മൈക്രോസോഫ്റ്റില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍, 9000 ജീവനക്കാരെ കൂടി പുറത്താക്കുന്നു

Published : Jul 03, 2025, 09:59 AM ISTUpdated : Jul 03, 2025, 10:04 AM IST
Microsoft Layoffs

Synopsis

മൈക്രോസോഫ്റ്റില്‍ കൂട്ടപ്പിരിച്ചുവിടല്‍ തുടരുന്നു, നാല് ശതമാനം പേരെ ഒഴിവാക്കുന്നതായി പുതിയ വിവരം

വാഷിംഗ്‌ടണ്‍: അമേരിക്കന്‍ ടെക് ഭീമനായ മൈക്രോസോഫ്റ്റ് വീണ്ടും പിരിച്ചുവിടല്‍ നടത്തുന്നു. നാല് ശതമാനം ജീവനക്കാരെ പിരിച്ചുവിടാനാണ് മൈക്രോസോഫ്റ്റിന്‍റെ പുതിയ നീക്കമെന്ന് രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് മേഖലയില്‍ കമ്പനി വലിയ നിക്ഷേപം നടത്തുന്നതിനിടെയാണ് മൈക്രോസോഫ്റ്റ് കൂട്ടപ്പിരിച്ചുവിടല്‍ തുടരുന്നത്. 9,000-ത്തോളം ജീവനക്കാരെ പിരിച്ചുവിടല്‍ പ്രതികൂലമായി ബാധിക്കും.

ലോകത്തെ ഏറ്റവും വലിയ ടെക് കമ്പനികളിലൊന്നാണ് മൈക്രോസോഫ്റ്റ്. ലോകമെമ്പാടും 228,000 ജീവനക്കാര്‍ മൈക്രോസോഫ്റ്റിനുണ്ടെന്നാണ് 2024 ജൂണില്‍ പുറത്തുവന്ന കണക്ക്. ആറായിരത്തോളം ജീവനക്കാരെ ബാധിക്കുന്ന പിരിച്ചുവിടല്‍ കഴിഞ്ഞ മെയ് മാസം മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചിരുന്നു. സെയില്‍സ് വിഭാഗത്തിലാണ് ഇത് കൂടുതലായി ബാധിക്കുകയെന്നും ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെ അടുത്ത പിരിച്ചുവിടലിന് മൈക്രോസോഫ്റ്റ് തയ്യാറെടുക്കുകയാണ്. പുതിയ ലേഓഫ് 9,000-ത്തോളം മൈക്രോസോഫ്റ്റ് ജീവനക്കാരെ ബാധിക്കും. മൈക്രോസോഫ്റ്റിന്‍റെ ഗെയിം ഡിവിഷനില്‍ ഉള്‍പ്പടെ ഈ പിരിച്ചുവിടലുണ്ടാകും. മൈക്രോസോഫ്റ്റിന് കീഴിലുള്ള കാന്‍ഡി ക്രഷ് ഗെയിം നിര്‍മ്മാതാക്കളായ ബാഴ്‌സലോണ ആസ്ഥാനമായുള്ള കിംഗ് ഡിവിഷനില്‍ 200 പേര്‍ക്കെങ്കിലും തൊഴില്‍ നഷ്ടമാകുമെന്നാണ് സൂചന. കമ്പനിയുടെ പുനഃസംഘടനയുടെ ഭാഗമായാണ് ഈ പിരിച്ചുവിടലുകളെല്ലാം എന്നാണ് മൈക്രോസോഫ്റ്റിന്‍റെ വാദം.

ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സില്‍ കോടികളുടെ നിക്ഷേപം കമ്പനി നടത്തുന്നതിനിടയില്‍ കൂടിയാണ് ഈ ലേഓഫുകള്‍ നടക്കുന്നത്. എഐ രംഗത്ത് നിക്ഷേപം നടത്തുന്ന മറ്റ് ടെക് ഭീമന്‍മാരായ മെറ്റയും ആമസോണും ഗൂഗിളും അടക്കമുള്ള കമ്പനികളും സമീപകാലത്ത് പിരിച്ചുവിടലുകള്‍ പ്രഖ്യാപിച്ചിരുന്നു. പ്രകടനം കുറവുള്ള അഞ്ച് ശതമാനം ജീവനക്കാരെ പിരിച്ചുവിടുമെന്ന് മെറ്റ ഈ വര്‍ഷാദ്യം പ്രഖ്യാപിച്ചിരുന്നു. ഗൂഗിള്‍ നൂറുകണക്കിന് ജീവനക്കാരെയാണ് 2024ല്‍ പറഞ്ഞുവിട്ടത്. ആമസോണ്‍ ആവട്ടെ ബിസിനസ് സെഗ്മെന്‍റിലും ബുക്ക് ഡിവിഷനിലുമടക്കം ലേഓഫ് നടപ്പാക്കി. ഉപകരണങ്ങളുടെ വിഭാഗത്തിലും സര്‍വീസ് യൂണിറ്റിലും കമ്മ്യൂണിക്കേഷന്‍ സ്റ്റാഫിലും പിരിച്ചുവിടലുകള്‍ നടത്തിയതിന് പുറമെയാണിത്.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഈ വർഷം പുറത്തിറങ്ങിയ 'തകർപ്പൻ' സ്മാർട്ട്ഫോണുകൾ!
എഐ മാസ്റ്ററാകണോ? വഴി തുറന്ന് ഓപ്പൺഎഐ! പുതിയ സർട്ടിഫിക്കേഷൻ കോഴ്‌സുകൾ ആരംഭിച്ചു