
ഭൂമിയിലെ കൊതുകുകളില്ലാത്ത ചുരുക്കം ചില സ്ഥലങ്ങളിൽ ഒന്നായി അറിയപ്പെട്ടിരുന്ന ഐസ്‌ലാൻഡിലും കൊതുകുകളെത്തി. ദ്വീപ് രാഷ്ട്രമായ ഐസ്‌ലാൻഡിന് ആദ്യമായി കൊതുകുകളുടെ സാന്നിധ്യം സ്ഥിരീകരിച്ചു. താപനില വർധിക്കുന്നതിലാണ് ദ്വീപ് രാജ്യത്തിൽ കൊതുകുകൾ എത്തിയത്. ഈ മാസം ആദ്യം പ്രാണികളെക്കുറിച്ച് പഠിക്കുന്ന ബിർൺ ഹാൽറ്റാസൺ ആണ് കൊതുകുകളെ കണ്ടെത്തിയത്. റെയ്ക്ജാവിക്കിന്റെ വടക്കുപടിഞ്ഞാറുള്ള ജോസിന്റെ ഹിമപാത താഴ്‌വരയിൽ നിശാശലഭങ്ങളെ നിരീക്ഷിക്കുന്നതിനിടെയാണ് അദ്ദേഹം കൊതുകുകളെ കണ്ടത്. റെഡ് വൈൻ റിബണിൽ ഒരു വിചിത്രമായ ഈച്ച എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
ഇത് ഞാൻ മുമ്പ് കണ്ടിട്ടില്ലാത്ത ഒന്നാണെന്ന് അപ്പോൾ തന്നെ മനസ്സിലായെന്ന് ഐസ്‌ലാൻഡിക് ദിനപത്രമായ മോർഗൺബ്ലാഡിഡിനോട് ഹാൽറ്റാസൺ പറഞ്ഞു. കൊതുകുകൾ പ്രവേശിക്കാത്ത അവസാന കോട്ടയും വീണതായി തോന്നുന്നുവെന്നും അദ്ദേഹം തമാശയോടെ പറഞ്ഞു. ഇദ്ദേഹം മൂന്ന് മാതൃകകൾ ശേഖരിക്കുകയും രണ്ട് പെൺ കൊതുകുകളും ഒരു ആൺകൊതുകിന്റെയും പരിശോധനയ്ക്കായി ഐസ്‌ലാൻഡിക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാച്ചുറൽ ഹിസ്റ്ററിയിലേക്ക് അയച്ചു. യൂറോപ്പിലെയും വടക്കേ ആഫ്രിക്കയിലെയും ചില ഭാഗങ്ങളിൽ കാണപ്പെടുന്ന തണുപ്പിനെ പ്രതിരോധിക്കുന്ന കൊതുക് ഇനമായ കുലിസെറ്റ ആനുലാറ്റയാണ് ഇവയെന്ന് കീടശാസ്ത്രജ്ഞൻ മത്തിയാസ് ആൽഫ്രഡ്സൺ സ്ഥിരീകരിച്ചു.
നിശാശലഭങ്ങളെ ആകർഷിക്കാൻ വേണ്ടി നിർമ്മിച്ച വൈൻ കയറുകളിൽ നിന്നാണ് ഇവയെ കിട്ടിയതെന്ന് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. ശീതകാലത്ത് വീടിനുള്ളിൽ കളപ്പുരകളിലോ അല്ലെങ്കിൽ മറ്റ് ചൂടുള്ള ഇടങ്ങളിലോ അഭയം തേടി കുലിസെറ്റ ആനുലാറ്റയ്ക്ക് ഐസ്‌ലാൻഡിക് സാഹചര്യങ്ങളെ അതിജീവിക്കാൻ കഴിയുമെന്നും വിദഗ്ധർ പറയുന്നു. ഈ മാസം വരെ, ഭൂമിയിൽ കൊതുകുകളില്ലാത്ത രണ്ട് സ്ഥലങ്ങൾ മാത്രമായിരുന്നു ഐസ്‌ലൻഡും അന്റാർട്ടിക്കയും. ഗ്രഹത്തിലെ ഏറ്റവും തണുപ്പുള്ള ചില പ്രദേശങ്ങളിൽ പോലും വളരുന്ന പ്രാണികൾക്ക് അവിടെ സ്ഥിരതാമസമാക്കാൻ കഴിയാത്തത് എന്തുകൊണ്ടാണെന്ന് ശാസ്ത്രജ്ഞർ വളരെക്കാലമായി ചിന്തിച്ചിരുന്നു.
ഐസ്‌ലാൻഡിന്റെ കൊതുക് രഹിത പദവിക്ക് കാരണം മഞ്ഞുരുകൽ ചക്രമാണെന്ന് ഗവേഷകർ പറയുന്നു. കൊതുകുകളുടെ പ്രജനനത്തെ തടസ്സപ്പെടുത്തുന്ന കാലാവസ്ഥ പ്രതിഭാസമായതിനാൽ അതിജീവിക്കാനാവില്ല. ഐസ്‌ലാൻഡ് വേഗത്തിൽ ചൂടാകുന്നുവെന്നും പഠനങ്ങൾ പറയുന്നു. വടക്കൻ അർദ്ധഗോളത്തിലെ ശരാശരിയേക്കാൾ നാലിരട്ടി വേഗത്തിലാണ് ഐസ്‌ലാൻഡിന്റെ താപനില ഉയരുന്നത്. ഈ വസന്തകാലത്ത് രാജ്യത്ത് റെക്കോർഡ് ചൂട് അനുഭവപ്പെട്ടു. എഗിൽസ്റ്റാഡിർ വിമാനത്താവളത്തിൽ താപനില 26.6 ഡിഗ്രി സെൽഷ്യസിലെത്തി. മെയ് മാസത്തിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനിലയാണിത്. ഐസ്‌ലാൻഡിക് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചതനുസരിച്ച്, രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ തുടർച്ചയായി പത്ത് ദിവസം 20 ഡിഗ്രി സെൽഷ്യസിനു മുകളിൽ താപനില അനുഭവപ്പെട്ടു.