ന്യൂയോര്‍ക്ക്: ഗൂഗിള്‍ പിക്‌സല്‍ 10 സ്‌മാര്‍ട്ട്‌ഫോണ്‍ സീരീസ് ആഗോളതലത്തിലും ഇന്ത്യയിലും അവതരിപ്പിച്ചു. പിക്‌സല്‍ 10, പിക്‌സല്‍ 10 പ്രോ, പിക്‌സല്‍ 10 പ്രോ എക്‌സ്എല്‍, പിക്‌സല്‍ 10 പ്രോ ഫോള്‍ഡ് എന്നിവയാണ് ഗൂഗിളിന്‍റെ പത്താം തലമുറ ഫോണ്‍ ശ്രേണിയിലുള്ളത്. ഇതില്‍ ഗൂഗിള്‍ പിക്‌സല്‍ 10 ബേസ് മോഡല്‍ ഒഴികെയുള്ളവയെല്ലാം ഒരു വര്‍ഷത്തേക്ക് ‘ഗൂഗിള്‍ എഐ പ്രോ’ സൗജന്യ പ്ലാന്‍ സഹിതമാണ് അവതരിപ്പിച്ചിരിക്കുന്നത്. ഈ എഐ പ്ലാനിന് 23,400 രൂപ വിലയുണ്ട് എന്നാണ് ഗൂഗിള്‍ പറയുന്നത്. ബേസ് മോഡലില്‍ ആദ്യമായി ട്രിപ്പിള്‍ റിയര്‍ ക്യാമറ, പ്രോ മോഡലുകളില്‍ കൂടുതല്‍ വലിയ ബാറ്ററി, എല്ലാ മോഡലുകളിലും പുത്തന്‍ ചിപ്പ്, വയര്‍ലെസ് ചാര്‍ജിംഗ് സൗകര്യം എന്നിവ ഗൂഗിള്‍ പിക്‌സല്‍ 10 സീരീസിന്‍റെ പ്രത്യേകതയാണ്.
ടെന്‍സര്‍ ജി5 3nm പുത്തന്‍ ചിപ്പ്, എഐ ഫീച്ചറുകള്‍
പത്താം തലമുറ പിക്‌സല്‍ ഫോണുകള്‍ ഗൂഗിള്‍ തന്നെ വികസിപ്പിച്ച ടെന്‍സര്‍ ജി5 3nm പ്രൊസസ്സറിലുള്ളതാണ്. പിക്‌സല്‍ 10 സീരീസിലെ എല്ലാ ഫോണുകളും ആന്‍ഡ്രോയ്‌ഡ് 16 പ്ലാറ്റ്‌ഫോമിലാണ് പ്രവര്‍ത്തിക്കുന്നത്. എല്ലാ ഹാന്‍ഡ്‌സെറ്റുകള്‍ക്കും ഏഴ് വര്‍ഷത്തെ ഒഎസ് അപ്‌ഡേറ്റും സെക്യൂരിറ്റി അപ്‌ഡേറ്റുകളും ഗൂഗിള്‍ നല്‍കുന്നു. പിക്‌സല്‍ 10 സീരീസില്‍ പിക്‌സല്‍ സ്റ്റുഡിയോ, ഓട്ടോ ഫ്രെയിം, സ്കൈ സ്റ്റൈല്‍സ്, റീസൈസ്, പോട്രൈറ്റ് ബ്ലര്‍, മാജിക് എറേസര്‍, സൂം എന്‍ഹാന്‍സ് തുടങ്ങി അനേകം എഐ ഫീച്ചറുകള്‍ ഈ ഫോണുകളിലുണ്ട്. ഗൂഗിള്‍ പിക്‌സല്‍ 10 സീരീസിലെ ഓരോ ഫോണുകളുടെയും വിലയും ഫീച്ചറുകളും വിശദമായി പരിചയപ്പെടാം.
ഗൂഗിള്‍ പിക്‌സല്‍ 10 (Pixel 10)
ഗൂഗിള്‍ പിക്‌സല്‍ 10 സീരീസിലെ ബേസ് വേരിയന്‍റായ പിക്‌സല്‍ 10, 6.3 ഇഞ്ച് അക്‌ച്വ ഓലെഡ് ഡിസ്‌പ്ലെയോടെയാണ് എത്തിയിരിക്കുന്നത്. 60നും 120നും ഇടയിലാണ് റിഫ്രഷ് റേറ്റ്. കോര്‍ണിംഗ് ഗോറില്ല ഗ്ലാസ് വിക്‌ടസ് 2 കോവര്‍ ഗ്ലാസ് സുരക്ഷയുള്ള ഫോണില്‍ 4,970 എംഎഎച്ച് ബാറ്ററിയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 30 വാട്‌സ് വയേര്‍ഡ് ചാര്‍ജിംഗും ഉള്‍പ്പെടുത്തിയിരിക്കുന്നു. 15 വാട്‌സ് വരെ Qi0 സര്‍ട്ടിഫൈഡ് പിക്സല്‍സ്നാപ് വയര്‍ലെസ് ചാര്‍ജിംഗ് സൗകര്യമാണ് പ്രധാന സവിശേഷത. ഇതാദ്യമായി ബേസ് മോഡലില്‍ ട്രിപ്പിള്‍ റിയര്‍ ക്യാമറ ഇടംപിടിച്ചു. പിക്‌സല്‍ 10ല്‍ 48 എംപി പ്രധാന ക്യാമറ, 13 എംപി അള്‍ട്രാവൈഡ് ലെന്‍സ്, 10.8 എംപി ടെലിഫോട്ടോ ലെന്‍സ് (5x സൂം) എന്നിവ ഉള്‍പ്പെടുന്നു. 10.5 എംപിയുടേതാണ് സെല്‍ഫി ക്യാമറ.
ഗൂഗിള്‍ പിക്‌സല്‍ 10 പ്രോ (Pixel 10 Pro)
ഗൂഗിള്‍ പിക്‌സല്‍ 10 പ്രോ 6.3 ഇഞ്ച് സൂപ്പര്‍ ആക്‌ച്വ ഓലെഡ് ഡിസ്‌പ്ലെയോടെ തന്നെയാണ് വന്നിരിക്കുന്നത്. എന്നാല്‍ ഡിസ്‌പ്ലെയുടെ റിഫ്രഷ് റേറ്റ് 120 ഹെര്‍ട്‌സ് ആണ്. 3,300 നിറ്റ്സാണ് പീക്ക് ബ്രൈറ്റ്‌നസ്. സമാന ഗോറില്ല ഗ്ലാസ് വിക്‌ടസ് 2 സുരക്ഷ ഡിസ്‌പ്ലെയ്ക്ക് നല്‍കിയിരിക്കുന്നു. 30 വാട്സ് വയേര്‍ഡ് ചാര്‍ജിംഗ് കരുത്തിലുള്ള 4,870 എംഎഎച്ച് ബാറ്ററി വരുന്ന ഫോണില്‍ 15 വാട്‌സ് Qi2 സര്‍ട്ടിഫൈഡ് പിക്സല്‍സ്നാപ് വയര്‍ലെസ് ചാര്‍ജിംഗ് സൗകര്യമുണ്ട്. പിക്‌സല്‍ 10 പ്രോയില്‍ റിയര്‍ ഭാഗത്ത് മാക്രോ സഹിതം 50 എംപി പ്രധാന ക്യാമറ, 48 എംപി അള്‍ട്രാവൈഡ് ലെന്‍സ്, 48 എംപി ടെലിഫോട്ടോ ലെന്‍സ് (5x സൂം) എന്നിവയാണുള്ളത്. സെല്‍ഫി ക്യാമറ 45 എംപിയുടേതാണ്.
ഗൂഗിള്‍ പിക്‌സല്‍ 10 പ്രോ എക്‌സ്‌എല്‍ (Pixel 10 Pro XL)
6.8 ഇഞ്ച് സൂപ്പര്‍ ആക്‌ച്വ ഓലെഡ് ഡിസ്‌പ്ലെയോടെയാണ് പിക്‌സല്‍ 10 പ്രോ എക്‌സ്‌എല്‍ സ്‌മാര്‍ട്ട്‌ഫോണിന്‍റെ വരവ്. 120 ഹെര്‍ട്‌സാണ് ഡിസ്‌പ്ലെയുടെ റിഫ്രഷ് റേറ്റ്. പീക്ക് ബ്രൈറ്റ്‌നസ് 3,300 നിറ്റ്‌സും. കോര്‍ണിംഗ് ഗോറില്ല ഗ്ലാസ് വിക്‌ടസ് 2 സുരക്ഷ ഡിസ്‌പ്ലെയ്ക്ക് നല്‍കിയിരിക്കുന്നു. പിക്‌സല്‍ 10 പ്രോ എക്‌സ്‌എല്‍ 5,200 എംഎഎച്ചിന്‍റെ വലിയ ബാറ്ററി ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ചാര്‍ജിംഗ് വേഗത്തിലും മാറ്റമുണ്ട്. 45 വാട്‌സിന്‍റെതാണ് വയേര്‍ഡ് ചാര്‍ജിംഗ്. 25 വാട്‌സ് Qi2 സര്‍ട്ടിഫൈഡ് പിക്സല്‍സ്നാപ് വയര്‍ലെസ് ചാര്‍ജിംഗ് ആണ് മറ്റൊരു ആകര്‍ഷണം. പിക്‌സല്‍ 10 പ്രോ എക്‌സ്‌എല്‍ ഫോണില്‍ റിയര്‍ ഭാഗത്ത് മാക്രോ സഹിതം 50 എംപി പ്രധാന ക്യാമറ, 48 എംപി അള്‍ട്രാവൈഡ് ലെന്‍സ്, 48 എംപി ടെലിഫോട്ടോ ലെന്‍സ് (5x സൂം) എന്നിവയും ഫ്രണ്ട് ഭാഗത്ത് 42 എംപി സെല്‍ഫി ക്യാമറയും ചേരുന്നു.
ഗൂഗിള്‍ പിക്‌സല്‍ 10 പ്രോ ഫോള്‍ഡ് (Google Pixel 10 Pro Fold)
ഡിസൈന്‍ മാറ്റങ്ങളോടെയാണ് പിക്‌സല്‍ 10 പ്രോ ഫോള്‍ഡിന്‍റെ വരവ്. 6.4 ഇഞ്ച് ആക്‌ച്വ കവര്‍ ഡിസ്‌പ്ലെയും 8 ഇഞ്ച് സൂപ്പര്‍ ആക്‌ച്വ ഫ്ലക്‌സ് മെയിന്‍ ഡിസ്‌പ്ലെയുമുള്ള ഫോണിന്‍റെ റിഫ്രഷ് റേറ്റ് 120 ഹെര്‍ട്‌സും പീക്ക് ബ്രൈറ്റ്‌നസ് 3,000 നിറ്റ്‌സുമാണ്. ഫോള്‍ഡബിള്‍ ഫോണിലും ട്രിപ്പിള്‍ റിയര്‍ ക്യാമറയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 48 എംപി ക്വാഡ് പിഡി വൈഡ് ക്യാമറ, 10.5 എംപി ഡുവല്‍ പിഡി അള്‍ട്രാവൈഡ് ക്യാമറ, 10.8 എംപി ഡുവല്‍ പിഡി ടെലിഫോട്ടോ ക്യാമറ (5x ഒപ്റ്റിക്കല്‍ സൂം, 20x സൂപ്പര്‍ റെസ് സൂം), ഇരു ഡിസ്‌പ്ലെയിലും 10 എംപി സെല്‍ഫി ക്യാമറ എന്നിവ ഉള്‍പ്പെടുന്നു. 5,015 എംഎഎച്ച് ബാറ്ററി 30 വാട്സ് വയേര്‍ഡ് ചാര്‍ജിംഗും 15 വാട്‌സ് പിക്‌സല്‍സ്‌നാപ് വയര്‍ലെസ് ചാര്‍ജിംഗും പിന്തുണയ്ക്കും.
പിക്‌സല്‍ 10 സീരീസ് ഫോണുകളുടെ ഇന്ത്യയിലെ വില
ഇന്ത്യയില്‍ ഗൂഗിള്‍ പിക്‌സല്‍ 10 ഫോണിന്‍റെ വില ആരംഭിക്കുന്നത് 79,999 രൂപയിലാണ്. പിക്‌സല്‍ 10 പ്രോയുടെ വില 1,09,999 രൂപയിലും, പിക്‌സല്‍ 10 പ്രോ എക്‌സ്എല്ലിന്‍റെ വില 1,24,999 രൂപയിലും ഇന്ത്യയിലാരംഭിക്കുന്നു. അതേസമയം ഗൂഗിള്‍ പിക്‌സല്‍ 10 പ്രോ ഫോള്‍ഡിന്‍റെ വില ഇന്ത്യയില്‍ ആരംഭിക്കുന്നത് 1,72,999 രൂപയിലാണ്. ഗൂഗിള്‍ പിക്‌സല്‍ 10 സ്‌മാര്‍ട്ട്‌ഫോണുകളുടെ പ്രീ ബുക്കിംഗ് ഇന്ത്യയില്‍ ആരംഭിച്ചുകഴിഞ്ഞു.