കുഞ്ഞിനെ മുലയൂട്ടുന്ന എട്ടുകാലികളെ കണ്ടെത്തി

By Web TeamFirst Published Dec 9, 2018, 6:28 PM IST
Highlights

ടോക്‌സ്യൂസ് മാഗ്‌നസ്  എട്ടുകാലി വിഭാഗത്തിലെ കുഞ്ഞുങ്ങള്‍ വളര്‍ച്ചയുടെ ഒരു ഘട്ടം വരെ ആഹാരം ഒന്നും കഴിക്കുന്നില്ലെന്ന് നേരത്തെ നിരീക്ഷിക്കപ്പെട്ട വസ്തുതയാണ്.

ന്യൂയോര്‍ക്ക്: കുഞ്ഞിനെ മുലയൂട്ടുന്ന അനവധി ജീവിവര്‍ഗങ്ങളെ അറിയാം, എങ്കില്‍ അവരുടെ കൂട്ടത്തില്‍ ചേര്‍ക്കാന്‍ ഒരു എട്ടുകാലി വര്‍ഗം കൂടി. ടോക്‌സ്യൂസ് മാഗ്‌നസ് എന്ന് അറിയപ്പെടുന്ന എട്ടുകാലികളാണ് കുഞ്ഞിനെ മുലയൂട്ടുന്നത്. സസ്തനികളില്‍ മാത്രമാണ് പാലുത്പാദനം നടക്കുക എന്ന ശാസ്ത്രീയ ധാരണയില്‍ കൂടി മാറ്റം വരുത്തുന്നതാണ് പുതിയ കണ്ടെത്തല്‍.

ടോക്‌സ്യൂസ് മാഗ്‌നസ്  എട്ടുകാലി വിഭാഗത്തിലെ കുഞ്ഞുങ്ങള്‍ വളര്‍ച്ചയുടെ ഒരു ഘട്ടം വരെ ആഹാരം ഒന്നും കഴിക്കുന്നില്ലെന്ന് നേരത്തെ നിരീക്ഷിക്കപ്പെട്ട വസ്തുതയാണ്. എങ്കിലും പോഷകങ്ങള്‍ എല്ലാം ലഭിക്കുന്ന രീതിയില്‍ ഇവയുടെ ശരീരം വളരുന്നത് ഒരു ശാസ്ത്ര കൗതുകമായിരുന്നു. ഈ ഘട്ടത്തിലാണ് ഇതിന്റെ ചുരുളഴിക്കാന്‍ ഗവേഷകര്‍ രംഗത്തിറങ്ങിയത്. ചൈനീസ് അക്കാദമി ഓഫ് സയന്‍സിലെ ഒരു കൂട്ടം ശാസ്ത്രജ്ഞരാണ് പഠനത്തിന് പിന്നില്‍.

ടോക്‌സ്യൂസ് മാഗ്‌നസ് എട്ടുകാലിക്കുഞ്ഞുങ്ങള്‍ തങ്ങളുടെ യഥാര്‍ഥ ശരീര വലുപ്പത്തിന്‍റെ പകുതി വലുപ്പം മുട്ടവിരിഞ്ഞ് ഇരുപത് ദിവസത്തിനുള്ളില്‍ കൈവരിക്കുന്നുണ്ട്. എട്ടുകാലിക്കുഞ്ഞ് അമ്മയുടെ വയറില്‍ തൂങ്ങിക്കിടക്കുന്നത് ഇവരുടെ കണ്ണില്‍പ്പെട്ടു. അമ്മ എട്ടുകാലികള്‍ കുഞ്ഞുങ്ങള്‍ക്കായി ശരീരത്തില്‍ നിന്ന് എന്തോ ഒരു സ്രവംപുറപ്പെടുവിക്കുന്നതായി ഇവര്‍ക്കു മനസിലായി. 

അമ്മയുടെ ഉദരഭാഗത്തു നിന്ന് തുള്ളിതുള്ളിയായി ഊറിവരുന്ന ദ്രാവകം നുണയുകയാണ് കുഞ്ഞുങ്ങള്‍. നാല്‍പ്പത് ദിവസം പ്രായമാകുന്നതു വരെ കുഞ്ഞുങ്ങള്‍ ഈ പാല് കുടിക്കുന്നു. അമ്മയുടെ പാല്‍ കിട്ടാതെ വരുന്ന എട്ടുകാലിക്കുഞ്ഞുങ്ങള്‍ ജീവന്‍ നിലനിര്‍ത്താന്‍ പാടുപെടുകയും അവ ചത്തുപോകുന്നതായും അവര്‍ കണ്ടെത്തി.

അതേ സമയം ഇതിന്‍റെ സാമ്പിള്‍ ശേഖരിച്ച് പരിശോധിച്ചപ്പോള്‍  സസ്തനികള്‍ ഉല്‍പാദിപ്പിക്കുന്ന പാലുപോലെ തന്നെ തോന്നുന്നുണ്ട്. ഒപ്പം ഇതിന്‍റെ പോഷക ഗുണവും ഏറെ നല്ലതാണ്.  എന്നാല്‍ എങ്ങനെയാണ് ഈ എട്ടുകാലികളില്‍ പാലുല്‍പാദനം നടക്കുന്നതെന്നു കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. തങ്ങളുടെ അണ്‍ഫെര്‍ട്ടിലൈസ്ഡ് മുട്ടകള്‍ കൊണ്ട് കുഞ്ഞുങ്ങളെ ഊട്ടുന്ന പലതരം ജീവികളുണ്ട്. ആ പാല്‍ അങ്ങിനെ ഉണ്ടാകുന്നതാണോ എന്ന സംശയവും ശാസ്ത്രജ്ഞന്മാര്‍ പങ്കുവയ്ക്കുന്നുണ്ട്.

click me!