നാവികസേനയ്ക്ക് കരുത്ത്; ഐഎൻഎസ് ഖണ്ഡേരി അന്തർവാഹിനിയിലേക്ക് ഇന്ത്യയുടെ സ്വന്തം എഐപി സിസ്റ്റം വരുന്നു

Published : Aug 21, 2025, 10:59 AM IST
INS Khanderi

Synopsis

രണ്ടാഴ്‌ച അന്തര്‍വാഹിനിക്ക് വെള്ളത്തിൽ മുങ്ങിക്കിടക്കാൻ എഐപി സംവിധാനം വഴി സാധിക്കും, ഇടയ്ക്കിടയ്ക്ക് ബാറ്ററി റീചാര്‍ജ് ചെയ്യേണ്ട ആയാസം ഒഴിവാക്കാം 

ദില്ലി: ഇന്ത്യന്‍ നാവികസേനയ്ക്ക് കൂടുതല്‍ കരുത്തുപകരാന്‍ ഐഎന്‍എസ് ഖണ്ഡേരി അന്തര്‍വാഹിനിയിലേക്ക് ഡിആര്‍ഡിഒയുടെ എഐപി സംവിധാനം എത്തുന്നു. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്പ്‌മെന്‍റ് ഓര്‍ഗനൈസേഷന്‍ (DRDO) തദ്ദേശീയമായി വികസിപ്പിച്ച എയര്‍ ഇന്‍ഡിപെന്‍ഡന്‍റ് പ്രൊപല്‍ഷ്യന്‍ സാങ്കേതികവിദ്യ (AIP) 2026 ജൂലൈയോടെ ഐഎന്‍എസ് ഖണ്ഡേരിയ്‌ക്ക് ലഭിക്കുമെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ദരിച്ച് ഏഷ്യാനെറ്റ് ന്യൂസബിള്‍ റിപ്പോര്‍ട്ട് ചെയ്‌തു.

കൽവാരി ക്ലാസിലെ രണ്ടാമത്തെ അന്തർവാഹിനിയാണ് ഐഎൻഎസ് ഖണ്ഡേരി. രാജ്യത്ത് നിര്‍മ്മിച്ച ആറ് കൽവാരി ക്ലാസ് ഡീസൽ-ഇലക്‌ട്രിക് അന്തർവാഹിനികളിൽ ആദ്യത്തേതായ ഐഎൻഎസ് കൽവാരിയില്‍ എഐപി സിസ്റ്റം ഘടിപ്പിക്കാനാണ് ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ഐഎൻഎസ് കൽവാരിയില്‍ ഇതിന്‍റെ സംയോജനം വൈകിയതോടെ ഐഎൻഎസ് ഖണ്ഡേരിയില്‍ എഐപി സംവിധാനം സജ്ജീകരിക്കാനാണ് നാവികസേന ഇപ്പോള്‍ പദ്ധതിയിടുന്നത് എന്നാണ് വിവരം. 2026 മധ്യത്തോടെ ഐഎന്‍എസ് ഖണ്ഡേരിയില്‍ എയര്‍ ഇന്‍ഡിപെന്‍ഡന്‍റ് പ്രൊപല്‍ഷ്യന്‍ സാങ്കേതികവിദ്യ എത്തും. എല്‍ ആന്‍ഡ് ടി, തേര്‍മാക്‌സ് എന്നീ വ്യാവസായിക പങ്കാളികളുമായി ചേര്‍ന്നാണ് എഐപി സാങ്കേതികവിദ്യ ഡിആര്‍ഡിഒ വികസിപ്പിക്കുന്നത്. 2025 അവസാനത്തോടെ ഇതിന്‍റെ പ്രോട്ടോ‌ടൈപ്പ് തയ്യാറാകും. ഹാര്‍ബര്‍, സമുദ്ര പരിശോധന പൂര്‍ത്തിയാക്കിയ ശേഷമാകും എഐപി സംവിധാനം ഐഎന്‍എസ് ഖണ്ഡേരിയില്‍ ഘടിപ്പിക്കുക.

എന്താണ് എഐപി സംവിധാനം?

പരമ്പരാഗത ഡീസൽ-ഇലക്‌ട്രിക് അന്തർവാഹിനികളുടെ സമുദ്രാന്തര സ്ഥിരത വളരെയധികം വർധിപ്പിക്കുന്ന സാങ്കേതികവിദ്യയാണ് എഐപി സിസ്റ്റം. രണ്ടാഴ്‌ച അന്തര്‍വാഹിനിക്ക് വെള്ളത്തിൽ മുങ്ങിക്കിടക്കാൻ എഐപി സംവിധാനം വഴി സാധിക്കും. അന്താരാഷ്‌ട്രതലത്തില്‍ വ്യത്യസ്‌തമായ എഐപി സിസ്റ്റങ്ങളാണ് ഉപയോഗിച്ചുവരുന്നത്. എന്നാൽ, കപ്പലിൽ തന്നെ ഹൈഡ്രജൻ ഉത്പാദിപ്പിക്കപ്പെടുന്നതിനാൽ ഇന്ധന സെൽ അധിഷ്‌ഠിതമായ എഐപി സംവിധാനം സവിശേഷമായി കണക്കാക്കപ്പെടുന്നു. അന്തർവാഹിനികളുടെ ഒരു പ്രധാന സുരക്ഷാ ആശങ്കയായ ഹൈഡ്രജൻ ഓൺബോർഡിൽ കൊണ്ടുപോകേണ്ടതിന്‍റെ ആവശ്യകത ഇത് ഒഴിവാക്കും.

ഇന്ത്യയുടെ സ്വന്തം എഐപി സിസ്റ്റം, ഐഎന്‍എസ് ഖണ്ഡേരി അന്തർവാഹിനിയുമായി സംയോജിപ്പിക്കുന്നതോടെ, ഇന്ധന സെൽ അധിഷ്ഠിത എഐപി സാങ്കേതികവിദ്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത രാജ്യങ്ങളുടെ എലൈറ്റ് പട്ടികയില്‍ ഇന്ത്യയും ചേരും. എഐപി സാങ്കേതികവിദ്യ പൂര്‍ണമായും പരിസ്ഥിതി സൗഹൃദമാണ്. കാരണം, ഇതിന്‍റെ ഏക ഉപോൽപ്പന്നം സമുദ്രത്തിലേക്ക് സുരക്ഷിതമായി പുറന്തള്ളാൻ കഴിയുന്ന ശുദ്ധജലം മാത്രമാണ്. എഐപി സംവിധാനമില്ലാത്ത അന്തർവാഹിനികള്‍ക്ക് ബാറ്ററികൾ റീചാർജ് ചെയ്യുന്നതിന് നാലോ അഞ്ചോ ദിവസത്തിലൊരിക്കൽ സമുദ്രത്തില്‍ നിന്ന് ഉയര്‍ന്നുവരേണ്ടതുണ്ട്. അതേസമയം, എഐപി കൂടുതല്‍ ദിവസം ജലത്തില്‍ മുങ്ങിക്കിടക്കാന്‍ ഡീസൽ-ഇലക്‌ട്രിക് അന്തര്‍വാഹിനിയെ അനുവദിക്കും.

 

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം

Read more Articles on
click me!

Recommended Stories

2025ല്‍ ഇന്ത്യന്‍ വെബ്‌സൈറ്റുകള്‍ക്കെതിരെ നടന്നത് 26 കോടി സൈബര്‍ ആക്രമണങ്ങള്‍- സെക്രൈറ്റ് റിപ്പോര്‍ട്ട്
വീണ്ടും ഒരു റഷ്യ-ഇന്ത്യ റോക്കറ്റ് എൻജിൻ കരാർ, സെമി ക്രയോ എൻജിനുകൾ വാങ്ങാൻ ഐഎസ്ആർഒ