
കാലിഫോര്‍ണിയ: ലോകമെമ്പാടുമുള്ള ടെക് കമ്പനികൾ ജീവനക്കാരെ പിരിച്ചുവിടുന്നത് തുടരുന്നു. ഫേസ്ബുക്കിന്‍റെ മാതൃ കമ്പനിയായ മെറ്റ വീണ്ടും ജീവനക്കാരുടെ എണ്ണം കുറയ്ക്കാൻ പോകുന്നതാണ് പുതിയ വാര്‍ത്ത. മെറ്റ സൂപ്പർ ഇന്‍റലിജൻസ് ലാബ്‍സിൽ ഏകദേശം 600 തസ്‍തികകൾ വെട്ടിക്കുറയ്ക്കുന്നതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. സ്കെയിൽ എഐയിലെ മെറ്റയുടെ 14.3 ബില്യൺ ഡോളർ നിക്ഷേപത്തിന്‍റെ ഭാഗമായി ജൂണിൽ നിയമിതനായ ചീഫ് എഐ ഓഫീസർ അലക്‌സാണ്ടർ വാങ് അയച്ച മെമ്മോയിലാണ് കമ്പനി വെട്ടിച്ചുരുക്കല്‍ പ്രഖ്യാപിച്ചത്. മെറ്റയുടെ എഐ ഇൻഫ്രാസ്‌ട്രെക്‌ചര്‍ യൂണിറ്റുകളിലെയും ഫണ്ടമെന്‍റല്‍ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് റിസർച്ച് യൂണിറ്റിലെയും (എഫ്എഐആർ) മറ്റ് ഉൽപ്പന്ന സംബന്ധിയായ തസ്‍തികകളിലെയും തൊഴിലാളികളെ ഈ തീരുമാനം ബാധിക്കും.
ഒരുവശത്ത് ജോലിക്ക് ആളുകളെ മെറ്റ വാശിയോടെ എടുക്കുമ്പോഴാണ് മറുവശത്ത് പിരിച്ചുവിടല്‍ നടക്കുന്നത്. അതേസമയം, ഈ വർഷം ആദ്യം നിയമിച്ച നിരവധി ഉന്നത എഐ വിദഗ്‌ധർ ഉൾപ്പെടുന്ന ഒരു പുതിയ വിഭാഗമായ ടിബിഡി ലാബ്‌സിലെ ജീവനക്കാരെ പിരിച്ചുവിടലുകൾ ബാധിക്കില്ല. മെറ്റയ്ക്കുള്ളിൽ എഐ വിഭാഗം വീർപ്പുമുട്ടുകയായിരുന്നുവെന്ന് ഈ വിഷയവുമായി പരിചയമുള്ള ആളുകളെ ഉദ്ദരിച്ച് സിഎൻബിസി റിപ്പോർട്ട് ചെയ്യുന്നു. ഫേസ്ബുക്ക്, ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് റിസർച്ച് (FAIR) പോലുള്ള ടീമുകൾക്ക് പലപ്പോഴും പ്രൊഡക്‌ടി ടീമുകളുമായി മത്സരിക്കേണ്ടിവരുന്നു എന്നാണ് സൂചന.
സൂപ്പർ ഇന്‍റലിജൻസിൽ ഒരു പ്രധാന നിക്ഷേപത്തിന് തയ്യാറെടുക്കുന്നു
സൂപ്പർ ഇന്‍റലിജൻസിനായി നിരവധി വലിയ എഐ ഡാറ്റാ സെന്‍ററുകൾ നിർമ്മിക്കാൻ കമ്പനി നൂറുകണക്കിന് ബില്യൺ ഡോളർ ചെലവഴിക്കുമെന്ന് മെറ്റ സിഇഒ മാർക്ക് സക്കർബർഗ് ജൂലൈയിൽ പറഞ്ഞിരുന്നു. 2013-ൽ ഫേസ്ബുക്ക് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് റിസർച്ച് ആരംഭിച്ചതോടെയാണ് മെറ്റ എഐയിൽ നിക്ഷേപം ആരംഭിച്ചത്. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിൽ ആഴത്തിലുള്ള പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ഒരു ആഗോള ഗവേഷണ ശൃംഖല സൃഷ്‍ടിച്ച പ്രമുഖ എഐ ഗവേഷകനായ യാൻ ലെകൺ ആയിരുന്നു ഈ സംരംഭത്തിന് നേതൃത്വം നൽകിയത്.
അതേസമയം, 600-ലധികം ജീവനക്കാരെ മെറ്റ പുറത്താക്കാനുള്ള തീരുമാനം സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധത്തിന് ഇടയാക്കി. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് മേഖലയിലെ ജോലികൾ പോലും ഇനി സുരക്ഷിതമല്ലെന്ന് പലരും അഭിപ്രായപ്പെട്ടു. വെരിഫൈഡ് പ്രൊഫഷണലുകൾക്കായുള്ള കമ്മ്യൂണിറ്റിയായ ബ്ലൈൻഡിൽ മെറ്റയിലെ പിരിച്ചുവിടലുകളെക്കുറിച്ചുള്ള വാർത്ത തൊഴിൽ സുരക്ഷയെക്കുറിച്ചുള്ള വലിയ ചർച്ചയ്ക്ക് തുടക്കമിട്ടു.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam