
ഭൂമിയുടെ ഘടനയിൽ വലിയരീതിയിൽ മാറ്റം വരുമെന്ന് ശാസ്ത്രലോകം. ആഫ്രിക്കൻ ഭൂഖണ്ഡം ക്രമേണ വിഘടിക്കുമെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു. അതോടൊപ്പം, പുതിയ സമുദ്രം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും പഠനങ്ങൾ പറയുന്നു. മാഗ്മക്ക് മുകളിലെ ടെക്റ്റോണിക് പ്ലേറ്റുകൾ പതിയെ അകലുന്നുവെന്നും ഇവ ആഫ്രിക്കൻ ഭൂഖണ്ഡത്തെ രണ്ടായി വിഭജിക്കുമെന്നുമാണ് മുന്നറിയിപ്പ്. വിർജീനിയ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രസംഘത്തിന്റേതാണ് പഠനം.
അഫാർ മേഖലയിലെ ഭൂമിയുടെ പുറംതോട് ഇതിനകം തന്നെ വളരെ നേർത്തതാണ്. ചില ഭാഗങ്ങൾ സമുദ്രനിരപ്പിന് താഴെയാണ്. വിള്ളലിന്റെ രണ്ട് ശാഖകൾ ഇതിനകം ചെങ്കടലിലും ഏദൻ ഉൾക്കടലിലും മുങ്ങിയ അവസ്ഥയിലാണ്. ഈ പ്രദേശങ്ങൾക്കിടയിലുള്ള ഭൂമി കൂടുതൽ മുങ്ങുമ്പോൾ, കടൽവെള്ളം നിറയാൻ തുടങ്ങും, ക്രമേണ പരസ്പരം അകലുന്ന പ്ലേറ്റുകൾക്കിടയിലെ വിള്ളലിൽ ഒരു പുതിയ സമുദ്രം രൂപപ്പെടും.
വിള്ളലിന്റെ വടക്കൻ ഭാഗത്ത് ഫലകങ്ങളുടെ വേർതിരിവ് താരതമ്യേന വേഗത്തിലാണെന്ന് ശാസ്ത്രജ്ഞർ നിരീക്ഷിച്ചിട്ടുണ്ട്. വികാസ നിരക്ക് ഏറ്റവും കൂടുതലുള്ള വടക്കൻ പ്രദേശത്താണ് പുതിയ സമുദ്രങ്ങൾ രൂപപ്പെടുന്ന പ്രക്രിയ ആദ്യം ആരംഭിക്കാൻ സാധ്യതയുള്ളതെന്ന് വിർജീനിയ ടെക്കിലെ ജിയോഫിസിസിസ്റ്റ് ഡി. സാറാ സ്റ്റാമ്പ്സ് പറയുന്നു.
ശരാശരി, ടെക്റ്റോണിക് പ്ലേറ്റുകൾ പ്രതിവർഷം ഏകദേശം 0.28 ഇഞ്ച് എന്ന നിരക്കിൽ അകന്നുപോകുന്നു. എന്നാൽ, ഈ മാറ്റം നടക്കണമെങ്കിൽ അതായത്, മുഴുവൻ സമുദ്രം രൂപപ്പെടാൻ ദശലക്ഷക്കണക്കിന് വർഷങ്ങൾ എടുക്കും. ദശലക്ഷക്കണക്കിന് വർഷങ്ങൾ എടുക്കുമെങ്കിലും മന്ദഗതിയിലുള്ള മാറ്റം പോലും മനുഷ്യജീവിതത്തെ വേഗത്തിൽ ബാധിക്കുകയും ഭൂകമ്പങ്ങളുടെയും അഗ്നിപർവ്വത പ്രവർത്തനങ്ങളുടെയും സാധ്യത വർദ്ധിപ്പിക്കുമെന്നും ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു.
ഭൂമിയുടെ പുറംതോടിൽ ഏകദേശം 15 മുതൽ 20 വരെ ടെക്റ്റോണിക് പ്ലേറ്റുകൾ അടങ്ങിയിരിക്കുന്നു. അവ ഭൂമിക്ക് താഴെയുള്ള ഉരുകിയ മാഗ്മയിൽ പൊങ്ങിക്കിടക്കുന്ന അവസ്ഥയിലാണ്. ഭൂമിക്കുള്ളിൽ നിന്ന് ഉയരുന്ന ചൂടുള്ള വസ്തുക്കളുടെ നിരയായ മാന്റിൽ പ്ലൂം, അഫാർ മേഖലയ്ക്ക് താഴെ ഉണ്ടെന്ന് ഭൂമിശാസ്ത്രജ്ഞർ വിശ്വസിക്കുന്നു. ഈ ചൂട് മുകളിലെ പുറംതോടിനെ ദുർബലപ്പെടുത്താനും അതിനെ വേർപെടുത്താനും കാരണമാകും. ഇതുമൂലം ആഫ്രിക്കയുടെ ഭൂമിശാസ്ത്രപരമായ ഘടന ക്രമേണ മാറിക്കൊണ്ടിരിക്കുന്നുവെന്നും പറയുന്നു.