറ്റ ബ്ലോക്ക് ചെയ്‌തതിലൂടെ തനിക്ക് ആയിരക്കണക്കിന് ഡോളര്‍ നഷ്‌ടമായെന്നും തന്‍റെ ജോലിയെ പ്രതികൂലമായി ബാധിച്ചതായും പരാതിയില്‍ അഭിഭാഷകനായ മാര്‍ക് എസ് സക്കര്‍ബര്‍ഗ് പറയുന്നു.
കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ അഞ്ചുവട്ടം തന്‍റെ ബിസിനസ് പേജ് ഫേസ്ബുക്ക് സസ്‌പെന്‍ഡ് ചെയ്‌തതായാണ് ഇന്ത്യാനയിലെ അഭിഭാഷകനായ മാര്‍ക് എസ് സക്കര്‍ബര്‍ഗ് പരാതിയില്‍ പറയുന്നത്. തന്‍റെ വ്യക്തിഗത എഫ്ബി അക്കൗണ്ടിനും സമാന അവസ്ഥയുണ്ടായതായും അദേഹം പരാതിയില്‍ വ്യക്തമാക്കി. യഥാര്‍ഥ പേരിലല്ല അക്കൗണ്ടുകള്‍ തുടങ്ങിയിരിക്കുന്നതെന്നും, മെറ്റ ഉടമ മാര്‍ക് സക്കര്‍ബര്‍ഗിനെ അനുകരിക്കുകയാണ് എന്ന് ചൂണ്ടിക്കാട്ടിയുമാണ് എഫ്‌ബി അക്കൗണ്ടുകള്‍ കമ്പനി നിര്‍ജ്ജീവമാക്കിയതെന്ന് മാര്‍ക് എസ് സക്കര്‍ബര്‍ഗ് കൂട്ടിച്ചേര്‍ത്തു. തുടര്‍ച്ചയായ വിലക്കുകള്‍ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ക്ക് നേരിടേണ്ടിവന്നതോടെ സാമ്പത്തികനഷ്‌ടമുണ്ടായതായും അഭിഭാഷക സേവനങ്ങള്‍ നഷ്‌ടപ്പെടുത്തിയതായും മാര്‍ക് എസ് സക്കര്‍ബര്‍ഗ് ഒരു പ്രാദേശിക ടിവി ചാനലിനോട് പറഞ്ഞു. പെയ്‌ഡ് പരസ്യങ്ങള്‍ ഫേസ്ബുക്ക് നീക്കം ചെയ്‌തതോടെ മാത്രം 11,000 ഡോളറിന്‍റെ നഷ്‌ടമുണ്ടായതായാണ് അഭിഭാഷകന്‍റെ വാദം.
ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം, ത്രഡ്‌സ് എന്നീ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ മാതൃ കമ്പനിയായ മെറ്റയ്‌ക്കും ഉടമ മാര്‍ക് സക്കര്‍ബര്‍ഗിനുമെതിരെ അഭിഭാഷകനായ മാര്‍ക് എസ് സക്കര്‍ബര്‍ഗ് ഇന്ത്യാനാപൊളിസിലെ മാരിയോണ്‍ സുപ്പീരിയര്‍ കോടതിയിലാണ് പരാതി സമര്‍പ്പിച്ചിരിക്കുന്നത്. മെറ്റ പണമടച്ചുള്ള പരസ്യ സേവനം നീക്കിയതും ഫേസ്ബുക്ക് പേജുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതും കരാര്‍ ലംഘനവും അശ്രദ്ധയുമാണെന്ന് പരാതിയില്‍ അഭിഭാഷകന്‍ ആരോപിക്കുന്നു. ഇതിലുണ്ടായ സാമ്പത്തിക നഷ്‌ടം മെറ്റ നികത്തണമെന്നാണ് പരാതിക്കാരന്‍റെ ആവശ്യം. അതേസമയം, തെറ്റിദ്ധാരണ കാരണം സസ്‌പെന്‍ഡ് ചെയ്‌ത മാര്‍ക് എസ് സക്കര്‍ബര്‍ഗിന്‍റെ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിച്ചു എന്നാണ് മെറ്റയുടെ പ്രതികരണം. ഇത്തരം വീഴ്‌ചകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജാഗ്രത പാലിക്കുമെന്നും നടപടികള്‍ സ്വീകരിക്കുമെന്നും മെറ്റ വ്യക്തമാക്കിയിട്ടുമുണ്ട്. കേസ് ഫയൽ ചെയ്‌തതിന് ശേഷമാണ് മെയ് മാസത്തിൽ അദേഹത്തിന്‍റെ എഫ്‌ബി അക്കൗണ്ടിനുള്ള അവസാന സസ്‌പെൻഷൻ മെറ്റ പിന്‍വലിച്ചതെന്ന് അഭിഭാഷകൻ പറയുന്നു.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam