ഇനി ജിയോ വെറും ജിയോ അല്ല; പുതിയതായി 5 സേവനങ്ങള്‍ കൂടി!

By Web DeskFirst Published Apr 28, 2017, 7:25 AM IST
Highlights

രാജ്യത്ത് 4ജി വിപ്ലവം സൃഷ്ടിച്ച റിലയന്‍സ് ജിയോ ടെലികോം മേഖലയില്‍ വലിയ മല്‍സരത്തിനാണ് തിരികൊളുത്തിയത്. 4ജി ഡാറ്റയും സൗജന്യ ഫോണ്‍ വിളിയും ഉപഭോക്താക്കള്‍ക്കായി ജിയോ നല്‍കിയതോടെ മറ്റു ടെലികോം സേവനദാതാക്കളും വന്‍ ഓഫറുകളുമായി രംഗത്തെത്തി. ഇത് ഇന്ത്യയിലെ ഇന്റര്‍നെറ്റ് ഉപഭോഗം കുത്തനെ ഉയര്‍ത്തി. ഇപ്പോഴിതാ, ജിയോ കൂടുതല്‍ മേഖലകളിലേക്ക് കടക്കുന്നുവെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ജിയോയുടെ പുതിയ 5 സേവനങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം...

1, ജിയോ ഡിടിഎച്ച്

റിലയന്‍സ് ജിയോയുടെ ഡിടിഎച്ച് സേവനം വൈകാതെ ആരംഭിക്കും. 50 എച്ച് ഡി ചാനല്‍ ഉള്‍പ്പടെ 350ല്‍ അധികം ടിവി ചാനലുകള്‍ ജിയോ ഡിടിഎച്ചില്‍ ഉണ്ടാകും. ഫോണില്‍ ജിയോ ടിവി ആപ്പും ജിയോ സിംകാര്‍ഡും ഉണ്ടെങ്കില്‍ ഡിടിഎച്ച് സേവനം ആസ്വദിക്കാനാകും. അതുപോലെ സെറ്റ്ടോപ്പ് ബോക്‌സ് വഴി ടിവിയിലും ജിയോ ഡിടിഎച്ച് ഉപയോഗിക്കാനാകും.

2, ജിയോ ബ്രോ‍ഡ്ബാന്‍ഡ് സര്‍വ്വീസ്

ഫൈബര്‍ ടു ദ ഹോം(എഫ്‌ടിടിഎച്ച്) ബ്രോഡ്ബാന്‍ഡ് സേവനവും ജിയോ ഉടന്‍ തുടങ്ങും. ഒരു ജിബിപിഎസ് വേഗതയില്‍ ഇന്റര്‍നെറ്റ് ലഭ്യമാകുമെന്നാണ് ജിയോ വക്താവ് പറയുന്നത്. നിലവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ലഭ്യമാകുന്ന ജിയോ ബ്രോഡ്ബാന്‍ഡിന് 70 മുതല്‍ 100 എംബിപിഎസ് വരെ വേഗതയുണ്ട്. പൂനെയില്‍ 743 എംബിപിഎസ് വരെ ഡൗണ്‍ലോഡ് സ്പീഡ് ലഭിച്ചിട്ടുണ്ട്. എന്നാല്‍ പൂര്‍ണതോതില്‍ സേവനം ലഭ്യമാകുന്നതോടെ വേഗത ഒരു ജിബിപിഎസ് വരെ ഉണ്ടാകുമെന്നാണ് പറയുന്നത്. തുടക്കത്തില്‍ ഹൈദരാബാദില്‍ ആയിരിക്കും ജിയോ ബ്രോഡ്ബാന്‍ഡ് ലഭ്യമാകുക.

3, ജിയോ മണി

ഇപ്പോള്‍ ലഭ്യമാകുന്ന ജിയോ മണി ആപ്പ് കൂടുതല്‍ വിപുലീകരിച്ച് അവതരിപ്പിക്കും. ഇന്ത്യയിലെ ഏറ്റവും വലിയ മൊബൈല്‍ ഇ-വാലറ്റായും ജിയോ മണിയെ മാറ്റും. കൂടാതെ തെരഞ്ഞെടുത്ത ജിയോ ഔട്ട്‌ലെറ്റുകളില്‍ വിവിധ സേവനങ്ങള്‍ക്കായി പണം നല്‍കാനും സാധിക്കും. ഉദാഹരണത്തിന് റെയില്‍വേ ടിക്കറ്റ്, സിനിമ ടിക്കറ്റ്, മൊബൈല്‍ റീച്ചാര്‍ജിങ് തുടങ്ങിയ എല്ലാ ജിയോ മണി സേവനങ്ങളും അനായാസം ലഭ്യമാക്കും.

4, 4ജി വിഒഎല്‍ടിഇ ഫീച്ചര്‍ ഫോണ്‍

ജിയോയുടെ ആഭിമുഖ്യത്തില്‍ പുറത്തിറങ്ങുന്ന 4ജി വിഒഎല്‍ടിഇ ഫീച്ചര്‍ ഫോണ്‍ പദ്ധതി ഈ വര്‍ഷം തന്നെ ഉണ്ടാകും. മൈജിയോ, ജിയോടിവി, ജിയോ സിനിമ, ജിയോ മ്യൂസിക് എന്നിവയ്‌ക്ക് ഹോമില്‍ത്തന്നെ പ്രത്യേകം ബട്ടണുകളുണ്ടാകും. ക്വാല്‍കോം മീഡിയടെക് പ്രോസസറോടുകൂടിയ ഫോണിന് ആയിരത്തിനും 1500നും ഇടയിലായിരിക്കും വിലയെന്നാണ് സൂചന.

5, ഹോം ഓട്ടോമേഷനും മറ്റ് സ്മാര്‍ട്ട് ഉല്‍പന്നങ്ങളും

ഹോം ഓട്ടോമേഷന്‍ ഉള്‍പ്പടെ കൂടുതല്‍ സ്‌മാര്‍ട്ട് ഉല്‍പന്നങ്ങളും ജിയോയുടെ ബ്രാന്‍ഡില്‍ പുറത്തിറക്കും.

click me!