ഐടി ജോലിയുടെ തിളക്കം മങ്ങുന്നോ? സ്ഥിരതയും പുത്തന്‍ ജോലി കണ്ടെത്തലും ഭീഷണി, അവസാനിക്കാതെ പിരിച്ചുവിടലും

Published : Aug 18, 2025, 12:36 PM IST
IT

Synopsis

പുനഃസംഘടന, ചെലവ് ചുരുക്കൽ തുടങ്ങി വിവിധ കാരണങ്ങളാൽ 2025ൽ ഐടി മേഖലയിലെ പല കമ്പനികളിലും പുതിയ നിയമനം നടത്തിയിട്ടില്ല

ലോകത്തിലെ മുൻനിര കമ്പനികളിൽ ഭൂരിഭാഗവും, പ്രത്യേകിച്ച് ഐടി ഭീമന്മാർ, പിരിച്ചുവിടലിന്‍റെ തിരക്കിലാണ്. ചില കമ്പനികൾ ഒറ്റയടിക്ക് ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടുന്നു. ഗൂഗിൾ, മൈക്രോസോഫ്റ്റ്, മെറ്റ, എക്‌സ്, ആമസോൺ, ഇന്‍റൽ, ഐബിഎം, സിസ്കോ പോലുള്ള വൻകിട കമ്പനികൾ മുതൽ ചെറുകിട സ്റ്റാർട്ടപ്പുകൾ വരെ ഇത് നീളുന്നു. 2024ൽ അഞ്ച് ലക്ഷത്തിലേറെ ജീവനക്കാർക്കാണ് തൊഴിൽ നഷ്‌ടമായത്. വരും നാളുകളിൽ വൻതോതിലുള്ള പിരിച്ചുവിടലിന് ഒരുങ്ങുകയാണ് പല കമ്പനികളും. രണ്ട് മുതൽ 20 ശതമാനം ജീവനക്കാരെ വരെ ഘട്ടംഘട്ടമായി കുറയ്ക്കാനാണ് പലരും ലക്ഷ്യമിടുന്നത്. നടപ്പുസാമ്പത്തിക വർഷവും വലിയതോതിലുള്ള പിരിച്ചുവിടൽ ഉണ്ടാകുമെന്ന് പല കമ്പനികളും സൂചന നൽകിയിട്ടുണ്ട്.

പുനഃസംഘടന, ചെലവ് ചുരുക്കൽ തുടങ്ങി വിവിധ കാരണങ്ങളാൽ 2025ൽ ഐടി മേഖലയിലെ പല കമ്പനികളിലും പുതിയ നിയമനം നടത്തിയിട്ടില്ല. അതേസമയം, രണ്ട് ലക്ഷത്തിലേറെ പേരെ ഒഴിവാക്കുകയാണ് ചെയ്‌തത്. 2025 അവസാനത്തോടെ ഇന്‍റൽ 24,000 പേരെ വെട്ടിക്കുറയ്ക്കുമെന്നാണ് ജൂലൈ 25ന് വന്ന റിപ്പോർട്ടിൽ പറയുന്നത്. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പുനഃസംഘടനകളിൽ ഒന്നാണിത്. 2024 അവസാനത്തോടെ 99,500 പേരാണ് ഇന്‍റലിൽ ഉണ്ടായിരുന്നത്. ഇതില്‍ നിന്നും 25 ശതമാനം ജീവനക്കാരെയാണ് ഒഴിവാക്കുന്നത്. എഐയിലും കാര്യക്ഷമതയിലും ശ്രദ്ധ കേന്ദ്രീകരിക്കാനായി മൈക്രോസോഫ്റ്റ് 9,000 ജീവനക്കാരെ ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ചതും കഴിഞ്ഞ മാസമാണ്. 2023ൽ 10,000 ജീവനക്കാരെ പിരിച്ചുവിട്ടതിനുശേഷമുള്ള ഏറ്റവും വലിയ വെട്ടിക്കുറയ്‌ക്കലാണിത്.

ഇന്ത്യയിലെ മുൻനിര ഐടി സേവന കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) 12,261 ജീവനക്കാരെ ഈ വർഷം പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ആഗോളതലത്തിൽ ജീവനക്കാരിൽ രണ്ട് ശതമാനം പേരെയാണ് തുടക്കത്തിൽ ഒഴിവാക്കുകയെന്നാണ് കമ്പനി വ്യക്തമാക്കിയത്. മുൻനിരയിലും മധ്യതലത്തിലും ജോലി ചെയ്യുന്നവരെയാണ് ഒഴിവാക്കുക. ഇവർക്ക് നോട്ടീസ് നൽകിത്തുടങ്ങി. പ്രതിവർഷം 3000 കോടി ഡോളറിന്‍റെ വിറ്റുവരവുള്ള കമ്പനിക്ക് ജൂൺ 30ലെ കണക്കനുസരിച്ച് 6.14 ലക്ഷം ജീവനക്കാരാണുള്ളത്. സാങ്കേതികവിദ്യ, നിർമിതബുദ്ധി (എഐ) വിന്യാസം, വിപണി വിപുലീകരണം, തൊഴിൽ ശക്തി പുനഃക്രമീകരണം എന്നിവയിലെ നിക്ഷേപങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് 'ഭാവി -സുസജ്ജമായ ഒരു സ്ഥാപനം' ആകാനുള്ള വിശാലമായ തന്ത്രത്തിന്‍റെ ഭാഗമാണ് ജീവനക്കാരെ ഒഴിവാക്കുന്നതെന്നാണ് ടിസിഎസിന്‍റെ അവകാശവാദം. റിക്രൂട്ട്മെന്‍റെ നടപടികൾ പൂർത്തിയായി നിയമന ഉത്തരവും ലഭിച്ച് നിയമനങ്ങൾക്കായി കാത്തിരിക്കുന്ന ഉദ്യോഗാർഥികൾക്ക് ഇനി എന്ന് ജോലിയിൽ പ്രവേശിക്കാൻ കഴിയും എന്നതിലും ആശങ്ക ഉയർന്നിട്ടുണ്ട്. സാമ്പത്തിക വർഷത്തിലെ പാദഫലത്തിൽ ലാഭം കുറയുന്നതിന്‍റെ അടിസ്ഥാനത്തിലാണ് പിരിച്ചുവിടൽ തീരുമാനമെടുക്കുന്നത്. ഐടി മേഖലയിലെ ചില വിദഗ്‌ധരുടെ അഭിപ്രായത്തിൽ കഴിഞ്ഞ നാല് പാദങ്ങളിലായി പിരിച്ചുവിടലുകളുടെ ദുരിതം നിലനിൽക്കുന്നുണ്ട്. കുറച്ച് പാദങ്ങൾകൂടി ഇത് തുടരും. ജാവ, ഡോട്ട് നെറ്റ് എന്നിവയ്ക്കുപകരം എഐ, ക്ലൗഡ്, ഡാറ്റ അനലിറ്റിക്‌സ് പോലുള്ള പ്രത്യേക വൈദഗ്‌ധ്യമുള്ള മേഖലകളിലേക്ക് മാത്രമാണ് നിയമനം നടക്കുന്നത്. സോഫ്റ്റ്‌വെയർ വികസനം, പരിശോധന, ബിസിനസ് വിശകലനം, പ്രോജക്‌ട് മാനേജ്മെന്‍റ് എന്നി മേഖലകളിലാണ് ഒഴിവാക്കൽ.

സാമ്പത്തിക ഫലത്തെ അടിസ്ഥാനമാക്കിയുള്ള മാതൃകകളിലേക്കുള്ള വ്യവസായ പ്രവണതയുടെ ഭാഗമാണ് ടിസിഎസിന്‍റെ തീരുമാനത്തിൽ പ്രതിഫലിപ്പിക്കുന്നതെന്നാണ് പൊതുവായ വിലയിരുത്തൽ. തൊഴിൽ ശക്തി വിനിയോഗത്തെ പരമാവധി കുറയ്ക്കുന്നതിലാണ് വൻകിട കമ്പനികൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ടെക് വ്യവസായത്തിലുടനീളം തൊഴിൽ ശക്തി തീരുമാനങ്ങളെ എഐയും ഓട്ടോമേഷനും സ്വാധീനിക്കുകയാണ്. ഇന്ത്യൻ ഐടി സേവന കമ്പനികൾ കൂടുതൽ കാര്യക്ഷമവും പ്രകടനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതുമായ തൊഴിൽ ശക്തി പരിവർത്തനത്തിലേക്ക് നീങ്ങുന്നതിനുപകരം മുൻനിരയിലും മധ്യനിരയിലും ഉള്‍പ്പെട്ട ജീവനക്കാരുടെ ഒഴിവാക്കലിലാണ് ഊന്നുന്നത്. മത്സരാധിഷ്‌ഠിതമായ ടെക്മേഖലയിൽ എഐയെ കൂടുതൽ പ്രയോജനപ്പെടുത്തി ചെലവ് കുറച്ച് കുറഞ്ഞ വിലയ്ക്ക് കൂടുതൽ സേവനങ്ങൾ നൽകി വരുമാനം വർധിപ്പിച്ച് ലാഭമുണ്ടാക്കാനാണ് ശ്രമം. അതുകൊണ്ട് തന്നെ കൂടുതൽ പിരിച്ചുവിടലുകൾക്ക് പല കമ്പനികളും വരും മാസങ്ങളിൽ മുന്നോട്ടുവരും. നിലവിലുള്ള ജീവനക്കാരുടെ വൈദഗ്‌ധ്യം വർധിപ്പിക്കുന്നതിനും വൈദഗ്‌ധ്യം നേടിയവരെ ഉൾപ്പെടുത്തുന്നതിനും പകരം ഒഴിവാക്കലാണ് നടക്കുന്നത്. വൈദഗ്‌ധ്യം കൈവരിക്കാത്തവരാണെന്നും ഇവർ ഭാവി ഘടനയ്ക്ക് അനുയോജ്യമല്ലാത്തവരെന്നും പറഞ്ഞ് ഉയർന്ന വേതനം കൈപ്പറ്റുന്നവരെ ഒഴിവാക്കി എഐയിലും ഓട്ടോമേഷനിലും വൈദഗ്‌ധ്യമുള്ളവരെ കുറഞ്ഞ വേതനം നൽകി എൻട്രി-ലെവലിൽ നിയമിക്കുന്ന പ്രവണതയാണ് ഉയർന്നുവരുന്നത്.

ടിസിഎസിന്‍റെ പിരിച്ചുവിടൽ തീരുമാനം ഐടി മേഖലയിലെ ജീവനക്കാരെ അസ്വസ്ഥരാക്കിയിട്ടുണ്ട്, ഇത് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വ്യാപകമായ ആശങ്കകൾക്കും ചർച്ചകൾക്കും കാരണമായി. ഏതൊരു കമ്പനിയിലും പിരിച്ചുവിടലുകൾ നല്ല വാർത്തയല്ല. ഈ പ്രവണത കാരണം തൊഴിൽ നഷ്ടപ്പെടുമെന്ന് മാത്രമല്ല, മത്സരം വർധിപ്പിക്കുകയും ശമ്പളം കുറയാനും ഇടയാക്കുമെന്നും ജീവനക്കാർ ഭയപ്പെടുന്നു. ഐടി മേഖലയിൽ ശരാശരിയേക്കാൾ ഉയർന്ന പാക്കേജുകളും സുരക്ഷിതമായ ജോലിയുമാണ് മുമ്പ് വാഗ്‌ദാനം ചെയ്‌തിരുന്നത്. ഈ സുരക്ഷിതത്വബോധം പെട്ടെന്ന് ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. ഐടി സേവനങ്ങൾ, ഇ-കൊമേഴ്‌സ്, സ്റ്റാർട്ടപ്പുകൾ എന്നിവയുൾപ്പെടെ ടെക് മേഖലയിലുടനീളമുള്ള മധ്യതലത്തിലെ മാനേജർമാരും എൻജിനിയർമാരുമാണ് ഭീഷണി നേരിടുന്നത്. ഫെയ്‌സ്ബുക്ക് (മെറ്റ), ആപ്പിൾ, ആമസോൺ, നെറ്റ്ഫ്ലിക്‌സ്, ഗൂഗിൾ (ആൽഫബെറ്റ്) എന്നീ മുൻനിര അഞ്ച് കമ്പനികൾ 2022ൽ മാത്രം 1,18,000 ൽ അധികം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. 2023, 2024 വർഷങ്ങളിലും ഇതിലേറെ ജീവനക്കാരെ പിരിച്ചുവിട്ടു. ഐബിഎം, ഇന്‍റൽ, സിസ്കോ, ഒറാക്കിൾ, ഉബർ, എയർബിഎൻബി, ട്വിറ്റർ, ടെസ്‌ല, സ്‌നാപ്പ്, സെയിൽസ്ഫോഴ്‌സ്, ഷോപ്പിഫൈ, ആമസോൺ തുടങ്ങിയ കമ്പനികളും ജീവനക്കാരെ പിരിച്ചുവിട്ടു. ജീവനക്കാരുടെ പ്രവർത്തനം വിലയിരുത്താൻ കുടുതൽ കർശനമായ വ്യവസ്ഥകൾ ഏർപ്പെടുത്തിയിരിക്കുന്ന ഗുഗിൾ 2025ൽ 3000 ജീവനക്കാരെ കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് കമ്പനികളും ജീവനക്കാരുടെ പ്രകടനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും നിശ്ചിത ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ പരാജയപ്പെടുന്നവരുടെ ജോലികൾ വെട്ടിക്കുറയ്ക്കാനും പദ്ധതിയിടുന്നു.

പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള പിരിച്ചുവിടൽ നയങ്ങൾ പലപ്പോഴും വിവേചനപരമാണ്. ഐടി മേഖലയിലെ ജോലി സ്ഥിരത ആശങ്കപ്പെടുത്തുകയാണ്. ചിലപ്പോൾ, ശമ്പളം കുറയ്ക്കാൻ ഐടി കമ്പനികൾ ഒന്നിക്കുന്നു. അടുത്ത ജോലി കണ്ടെത്താനുള്ള സാധ്യതയെ ബാധിക്കുമെന്നതിനാൽ ജീവനക്കാർക്ക് ശബ്‌ദമുയർത്താൻ കഴിയില്ല. സംഘടിക്കാനുള്ള അവസരം പോലും ഈ മേഖലയിൽ കുറവാണ്. കുറച്ച് വർഷങ്ങൾക്കുള്ളിൽ മികച്ച അവസരങ്ങൾക്കായി കമ്പനികൾ മാറേണ്ടിവരുന്ന എൻട്രി-ലെവൽ ജീവനക്കാർ സംഘടനയിൽ അംഗത്വമെടുക്കാനും മുന്നോട്ടുവരാറില്ല. വരുംകാലം ഐടി മേഖലയിൽ ജോലി കണ്ടെത്തുന്നത് കൂടുതൽ വെല്ലുവിളി നിറഞ്ഞതായി മാറുകയാണ്. ഒപ്പം ജോലി സ്ഥിരത എന്നതും ഭീഷണി നേരിടുകയാണ്.

 

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം

Read more Articles on
click me!

Recommended Stories

ഐഫോണ്‍ എയര്‍ നാണിച്ച് തലതാഴ്‌ത്തും; 35000 രൂപ വിലയില്‍ അള്‍ട്രാ-തിന്‍ മോട്ടോറോള എഡ്‌ജ് 70 ഡിസംബര്‍ 15ന് പുറത്തിറങ്ങും
കാലഹരണപ്പെട്ട വിൻഡോസ് ഒഎസില്‍ പ്രവര്‍ത്തിക്കുന്നത് 50 കോടി കമ്പ്യൂട്ടറുകള്‍: ഡെൽ