വൺപ്ലസ് തങ്ങളുടെ നോർഡ് നിരയിലെ അടുത്ത തലമുറ സ്മാർട്ട്ഫോണുകളായ നോർഡ് 6, നോർഡ് സിഇ 6 എന്നിവ പുറത്തിറക്കാൻ ഒരുങ്ങുന്നു. നോർഡ് 6-ൽ സ്‌നാപ്ഡ്രാഗൺ 8എസ് ജെൻ 4 പ്രോസസർ, 9,000 എംഎഎച്ച് ബാറ്ററി തുടങ്ങിയ മികച്ച ഫീച്ചറുകൾ പ്രതീക്ഷിക്കുന്നു.

ദില്ലി: വൺപ്ലസ് കമ്പനി നോർഡ് ലൈനപ്പിലെ അടുത്ത തലമുറ സ്‌മാര്‍ട്ട്‌ഫോണ്‍ മോഡലുകൾ പുറത്തിറങ്ങാൻ ഒരുങ്ങുന്നു. അടുത്തിടെ പുറത്തിറങ്ങിയ വൺപ്ലസ് 15ആര്‍-ന് പിന്നാലെ, കമ്പനി ഇപ്പോൾ വൺപ്ലസ് നോർഡ് 6 (OnePlus Nord 6), വൺപ്ലസ് നോർഡ് സിഇ 6 (OnePlus Nord CE 6) എന്നിവ അവതരിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ. ഇതിൽ വൺപ്ലസ് നോർഡ് സിഇ 6 കുറഞ്ഞ വിലയിൽ ലഭ്യമാകുന്ന മോഡൽ ആയിരിക്കും. അതേസമയം, മികച്ച ഫീച്ചറുകളാൽ നോർഡ് 6 ശ്രദ്ധ പിടിച്ചുപറ്റുമെന്ന് പ്രതീക്ഷിക്കുന്നു.

വൺപ്ലസ് നോർഡ് 6 പ്രത്യേകതകള്‍

ചോർന്ന വിവരങ്ങൾ അനുസരിച്ച്, വൺപ്ലസ് നോർഡ് 6 ഏപ്രിൽ 7-ഓടെ പുറത്തിറങ്ങാൻ സാധ്യതയുണ്ട്. എന്നാൽ ഈ തീയതി കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പുറത്തിറങ്ങിയ ശേഷം വൺപ്ലസിന്‍റെ ഔദ്യോഗിക വെബ്സൈറ്റിലും ആമസോൺ പോലുള്ള ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമുകളിലും ഓഫ്‌ലൈൻ സ്റ്റോറുകളിലും വൺപ്ലസ് നോർഡ് 6 ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.

സ്പെസിഫിക്കേഷനുകൾ പരിശോധിക്കുമ്പോൾ, നോർഡ് 6-ൽ 6.78 ഇഞ്ച് വലുപ്പമുള്ള അമോലെഡ് ഡിസ്പ്ലേ ലഭിക്കുമെന്നാണ് സൂചന. 1.5കെ റെസല്യൂഷനും 165 ഹെര്‍ട്‌സ് റിഫ്രെഷ് റേറ്റും നൽകുമെന്നതാണ് പ്രധാന പ്രത്യേകത. മുൻ മോഡലുകളേക്കാൾ വലിയ അപ്‌ഗ്രേഡ് തന്നെയായിരിക്കും ഇത്. പെർഫോമൻസിനായി ഈ വൺപ്ലസ് ഫോണിൽ ക്വാൽക്കം സ്‍നാപ്‍ഡ്രാഗൺ 8എസ് ജെന്‍ 4 പ്രോസസറാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ 12 ജിബി വരെ LPDDR5X റാമും 256 ജിബി വരെ യുഎഫ്‌എസ് 4.1 സ്റ്റോറേജും ലഭ്യമായിരിക്കും. ഇത് ഫ്ലാഗ്ഷിപ്പ് ലെവൽ പ്രകടനം നൽകുമെന്ന് കരുതപ്പെടുന്നു. നോര്‍ഡ് 6-ല്‍ വിഭാഗത്തിൽ 9,000 എംഎഎച്ച് എന്ന വമ്പൻ ശേഷിയുള്ള വലിയ ബാറ്ററി നൽകുമെന്നാണ് റിപ്പോർട്ടുകൾ. 80 വാട്‌സ് ഫാസ്റ്റ് ചാർജിംഗും റിവേഴ്‌സ് വയർഡ് ചാർജിംഗും ഇതിനുണ്ടാകുമെന്ന് പറയപ്പെടുന്നു. എങ്കിലും, ഇത്രയും വലിയ ബാറ്ററി ഒരു സ്ലിം ഫോണിൽ ഉൾപ്പെടുത്തുന്നത് യാഥാർഥ്യമാകുമോ എന്നത് സംശയമാണ്.

വൺപ്ലസ് നോർഡ് 6 വില

വണ്‍പ്ലസ് നോര്‍ഡ് 6-ന്‍റെ ക്യാമറയിൽ 50എംപി പ്രധാന സെൻസറും 8എംപി അൾട്രാവൈഡ് ലെൻസും ഉൾപ്പെടുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. സെൽഫികൾക്കായി 32എംപി ഫ്രണ്ട് ക്യാമറയുമുണ്ടായേക്കും. കൂടാതെ ഐപി68/ഐപി69 റേറ്റിംഗോടുകൂടിയ വാട്ടർ, ഡസ്റ്റ് റെസിസ്റ്റൻസ് സവിശേഷതകളും ഉണ്ടാകാം. വൺപ്ലസ് നോർഡ് 6-ന് ഇന്ത്യയിൽ 34,999 രൂപ മുതൽ 40,000 രൂപ വരെയായിരിക്കും വില എന്നാണ് പ്രതീക്ഷ. കറുപ്പ്, മിന്‍റ്, സിൽവർ നിറങ്ങളിൽ ഫോൺ ലഭ്യമാകുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇവയെല്ലാം ഇപ്പോൾ പുറത്തുവന്ന ലീക്കുകളാണ് എന്നതിനാൽ, വണ്‍പ്ലസ് കമ്പനിയുടെ ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കേണ്ടതുണ്ട്.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming