
തിരുവനന്തപുരം: മെറ്റയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൊന്നായ ഇന്‍സ്റ്റഗ്രാമില്‍ വമ്പന്‍ അപ്‌ഡേറ്റ് വരുന്നു. ഇന്‍സ്റ്റഗ്രാം ആപ്പില്‍ റീല്‍സ്-ഫസ്റ്റ് (Reels-first) ഫീച്ചര്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ലഭിച്ചുതുടങ്ങിയതായാണ് റിപ്പോര്‍ട്ട്. ഇന്‍സ്റ്റഗ്രാം ആപ്പ് തുറന്നാല്‍ ഇന്‍റര്‍ഫേസില്‍ ഹോം ഫീഡിന് പകരം റീല്‍സ് സെക്ഷന്‍ ആദ്യ വരുന്ന രീതിയിലാണ് ഈ ലേഔട്ട് അപ്‌ഡേറ്റ്. ഇന്‍സ്റ്റഗ്രാം ഡയറക്‌ട് മെസേജ് (ഡിഎം) കൂടുതല്‍ എളുപ്പം ആക്‌സസ് ലഭിക്കുന്ന രീതിയില്‍ ഡിസൈനില്‍ കാതലായ മാറ്റവും ഇന്‍സ്റ്റഗ്രാം വരുത്തുന്നുണ്ട്. റീല്‍സിനും ഡിഎമ്മിനുമായാണ് ഇന്‍സ്റ്റഗ്രാം കൂടുതലായി ഉപയോഗിക്കുന്നത് എന്നതാണ് ഇത്തരത്തില്‍ ആപ്പ് ഡിസൈന്‍ ചെയ്യാന്‍ മെറ്റയെ പ്രേരിപ്പിക്കുന്നത്. എന്തൊക്കെയാണ് ഇന്ത്യയില്‍ ഇന്‍സ്റ്റഗ്രാം ആപ്പിലേക്ക് വരുന്ന അപ്‌ഡേറ്റുകളെന്ന് പരിശോധിക്കാം.
ഐപാഡുകളില്‍ പരീക്ഷിച്ച ശേഷം ഇന്ത്യയില്‍ റീല്‍സ്-ഫസ്റ്റ് ലേഔട്ട് ഫീച്ചര്‍ അവതരിപ്പിക്കുകയാണ് ഇന്‍സ്റ്റഗ്രാം. ഇപ്പോള്‍ പരീക്ഷണ ഘട്ടത്തിലുള്ള ഈ ഫീച്ചര്‍ വ്യാപകമായി എല്ലാ ഇന്‍സ്റ്റ ഉപഭോക്താക്കള്‍ക്കുമായി ലഭ്യമായിട്ടില്ല. തെരഞ്ഞെടുക്കപ്പെട്ട ഇന്‍സ്റ്റഗ്രാം ഉപഭോക്താക്കള്‍ക്ക് മാത്രമാണ് റീല്‍സ്-ഫസ്റ്റ് ലേഔട്ടിലുള്ള ഇന്‍സ്റ്റഗ്രാം ആപ്പ് ഇപ്പോള്‍ ലഭ്യമായിട്ടുള്ളൂ. പേര് സൂചിപ്പിക്കുന്നതുപോലെ ഇന്‍സ്റ്റഗ്രാം തുറക്കുമ്പോള്‍ റീല്‍സ് സെക്ഷന്‍ ആദ്യം വരുന്ന രൂപത്തിലുള്ള ഇന്‍റര്‍ഫേസാണ് ഈ അപ്‌ഡേറ്റിന്‍റെ പ്രത്യേകത. നിലവില്‍ ഇന്‍സ്റ്റഗ്രാം തുറക്കുമ്പോള്‍ എല്ലാത്തരം പോസ്റ്റുകളും പ്രത്യക്ഷപ്പെടുന്ന ഹോം ഫീഡിലേക്കാണ് യൂസര്‍മാര്‍ നേരിട്ട് എത്തുന്നത്. എന്നാല്‍ പുത്തന്‍ അപ്‌ഡേറ്റില്‍ റീല്‍സ് സെക്ഷനാണ് ആപ്പ് തുറക്കുമ്പോള്‍ തന്നെ കാണുക. ഇന്‍സ്റ്റഗ്രാം ആപ്പില്‍ മറ്റ് ചില പ്രധാന മാറ്റങ്ങളും ഇതിനൊപ്പം വരുന്നുണ്ട്.
നിലവിലുള്ളതുപോലെ ഇന്‍സ്റ്റഗ്രാം സ്റ്റോറീസ് ഫീഡിന്‍റെ ഏറ്റവും മുകള്‍വശത്തായി തന്നെ നിലനിര്‍ത്തും. ഇന്‍സ്റ്റ സ്റ്റോറീസിലേക്ക് യൂസര്‍മാര്‍ക്ക് എളുപ്പം എത്താന്‍ കഴിയും വിധമാണ് ഇത് നിലനിര്‍ത്തിയിരിക്കുന്നത്. എന്നാല്‍ ഡിഎമ്മില്‍ ഒരു മാറ്റമുണ്ട്. ഇന്‍സ്റ്റഗ്രാം ഡിഎം സൗകര്യം ഏറ്റവും താഴെയുള്ള നാവിഗേഷന്‍ ബാറിന്‍റെ മധ്യത്തിലേക്ക് മാറ്റിയിരിക്കുന്നു. ഡിഎം വളരെ പെട്ടെന്ന് ആക്‌സസ് ചെയ്യാന്‍ ഇതിലൂടെ കഴിയുമെന്ന് ഇന്‍സ്റ്റഗ്രാം അധികൃതര്‍ വിശ്വസിക്കുന്നു. ഇന്‍സ്റ്റഗ്രാമില്‍ റീല്‍സും ഡിഎമ്മുമാണ് കൂടുതല്‍ പേരും ഉപയോഗിക്കുന്നത് എന്നത് പരിഗണിച്ചാണ് ഈ ഡിസൈന്‍ മാറ്റമെന്ന് ഇന്‍സ്റ്റ അധികൃതര്‍ വ്യക്തമാക്കി. എല്ലാ സെക്ഷന്‍ ടാബുകളും എളുപ്പം സ്വൈപ് ചെയ്യാന്‍ കഴിയുന്ന വിധത്തിലാണ് ഇന്‍സ്റ്റഗ്രാമിലെ പുതിയ ഡിസൈന്‍ ക്രമീകരണം.
ഫോളോയിംഗ് ടാബ് എന്നൊരു സെക്ഷന്‍ ഇന്‍സ്റ്റഗ്രാമിലേക്ക് പുതുതായി കൂട്ടിച്ചേര്‍ത്തിട്ടുമുണ്ട്. നിങ്ങള്‍ ഫോളോ ചെയ്യുന്നവരില്‍ നിന്നും നിങ്ങളെ ഫോളോ ചെയ്യുന്നവരില്‍ നിന്നുമുള്ള പോസ്റ്റുകള്‍ എളുപ്പത്തില്‍ കാണുംവിധമാണ് ഫോളോയിംഗ് ടാബ് ക്രമീകരിച്ചിരിക്കുന്നത്. ഫോളോയിംഗ് ടാബില്‍ പ്രവേശിച്ചാല്‍ മൂന്ന് ഓപ്ഷനുകള്‍ കാണാം. ഓള്‍ (All) എന്ന ഓപ്ഷനില്‍ ഒരു യൂസര്‍ ഫോളോ ചെയ്യുവരുടെ പോസ്റ്റുകളും റീലുകളുമാണ് കാണാനാവുക. ഫ്രണ്ട്‌സ് (Friends) എന്ന ഓപ്ഷനില്‍ പരസ്‌പരം അങ്ങോട്ടുമിങ്ങോട്ടും ഫോളോ ചെയ്യുന്നവരുടെ പോസ്റ്റുകളും റീലുകളും കാണാം. ലേറ്റസ്റ്റ് (Latest) എന്ന ഓപ്ഷനാണ് മൂന്നാമത്തേത്. ഇതില്‍ നിങ്ങള്‍ ഫോളോ ചെയ്യുന്നവരുടെ പോസ്റ്റുകള്‍ ഏറ്റവും പുതിയവ എന്ന ക്രമത്തില്‍ കാണാനാകും.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം