സ്വന്തം ലാപ്ടോപ്പിന്‍റെ ചില സ്ഥലങ്ങളില്‍ പ്ലാസ്റ്റര്‍ ഒട്ടിച്ച് സുക്കര്‍ബര്‍ഗ്

By Web DeskFirst Published Jun 23, 2016, 10:42 AM IST
Highlights

സന്‍ഫ്രാന്‍സിസ്കോ: ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയയുടെ തലവന്‍റെ ഒരു ചിത്രമാണ് ഇപ്പോള്‍ സൈബര്‍ലോകത്ത് ചൂടുള്ള ചര്‍ച്ച. ഇന്‍സ്റ്റഗ്രാമിലെ പ്രതിമാസ ഉപഭോക്താക്കളുടെ എണ്ണം 50 കോടിയിലെത്തിയതുമായി ബന്ധപ്പെട്ടാണ് ഒരു 'സ്പെഷ്യല്‍ ഫോട്ടോ ഫേസ്ബുക്ക് തലവന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഫേസ്ബുക്കിലിട്ടത്. എന്നാല്‍ ഈ ഫോട്ടോകണ്ടവര്‍ക്ക് പക്ഷെ പ്രധാനവാര്‍ത്ത ഇന്‍സ്റ്റഗ്രാമിന്‍റെ 50 കോടി നേട്ടമായിരുന്നില്ല. 

സുക്കര്‍ബര്‍ഗ് പോസ്റ്റ് ചെയ്ത ചിത്രത്തില്‍ കാണുന്ന സുക്കറിന്‍റെ ലാപ്‌ടോപ്പിലെ ചില ഭാഗങ്ങൾ ടേപ്പ് ഒട്ടിച്ചതായി കണ്ടു. ഹാക്കര്‍മാരില്‍ നിന്നും ഏറ്റവും സുരക്ഷിതമെന്ന് കരുതുന്ന ആപ്പിളിന്‍റെ ലാപ്ടോപ്പാണ് സക്കർബർഗ് ഉപയോഗിക്കുന്നത്. ഇതിന്‍റെ വെബ്ക്യാമറ, മൈക്ക്, യുഎസ്ബി പോർട്ടുകൾ ഇവയെല്ലാം ടേപ്പ് കൊണ്ട് മാര്‍ക്ക് ഒട്ടിച്ചിരിക്കുന്നത് മാര്‍ക്കിന്‍റെ ഉയര്‍ന്ന സൈബര്‍ സുരക്ഷ ബോധത്തിന്‍റെ ഭാഗമാണെന്നാണ് ഒരു കൂട്ടം സുക്കര്‍ ആരാധകരുടെ വാദം.

അടുത്തിടെ സുക്കർബർഗിന്‍റെ ട്വിറ്റർ, പിൻട്രസ്റ്റ് തുടങ്ങി അക്കൗണ്ടുകൾ ഹാക്ക് ചെയ്തിരുന്നു. അന്ന് സുക്കറിന്‍റെ എല്ലാ അക്കൌണ്ടുകള്‍ക്കും പാസ്വേര്‍ഡുകള്‍ ഒന്നാണെന്നും, ഇത് അടിസ്ഥാനപരമായ സൈബര്‍ സുരക്ഷ ബോധം പോലും സുക്കര്‍ബര്‍ഗിന് ഇല്ലെന്നും വിമര്‍ശകര്‍ക്ക് വാദിക്കാന്‍ അവസരം നല്‍കിയിരുന്നു. അതിനെതിരെ ഉയരുന്ന തെളിവാണ് പുതിയ ചിത്രം എന്ന് സൈബര്‍ ലോകം വിലയിരുത്തുന്നു.

click me!