
നിരവധി പുതിയ ഫീച്ചറുകൾ അവതരിപ്പിച്ച് ഇൻസ്റ്റഗ്രാം. ടിക് ടോക്ക്, സ്‍നാപ്‍ചാറ്റ് പോലുള്ള എതിരാളി പ്ലാറ്റ്‌ഫോമുകളിൽ ഇതിനകം തന്നെ ലഭ്യമായ ഫീച്ചറുകളാണ് അവയിൽ പലതും. ആപ്പിനെ കൂടുതൽ കണക്റ്റഡും ഇന്‍ററാക്‌ടീവും ഗ്രൂപ്പ് ചാറ്റ് പോലെ തോന്നിപ്പിക്കാനും സഹായിക്കുന്ന മൂന്ന് പുതിയ ഫീച്ചറുകളാണ് ഇൻസ്റ്റഗ്രാം അവതരിപ്പിച്ചിരിക്കുന്നത്. മീമുകൾ റീപോസ്റ്റ് ചെയ്യുക, നിങ്ങളുടെ സുഹൃത്തുക്കൾ റീൽസിൽ എന്താണ് ആസ്വദിക്കുന്നതെന്ന് കാണുക, അല്ലെങ്കിൽ നിങ്ങളുടെ പ്രിയപ്പെട്ട കണ്ടന്‍റ് ക്രിയേറ്റേഴ്സ് എവിടെ നിന്ന് പോസ്റ്റ് ചെയ്യുന്നുവെന്ന് ട്രാക്ക് ചെയ്യുക തുടങ്ങിയവയ്ക്കായുള്ള ഫീച്ചറുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. ഈ പുതിയ ഫീച്ചറുകളെക്കുറിച്ച് അറിയേണ്ടതെല്ലാം ഇതാ.
ഇൻസ്റ്റാഗ്രാമിലെ 'റീപോസ്റ്റ്' ഫീച്ചർ
ഇഷ്‍ടപ്പെട്ട കണ്ടന്‍റ് ഷെയർ ചെയ്യാൻ ബുദ്ധിമുട്ടുള്ള കാലം കഴിഞ്ഞു. ഇൻസ്റ്റഗ്രാം ഇപ്പോൾ ഉപയോക്താക്കളെ പബ്ലിക് റീലുകൾ റീപോസ്റ്റ് ചെയ്യാനും പോസ്റ്റുകൾ നേരിട്ട് അവരുടെ പ്രൊഫൈലിലേക്ക് ഫീഡ് ചെയ്യാനും അനുവദിക്കുന്നു. ഈ റീപോസ്റ്റുകൾ നിങ്ങളുടെ ഗ്രിഡ് ഹൈജാക്ക് ചെയ്യില്ല. പകരം അവ ഒരു റീപോസ്റ്റ് ടാബിൽ നിലനിൽക്കും. കൂടാതെ നിങ്ങളുടെ ഫോളോവേഴ്‌സിനും ദൃശ്യമാകും.
ഇപ്പോൾ റീപോസ്റ്റ് ചെയ്യുന്നത് വളരെ ലളിതമാണ്. അതിനായി പോസ്റ്റിന്‍റെയോ റീലിന്‍റെയോ താഴെയുള്ള റീപോസ്റ്റ് ഐക്കണിൽ ടാപ്പ് ചെയ്യുക. ഒരു പോപ്പ്-അപ്പ് ബബിൾ വഴി ഒരു ചെറിയ കുറിപ്പ് ചേർക്കാനുള്ള ഓപ്ഷനും നിങ്ങൾക്ക് ലഭിക്കും. ഒറിജിനൽ കണ്ടന്‍റ് ക്രിയേറ്റർക്ക് പൂർണ്ണ ക്രെഡിറ്റ് ലഭിക്കുന്നുണ്ടെന്ന് ഇൻസ്റ്റാഗ്രാം ഉറപ്പാക്കുന്നു. കൂടാതെ നിങ്ങളുടെ റീപോസ്റ്റ് അവരുടെ ഉള്ളടക്കം പുതിയ പ്രേക്ഷകരിലേക്ക് എത്താനും സഹായിക്കുന്നു.
ലൈവ് മാപ്പ് ഫീച്ചർ
പുതിയ ഇൻസ്റ്റഗ്രാം മാപ്പ് സ്‍നാപ്‍ചാറ്റിന്‍റെ സ്‍നാപ്പ് മാപ്പിന് സമാനമാണ്. പക്ഷേ ചില പ്രധാന വ്യത്യാസങ്ങൾ ഉണ്ട്. ഇത് ഉപയോക്താക്കൾക്ക് അവരുടെ ഏറ്റവും പുതിയ ലൊക്കേഷൻ പങ്കിടാനും ലൊക്കേഷൻ അടിസ്ഥാനമാക്കിയുള്ള കണ്ടന്‍റ് കണ്ടെത്താനും അനുവദിക്കുന്നു. ഈ ഫീച്ചർ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് അവരുടെ സുഹൃത്തുക്കളും കണ്ടന്‍റ് ക്രിയേറ്റേഴ്സും ഏത് സ്ഥലത്തുനിന്നാണ് കണ്ടന്‍റ് പങ്കിട്ടതെന്നോ പോസ്റ്റ് ചെയ്തതെന്നോ കണ്ടെത്താൻ സാധിക്കും.
സ്‍നാപ്‍ചാറ്റിൽ നിന്ന് വ്യത്യസ്‍തമായി, ഉപയോക്താവ് ആപ്പ് തുറക്കുമ്പോൾ മാത്രമേ ഇൻസ്റ്റഗ്രാമിന്‍റെ ലൊക്കേഷൻ ഫീച്ചർ അപ്‌ഡേറ്റ് ചെയ്യുകയുള്ളൂ. ഇത് തത്സമയ ലൊക്കേഷൻ ട്രാക്കിംഗ് നടത്തുന്നില്ല. ഇത് ലൊക്കേഷൻ-ഷെയറിംഗ് ഫീച്ചറിൽ നിന്ന് വ്യത്യസ്തമാണ്. ഉപയോക്താക്കൾക്ക് ഒരു മണിക്കൂർ വരെ നേരിട്ടുള്ള സന്ദേശങ്ങൾ വഴി അവരുടെ ലൊക്കേഷൻ പങ്കിടാൻ ഈ ഫീച്ചർ അനുവദിക്കുന്നു. ലൊക്കേഷൻ ഷെയറിംഗിൽ നിങ്ങളുടെ ലൊക്കേഷൻ ആരാണ് കാണേണ്ടതെന്ന് കൃത്യമായി തീരുമാനിക്കാനുള്ള അധികാരം നിങ്ങൾക്ക് ഉണ്ടായിരിക്കും. ചില സ്ഥലങ്ങളിൽ ലൊക്കേഷൻ ഷെയറിംഗ് തടയുന്നതിനുള്ള മാർഗവുമുണ്ട്. ഡയറക്‌ട് മെസേജ് ഇൻബോക്‌സിന്‍റെ മുകളിലായി ഇൻസ്റ്റാഗ്രാം മാപ്പ് ലഭ്യമാകും. ഓഗസ്റ്റ് 7ന് യുഎസിൽ ആരംഭിച്ച ഈ ഫീച്ചർ ഉടൻ തന്നെ ഇന്ത്യയിലും ലഭ്യമാകും.
റീൽസിലെ പുതിയ 'ഫ്രണ്ട്സ്' ടാബ്
ഇൻസ്റ്റഗ്രാം റീൽസിൽ ആഗോളതലത്തിൽ ഒരു പുതിയ ഫ്രണ്ട്സ് ടാബ് ആരംഭിച്ചു. ഈ ഫീച്ചർ ഇതിനകം യുഎസിൽ ലഭ്യമാണ്. ഈ ടാബിൽ, ഉപയോക്താക്കൾക്ക് അവരുടെ സുഹൃത്തുക്കൾ ലൈക്ക് ചെയ്‍തതോ, കമന്‍റ് ചെയ്‍തതോ, റീപോസ്റ്റ് ചെയ്‍തതോ അല്ലെങ്കിൽ സൃഷ്‍ടിച്ചതോ ആയ പബ്ലിക് റീലുകൾ കാണാൻ കഴിയും. സ്വകാര്യ ബ്രൗസിംഗ് ഇഷ്‍ടപ്പെടുന്ന ഉപയോക്താക്കൾക്ക് ഈ ടാബിൽ അവരുടെ ഇടപെടലുകൾ കാണിക്കുന്നത് ഒഴിവാക്കാം. കാര്യങ്ങൾ കൂടുതൽ വ്യക്തിപരമാക്കുന്നതിനായി നിങ്ങളും നിങ്ങളുടെ സുഹൃത്തുക്കളും പങ്കിടുന്ന അഭിരുചികളെ അടിസ്ഥാനമാക്കിയുള്ള സംവിധാനമായ ബ്ലെൻഡ്‌സിനെ ഈ സവിശേഷത ഉപയോഗപ്പെടുത്തുന്നു. നിങ്ങളുടെ സ്വന്തം കാഴ്ചാ ശീലങ്ങൾ പങ്കിടാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലെങ്കിൽ, നിങ്ങളുടെ പ്രവർത്തനം മറയ്ക്കാനോ ചില സുഹൃത്തുക്കളിൽ നിന്നുള്ള അപ്‌ഡേറ്റുകൾ നിശബ്‍ദമാക്കാനോ നിങ്ങൾക്ക് ഓപ്ഷൻ ഉണ്ടായിരിക്കും.
ഇൻസ്റ്റഗ്രാം വളരുന്നു
വെറുമൊരു ഫോട്ടോ-ഷെയറിംഗ് ആപ്പിൽ നിന്ന് ഒരു പൂർണ്ണ സോഷ്യൽ മീഡിയ അനുഭവത്തിലേക്ക് പരിണമിക്കുന്നതിനുള്ള ഇൻസ്റ്റഗ്രാമിന്‍റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് ഈ മാറ്റങ്ങളെല്ലാം. ഈ പുതിയ ടൂളുകൾ ഉപയോഗിച്ച് നിങ്ങളുടെ സുഹൃത്തുക്കളുമായി, അവർ എന്താണ് കാണുന്നത്, ഇഷ്‍ടപ്പെടുന്നത്, അവർ എവിടെയാണ് സമയം ചെലവഴിക്കുന്നത് തുടങ്ങിയ കാര്യങ്ങൾ അറിയുന്നത് ഇൻസ്റ്റഗ്രാം വളരെ എളുപ്പമായിരിക്കുന്നു.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം