എഐ സിഇഒ വരുന്നു? മെറ്റയിൽ പരീക്ഷണവുമായി മാർക്ക് സുക്കർബർഗ്, നേതൃത്വരംഗത്ത് വലിയ മാറ്റങ്ങൾക്ക് തുടക്കം

Published : Mar 24, 2026, 01:42 PM IST
Meta logo

Synopsis

മെറ്റ സിഇഒ മാർക്ക് സുക്കർബർഗ് ഒരു എഐ സിഇഒ ഏജന്‍റിനെ വികസിപ്പിക്കുന്നതായി റിപ്പോർട്ട്. മാനേജ്മെന്‍റ് പ്രവർത്തനങ്ങൾ ലളിതമാക്കാനും വേഗത്തിൽ തീരുമാനങ്ങൾ എടുക്കാൻ സഹായിക്കാനുമാണ് ഇത് ലക്ഷ്യമിടുന്നത്. എഐ മനുഷ്യ സിഇഒമാരെ പൂർണ്ണമായി മാറ്റിസ്ഥാപിക്കില്ലെങ്കിലും, ഭാവിയിൽ അവരുടെ ജോലി രീതിയെ ഇത് വലിയ തോതിൽ മാറ്റിമറിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

കാലിഫോര്‍ണിയ: മെറ്റയുടെ സിഇഒ മാർക്ക് സുക്കർബർഗ് എഐ അടിസ്ഥാനമാക്കിയ സിഇഒ ഏജന്‍റിനെ വികസിപ്പിക്കുന്നതായി റിപ്പോർട്ടുകൾ. കമ്പനികളുടെ ദൈനംദിന പ്രവർത്തനങ്ങളിൽ എഐയുടെ പ്രാധാന്യം വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, മിഡ്-ലെവൽ ജോലികൾ മാത്രമല്ല, ഉന്നത സ്ഥാനങ്ങളായ സിഇഒകളുടെ പ്രവർത്തനങ്ങളിലും എഐയുടെ ഇടപെടൽ അനിവാര്യമാകുമെന്ന് വിദഗ്‌ധർ വിലയിരുത്തുന്നു.

എഐ സിഇഒയുടെ കാലം വരുന്നു!

മാര്‍ക്ക് സുക്കർബർഗും കൂട്ടരും വികസിപ്പിക്കുന്ന ഈ എഐ മോഡൽ ഇപ്പോൾ പരിശീലന ഘട്ടത്തിലാണെന്ന് വാൾ സ്ട്രീറ്റ് ജേർണലിനെ ഉദ്ദരിച്ച് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. കമ്പനിയിലെ വിവിധ വിഭാഗങ്ങളിൽ നിന്നുള്ള വിവരങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിനും മാനേജ്മെന്‍റ് പ്രവർത്തനങ്ങളുടെ സങ്കീർണതയെയും സമയവും കുറയ്ക്കുന്നതിനും ഇത് സഹായിക്കുമെന്നാണ് സൂചന. ഇതിലൂടെ സിഇഒയ്ക്ക് വേഗത്തിൽ തീരുമാനങ്ങൾ എടുക്കാൻ കഴിയും.

ഇന്ത്യ എഐ ഇംപാക്റ്റ് സമിറ്റിൽ സംസാരിച്ച ഓപ്പൺഎഐ സിഇഒ സാം ആൾട്ട്‌മാൻ, ഭാവിയിൽ എഐക്ക് വലിയ കമ്പനികളുടെ സിഇഒമാരേക്കാൾ മികച്ച രീതിയിൽ ജോലി ചെയ്യാൻ കഴിയുമെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇതോടെ സിഇഒമാരും എഐയുടെ ഭീഷണിയിൽ ആണോ എന്ന ചർച്ച സോഷ്യൽ മീഡിയയിൽ ശക്തമായി. അതേസമയം, മെറ്റയിൽ എഐയുടെ ഉപയോഗം വേഗത്തിൽ വർധിപ്പിക്കാനാണ് സുക്കർബർഗിന്‍റെ ശ്രമം. ജീവനക്കാർക്ക് കൂടുതൽ കാര്യക്ഷമമായി ജോലി ചെയ്യാൻ എഐ ടൂളുകൾ ഉപയോഗപ്പെടുത്തുകയും ടീമുകൾ കൂടുതൽ ലളിതമാക്കുകയും ചെയ്യുകയാണ് ലക്ഷ്യം. വ്യക്തിഗത സംഭാവനകൾക്ക് കൂടുതൽ പ്രാധാന്യം നൽകുകയും മാനേജ്മെന്‍റ് തലങ്ങൾ കുറയ്ക്കുകയും ചെയ്യാനാണ് പദ്ധതി.

കമ്പനിക്കുള്ളിൽ “സെക്കൻഡ് ബ്രെയിൻ” പോലുള്ള എഐ സംവിധാനങ്ങൾ ഉപയോഗിച്ച് പ്രോജക്ട് ഡോക്യുമെന്റുകൾ എളുപ്പത്തിൽ കണ്ടെത്താനും വിശകലനം ചെയ്യാനും കഴിയുന്ന സാഹചര്യം ഒരുക്കിയിട്ടുണ്ട്. ചില ജീവനക്കാർ വ്യക്തിഗത എഐ അസിസ്റ്റന്റുകളും ഉപയോഗിക്കുന്നു, ഇവ ചാറ്റുകളും ഫയലുകളും കൈകാര്യം ചെയ്‌ത് സഹപ്രവർത്തകരുമായി ആശയവിനിമയം നടത്താനും സഹായിക്കുന്നു.

അതേസമയം, എഐ നിക്ഷേപങ്ങൾ വർധിക്കുന്നതിനൊപ്പം മെറ്റയിൽ ഏകദേശം 15,000 ജീവനക്കാരെ പിരിച്ചുവിടാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. കമ്പനിയുടെ സൂപ്പർഇന്‍റലിജൻസ് ലാബ് വികസനത്തിനായി വലിയ തുക ചെലവഴിക്കുന്നതും ശ്രദ്ധേയമാണ്. എങ്കിലും എഐ മനുഷ്യ സിഇഒമാരെ പൂർണമായി മാറ്റിസ്ഥാപിക്കുന്ന സാഹചര്യം ഉടൻ ഉണ്ടാകില്ല എന്നാണ് വിലയിരുത്തൽ. മനുഷ്യ നേതൃത്വത്തിന്റെ നിർണായക ഘടകങ്ങളായ ദീർഘദർശിത്വം, വിശ്വാസം, തീരുമാനമെടുക്കൽ എന്നിവയിൽ എഐക്ക് ഇപ്പോഴും പരിമിതികളുണ്ട്. എന്നാൽ ഭാവിയിൽ സിഇഒമാരുടെ ജോലി രീതിയെ എഐ വലിയ തോതിൽ മാറ്റിമറിക്കുമെന്ന കാര്യം ഉറപ്പാണ്.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സ്റ്റോപ്പ് ദി എഐ റേസ് മുദ്രാവാക്യമുയർത്തി പ്രതിഷേധം; പ്രമുഖ എഐ കമ്പനികളുടെ ഓഫീസുകളിലേക്ക് മാർച്ച്
വരുന്നൂ വൺപ്ലസ് നോർഡ് 6, കൂടെ മറ്റൊരു ഫോണ്‍ മോഡലും; സ്പെസിഫിക്കേഷനുകളും ഇന്ത്യയിലെ വിലയും ചോര്‍ന്നു