ജപ്പാനില്‍ ഈ വാഴപ്പഴത്തിന് വില 375 രൂപ

By Vipin PanappuzhaFirst Published Jan 21, 2018, 11:49 AM IST
Highlights

ടോക്കിയോ: ജപ്പാനില്‍ ഈ വാഴപ്പഴത്തിന് വില 375 രൂപ നല്‍കേണ്ടി വരും. ഞെട്ടേണ്ട. നിരവധി പരീക്ഷണങ്ങളിലൂടെ 20,000 വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള പഴത്തെയാണ് ശാസ്ത്രജ്ഞര്‍ പുനരവതിപ്പിച്ചിരിക്കുന്നത്. ഇതിന്‍റെ തൊലി അടക്കം കഴിക്കാം എന്നതാണ് പ്രത്യേകത. 20,000 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഭൂമിയില്‍ ശീതയുഗമായിരുന്നു. ശീതകാലത്ത് പല ചെടികളും ‘മടിയന്‍’മാരാകും. ശീതയുഗം അവസാനിച്ച് പതിയെ മഞ്ഞെല്ലാം ഉരുകിത്തുടങ്ങുമ്പോള്‍ ക്രമേണ ചെടികളും ഉഷാറാകും.

അങ്ങനെ അന്നുണ്ടായ തരം വാഴപ്പഴത്തിന്റെ തൊലിയും കഴിക്കാന്‍ സാധിക്കുമായിരുന്നു. പിന്നീട് കാലക്രമേണയാണു തൊലിയുടെ രുചി മാറിയത്. ശാസ്ത്രജ്ഞര്‍ വാഴക്കന്നിനെ ലാബില്‍ മൈനസ് 60 ഡിഗ്രി സെല്‍ഷ്യസില്‍ വച്ചു തണുപ്പിച്ചതിന് ശേഷം നട്ടുപിടിപ്പിച്ചു. പതിയെപ്പതിയെ മഞ്ഞെല്ലാം ഉരുകിപ്പോകുന്ന അന്തരീക്ഷം കൃത്രിമമായി സൃഷ്ടിച്ച് അതിലായിരുന്നു വാഴ വളര്‍ത്തിയത്.

അതായത് 20,000 വര്‍ഷങ്ങള്‍ക്കു മുന്‍പേ ഉണ്ടായിരുന്ന അതേ കാലാവസ്ഥയില്‍. അതോടെ വാഴയില്‍ ‘ഉറങ്ങിക്കിടന്നിരുന്ന’ ഡിഎന്‍എ ഉത്തേജിക്കപ്പെട്ടു. അങ്ങനെയാണ് മോണ്‍ഗേ വാഴപ്പഴത്തിന്റെ പിറവി. ജപ്പാനിലെ ഡി ആന്‍ഡ് ടി ഫാം എന്ന കമ്പനിയാണ് ഈ പഴത്തിന്റെ ഉല്‍പാദകര്‍. വാഴപ്പഴത്തിനുള്ളില്‍ വര്‍ഷങ്ങളായി ഒളിച്ചിരുന്ന ഒരു ഡിഎന്‍എയെ ഉത്തേജിപ്പിച്ചാണ് ജാപ്പനീസ് ശാസ്ത്രജ്ഞര്‍ ഈ വാഴപ്പഴം ഉല്‍പാദിപ്പിച്ചത്. അതീവ രുചികരം എന്നര്‍ത്ഥം വരുന്ന മോണ്‍ഗേ വാഴപ്പഴം എന്നാണ് ശാസ്ത്രജ്ഞര്‍ ഇതിന് നല്‍കിയ പേര്. 

ജപ്പാനില്‍ ഒക്ലഹോമയിലെ ഡിപ്പാര്‍ട്‌മെന്റ് സ്റ്റോറില്‍ ആഴ്ചയില്‍ 10 വാഴപ്പഴം വില്‍പനയ്‌ക്കെത്തും. ഒരെണ്ണത്തിനു വില 648 യെന്‍ ആണ്.  സാധാരണ വാഴപ്പഴത്തില്‍ 18.3 ഗ്രാം ആണ് പഞ്ചസാരയുടെ അളവെങ്കില്‍ മോണ്‍ഗേയില്‍ അത് 24.8 ഗ്രാമാണ്. പഴത്തിന്റെ തൊലിയിലാകട്ടെ വൈറ്റമിന്‍ ബി6, മഗ്‌നീഷ്യം എന്നിവയ്‌ക്കൊപ്പം ട്രിപ്‌റ്റോഫാന്‍ എന്ന അമിനോ ആസിഡും ഉണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നത്. മാനസിക വളര്‍ച്ചയ്ക്കും നല്ല ഉറക്കത്തിനും സഹായിക്കുന്നതാണ് ട്രിപ്‌റ്റോഫാന്‍.

click me!