
ന്യൂയോര്‍ക്ക്: ജിമെയിൽ, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, നെറ്റ്ഫ്ലിക്‌സ് എന്നിവയില്‍ നിന്നുൾപ്പെടെയുള്ള 149 ദശലക്ഷത്തിലധികം അക്കൗണ്ടുകളുടെ യൂസർ നെയിമുകൾ, പാസ്‌വേഡുകൾ എന്നീ ലോഗിൻ ക്രെഡൻഷ്യലുകൾ ചോർന്നതായി റിപ്പോർട്ട്. പ്രശസ്ത സൈബർ സുരക്ഷാ ഗവേഷകനായ ജെറമിയ ഫൗളർ പുറത്തുവിട്ട റിപ്പോർട്ടിൽ ജിമെയിലിലെ 48 ദശലക്ഷം, യാഹൂവിലെ നാല് ദശലക്ഷം, ഫേസ്ബുക്കിലെ 17 ദശലക്ഷം, ഇൻസ്റ്റഗ്രാമിലെ 6.5 ദശലക്ഷം, നെറ്റ്ഫ്ലിക്‌സിലെ 3.4 ദശലക്ഷം, ഔട്ട്‌ലുക്കിലെ 1.5 ദശലക്ഷം ലോഗിന്‍ വിവരങ്ങള്‍ ഉൾപ്പെടുന്നുവെന്ന് അവകാശപ്പെടുന്നു. പാസ്‌വേഡ് സംരക്ഷണമോ എൻക്രിപ്ഷനോ ഇല്ലാതെ ഓൺലൈനിൽ ലഭ്യമായ ഏകദേശം 96 ജിബി റോ ക്രെഡൻഷ്യൽ ഡാറ്റ അടങ്ങിയ ഒരു തുറന്ന ഡാറ്റാബേസ് ജെറമിയ ഫൗളർ പുറത്തുവിട്ടു. ഈ ഡാറ്റാബേസിൽ ഏകദേശം 149,404,754 യൂസർ നെയിമുകളും പാസ്‌വേഡുകളും ഉണ്ടായിരുന്നു. ഫൗളർ ഈ വിവരങ്ങൾ എക്‌സ്‌പ്രസ്‌വിപിഎന്‍ വഴിയാണ് പങ്കിട്ടത്.
ഇന്‍റര്‍നെറ്റിലെ ഈ ഡാറ്റാ ചോർച്ചയുടെ വ്യാപ്‍തി വളരെ വലുതാണ്. ഏതാണ്ട് എല്ലാ പ്രധാന ഓൺലൈൻ സേവനങ്ങളിൽ നിന്നുമുള്ള അക്കൗണ്ടുകൾ ഇതിൽ ഉൾപ്പെടുന്നു. ഏകദേശം 48 ദശലക്ഷം ജിമെയിൽ, നാല് ദശലക്ഷം യാഹൂ, 1.5 ദശലക്ഷം ഔട്ട്‌ലുക്ക് അക്കൗണ്ടുകൾ എന്നിവയുടെ ലോഗിൻ വിശദാംശങ്ങൾ ഇമെയിൽ സേവനങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും ഈ ചോർച്ചയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഏകദേശം 17 ദശലക്ഷം ഫേസ്ബുക്ക് അക്കൗണ്ടുകളുടെയും 6.5 ദശലക്ഷം ഇൻസ്റ്റഗ്രാം അക്കൗണ്ടുകളുടെയും 7.8 ലക്ഷം ടിക് ടോക്ക് അക്കൗണ്ടുകളുടെയും എക്‌സിലെ നിരവധി അക്കൗണ്ടുകളുടെയും ക്രെഡൻഷ്യലുകൾ ചോർന്നു. ഇതിനുപുറമെ, നെറ്റ്ഫ്ലിക്‌സ് (3.4 ദശലക്ഷം), എച്ച്ബിഒ മാക്‌സ്, ഡിസ്നി+, റോബ്ലോക്‌സ് തുടങ്ങിയ വിനോദ പ്ലാറ്റ്‌ഫോമുകളുമായി ബന്ധിപ്പിച്ചിട്ടുള്ള അക്കൗണ്ടുകൾ, ബിനാൻസ് പോലുള്ള ക്രിപ്‌റ്റോ അക്കൗണ്ടുകൾ, ബാങ്കിംഗ് ലോഗിനുകൾ, സർക്കാർ വെബ്‌സൈറ്റുകൾ എന്നിവയും ഈ ഡാറ്റയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഈ ചോർച്ച ഒരു സെർവർ ഹാക്കിംഗിന്‍റെ ഫലമല്ല, മറിച്ച് ഇൻഫോസ്റ്റീലർ മാൽവെയറിന്‍റെ പ്രവർത്തനമാണ്. വ്യാജ ഇമെയിൽ അറ്റാച്ചുമെന്‍റുകൾ, വ്യാജ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ അല്ലെങ്കിൽ വൈറസ് ബാധയുള്ള ബ്രൗസർ എക്സ്റ്റൻഷനുകൾ വഴി ഈ മാൽവെയർ കമ്പ്യൂട്ടറിലേക്കോ ഫോണിലേക്കോ പ്രവേശിച്ചു. സിസ്റ്റത്തിൽ നിങ്ങൾ ടൈപ്പ് ചെയ്യുന്ന ഓരോ പാസ്‌വേഡും സംരക്ഷിച്ചിരിക്കുന്ന എല്ലാ ഡാറ്റയും ഇത് മോഷ്‌ടിച്ച് ഒരു റിമോട്ട് സെർവറിലേക്ക് അയയ്ക്കുന്നു. ഗവേഷണമനുസരിച്ച്, ഇൻഫോസ്റ്റീലർ മാൽവെയർ തന്നെയാണ് ഈ ഡാറ്റാബേസ് സൃഷ്‍ടിച്ചതും തുടർന്ന് ഡാറ്റ ഒരു ക്ലൗഡ് സെർവറിലേക്ക് അപ്‌ലോഡ് ചെയ്‌തതും.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam