
ശക്തമായ പാസ്‌വേഡുകൾ സജ്ജീകരിക്കുന്നതില്‍ ആളുകള്‍ക്കുള്ള അശ്രദ്ധ തുറന്നുകാട്ടി പുതിയ സൈബർ സുരക്ഷാ റിപ്പോർട്ട്. സൈബർ സുരക്ഷയെക്കുറിച്ച് എണ്ണമറ്റ മുന്നറിയിപ്പുകൾ നൽകിയിട്ടും ഈ 2025-ലും ദശലക്ഷക്കണക്കിന് ആളുകൾ വളരെ ദുർബലമായ പാസ്‌വേഡുകൾ ഉപയോഗിക്കുന്നതായി സോഫ്റ്റ്‍വെയർ കമ്പനിയായ കമ്പാരിടെക്കിന്‍റെ പഠന റിപ്പോർട്ട് വെളിപ്പെടുത്തുന്നു. ഇപ്പോഴും ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പാസ്‌വേഡ് 123456 ആണെന്ന് പഠനം കണ്ടെത്തി. ചോർന്ന രണ്ട് ബില്യണിലധികം പാസ്‌വേഡുകൾ വിശകലനം ചെയ്യുന്ന ഈ റിപ്പോർട്ട്, അവയില്‍ ഏകദേശം 25 ശതമാനം പാസ്‌വേഡുകളും വെറും അക്കങ്ങൾ മാത്രം ഉപയോഗിച്ചുള്ളതാണെന്നും കണ്ടെത്തി.
ശക്തമായ പാസ്‍വേഡുകൾ ഉണ്ടാക്കുന്നതിനുള്ള ആളുകളുടെ മടിയാണ് അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെടാൻ കാരണമെന്ന് ഈ റിപ്പോർട്ട് വ്യക്തമാക്കുന്നു. കമ്പാരിടെക് റിപ്പോർട്ട് അനുസരിച്ച്, 2025-ൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിച്ച പാസ്‌വേഡ് 123456 ആയിരുന്നു. 76 ലക്ഷത്തിലധികം ആളുകൾ ഉപയോഗിച്ച പാസ്‌വേഡാണിത്. തൊട്ടുപിന്നാലെ 12345678, 123456789, അഡ്‍മിൻ തുടങ്ങിയ പാസ്‌വേഡുകളും ഉണ്ട്. ഡാർക്ക് വെബ്, ടെലിഗ്രാം ചാനലുകളിൽ നിന്ന് ശേഖരിച്ച ഏകദേശം രണ്ട് ബില്യൺ ചോർന്ന പാസ്‌വേഡുകളിൽ നിന്നുള്ള ഡാറ്റ കമ്പാരിടെക്ക് വിശകലനം ചെയ്തു. അക്കൗണ്ടുകളിലേക്ക് ആക്‌സസ് ചെയ്യാൻ ഹാക്കർമാർ ആദ്യം പരീക്ഷിക്കുന്ന പാസ്‌വേഡുകളില്‍ ഇവ പെടും.
ഇന്ത്യ@123ക്ക് 53-ാം സ്ഥാനം
ലോകത്തെ 1,000 പാസ്‌വേഡുകൾ പരിശോധിച്ചാൽ അതിൽ 25 ശതമാനവും അക്കങ്ങൾ മാത്രം ഉൾക്കൊള്ളുന്നതാണെന്ന് റിപ്പോർട്ട് പറയുന്നു. ഇതിൽ ഏകദേശം 38 ശതമാനം എണ്ണത്തിൽ "123" എന്ന അക്കങ്ങൾ അടങ്ങിയിരിക്കുന്നു. 'India@123' എന്ന അതീവ ദുര്‍ബലമായ പാസ്‌വേഡ് ഒരു പ്രധാന ആശങ്കയായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ഏറ്റവും സാധാരണമായ 100 പാസ്‌വേഡുകളുടെ പട്ടികയിൽ ഈ ലളിതമായ പാസ്‌വേഡ് 53-ാം സ്ഥാനത്താണ്. ഇത് ഇന്ത്യൻ ഉപയോക്താക്കളുടെ മോശം സൈബര്‍ സുരക്ഷാ സമീപനത്തെ കാണിക്കുന്നു.
ലളിതമായ പാസ്‍വേഡുകൾ കാരണം നിങ്ങളുടെ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെടാൻ സാധ്യത വളരെക്കൂടുതൽ ആണ്. അതുകൊണ്ടുതന്നെ ശക്തമായ പാസ്‌വേഡുകൾ സൃഷ്‍ടിക്കാൻ സുരക്ഷാ വിദഗ്‌ധർ ഉപദേശിക്കുന്നു. മികച്ച പാസ്‍വേഡുകൾക്കായി താഴെപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക…
1. പാസ്‌വേഡുകൾക്ക് കുറഞ്ഞത് 12 ക്യാരക്‌ടറുകളെങ്കിലും ദൈര്‍ഘ്യം ഉണ്ടായിരിക്കണം.
2. പാസ്‌വേഡില്‍ വലിയ അക്ഷരങ്ങൾ, ചെറിയ അക്ഷരങ്ങൾ, അക്കങ്ങൾ, ചിഹ്നങ്ങൾ എന്നിവയുടെ സംയോജനം ഉപയോഗിക്കുക
3. കുടുംബാംഗങ്ങളുടെയോ വളർത്തുമൃഗങ്ങളുടെയോ പേരുകൾ, അല്ലെങ്കിൽ സാങ്കൽപ്പിക കഥാപാത്രങ്ങളുടെ പേരുകള്‍ തുടങ്ങിയ ഒരിക്കലും പാസ്‌വേഡുകളായി ഉപയോഗിക്കരുത്.
4. ഹാക്കർമാർ പാസ്‌വേഡ് ഹാക്ക് ചെയ്യുന്നത് ഒഴിവാക്കുന്നതിനായി, കൂടുതൽ സ്പെഷ്യല്‍ ക്യാരക്‌ടറുകളും അക്ഷരങ്ങളും അക്കങ്ങളും ഉള്ള സങ്കീർണ്ണമായ പാസ്‌വേഡുകൾ നിർമ്മിക്കുക.
5. നിങ്ങളുടെ പ്രിയപ്പെട്ട ആപ്പുകളിലേക്കും സേവനങ്ങളിലേക്കും സുരക്ഷിതമായി ലോഗിൻ ചെയ്യുന്നതിന് ടു-ഫാക്‌ടർ ഓതന്‍റിക്കേഷൻ (2FA) പ്രക്രിയ ആക്‌ടീവാക്കുക.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam